ജിദ്ദ: ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ പ്രവേശന നടപടികൾക്ക് തുടക്കമായി. പുതിയ അധ്യയന വർഷത്തേക്കായി ഇന്ന് മുതൽ സ്‌കൂൾ വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഈ മാസം 18 വരെ അപേക്ഷ സ്വീകരിക്കും. രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിൽ നടക്കുന്ന എൽ. കെ. ജി ക്‌ളാസുകളിലേക്കാണ് പൂർണമായ പ്രവേശനം. യു. കെ. ജി ക്‌ളാസുകളിൽ ഒഴിവ് വന്നേക്കാവുന്ന കുറഞ്ഞ സീറ്റിലേക്കുള്ള അപേക്ഷകൾ വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെടുത്തും.

എൽ.കെ.ജി ക്‌ളാസുകളിലേക്കുള്ള പ്രവേശന അപേക്ഷ സമർപ്പിച്ച കുട്ടികളുടെ നറുക്കെടുപ്പ് ഈ മാസം 25-ന് രാവിലെ 9.30 മുതൽ ഉച്ചക്ക് പന്ത്രണ്ട് മുപ്പതു വരെയും യു. കെ. ജി ക്‌ളാസുകളിലേക്കുള്ള വെയിറ്റിങ് ലിസ്റ്റ് നറുക്കെടുപ്പ് അന്ന് തന്നെ ഉച്ചക്ക് 1.30 മുതൽ 2.30 വരെയും ബോയ്‌സ് സ്‌കൂളിൽ നടക്കും.

അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പർ, കുട്ടിയുടെ പാസ്‌പോർട്ട് കോപ്പി, താമസ രേഖയുടെ കോപ്പി എന്നിവ സഹിതം രക്ഷിതാക്കളിൽ ഒരാൾ സ്‌കൂളിൽ ഹാജരാവണം. അഡ്‌മിഷൻ ലഭിക്കുന്ന കുട്ടിയുടെ രേഖകളുടെ അസ്സൽ പരിശോധനക്കായി പിന്നീട് സമർപ്പിക്കുകയും വേണം. നേരത്തെ അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്തവരും പുതുതായി അപേക്ഷ സമർപ്പിക്കണമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.