കൊച്ചി: അണ്ടർ-17 ലോകകപ്പിൽ കൊളംബിയക്ക് എതിരെ ഗോൾ നേടിയ ഇന്ത്യൻ താരം ജീക്‌സൺ സിങ് ബ്ലാസ്റ്റേഴ്‌സിൽ ചേർന്നു. ലോകകപ്പിൽ ഇന്ത്യയുടെ ഏക ഗോളിന് അവകാശിയായ താരം മണിപ്പുർ സ്വദേശിയാണ്. കൊളംബിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിലാണ് അണ്ടർ- 17 ലോകകപ്പിൽ ജീക്സൺ ഗോൾ നേടിയത്.മിഡ്ഫീൽഡറായ ജീക്‌സൺ മിനർവ പഞ്ചാബിന്റെ യൂത്ത് ടീമിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മിനർവയിൽ നിന്ന് വായ്പാ അടിസ്ഥാനത്തിൽ ഐ ലീഗ് ക്ലബ്ബായ ഇന്ത്യൻ ആരോസിലും കളിച്ചു.

ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന താരം പഞ്ചാബിൽ നിന്നുള്ള മിനർവയിൽ കളി തുടങ്ങുകയായിരുന്നു. നിലവിൽ താരം ഇന്ത്യൻ അണ്ടർ-19 ടീമിന്റെ കൂടെ സെർബിയയിലാണ്.ജീക്‌സൺ കൂടി എത്തുന്നതോടെ ബ്ലാസ്റ്റേഴ്‌സിൽ ഇടംപിടിച്ച അണ്ടർ-17 ലോകകപ്പ് താരങ്ങളുടെ എണ്ണം രണ്ടാകും. നേരത്തെ ഇന്ത്യൻ ഗോളി ധീരജ് സിങ്ങും ബ്ലാസ്റ്റേഴ്‌സിൽ ചേർന്നിരുന്നു. ധീരജായിരുന്നു കൊൽക്കത്തയ്ക്കെതിരായ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ വല കാത്തത്.