ദൃശ്യം, ആദി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ജിത്ത് ജോസഫ് ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ഇമ്രാൻ ഹഷ്മി, റിഷി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ജിത്തു തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്ക് വച്ചത്.

2013ൽ പുറത്തിറങ്ങിയ സ്പാനിഷ് സിനിമയായ ദി ബോഡിയുടെ റീമേക്കാണ് ചിത്രം. പൊലീസുകാരനായാണ് റിഷി കപൂർ ചിത്രത്തിൽ എത്തുന്നത്.ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒരു ചിത്രമാണ് ജിത്തു ഒരുക്കുന്നതെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. ഒരു കൊലപാതകവും അതിനുള്ളിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന നിഗൂഢതകളുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നതെന്നാണ് സൂചന.

പ്രണവ് മോഹൻലാലിനെ നായകനാക്കിയുള്ള ആദി എന്ന ചിത്രമായിരുന്നു ജിത്തു മലയാളത്തിൽ ഒടുവിലായി സംവിധാനം ചെയ്തിരുന്നത്.ബോളിവുഡ് ചിത്രത്തിനു ശേഷം മറ്റൊരു താരപുത്രനെ നായകനാക്കിയാണ് ജിത്തുവിന്റെ അടുത്ത മലയാള ചിത്രം വരുന്നത്. ജയറാമിന്റെ മകൻ കാളിദാസിനെ നായകനാക്കിയാണ് ജിത്തു അടുത്ത മലയാള ചിത്രം സംവിധാനം ചെയ്യുന്നത്.