തിരുവനന്തപുരം: കേരളത്തിന്റെ പെൺപെരുമയ്ക്ക് പൊൻതൂവലായി മറ്റൊരു നേട്ടം കൂടി സമ്മാനിക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം കൊച്ചുതുറ സ്വദേശിനി ജെനി ജെറോം.ഇന്ന് രാത്രി ഇന്നു രാത്രി 10.50 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം കേരളത്തിലെക്ക് എത്തുമ്പോൾ സംസ്ഥാനത്തെ തീരദേശമേഖലയ്ക്കും പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത കൊമേർഷ്യൽ പൈലറ്റാകൻ ഒരുങ്ങുകയാണ് ജെനി

എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു മോഹം തന്റെ രക്ഷിതാക്കളോട് ആദ്യമായി ജനി അവതരിപ്പിക്കുന്നത്.സ്വാഭാവികമായും നീ പെൺകുട്ടിയല്ലെ..പൈലറ്റാകാനോ എന്ന മറുപടി തന്നെയാണ് ലഭിച്ചത്. പക്ഷെ പിന്മാറാൻ ജെനി തയ്യാറായില്ല. ഒടുവിൽ ഡിഗ്രി കഴിഞ്ഞിട്ട് പോരെ എന്നായി അച്ഛൻ.ഈ സ്വപനം ജെനിക്കൊപ്പം വളർന്നു. അങ്ങിനെ ഷാർജ ഏവിയേഷൻ അക്കാദമിയിൽ സെലക്ഷൻ ലഭിക്കുകയും പഠനം പൂർത്തിയാക്കുകയും ചെയ്തു.

പഠനകാലയളവിൽ അപകടമുൾപ്പടെ നിരവധി പ്രതിസന്ധികൾ ജെനിത്തേടിയെത്തിയിരുന്നു. പക്ഷെ അതിനൊന്നും ജനിയുടെ സ്വപ്‌നങ്ങളെ കെടുത്താൻ സാധിച്ചില്ല. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എട്ടാം ക്ലാസിൽ കണ്ട തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ പോവുകയാണ് ജെനി എന്ന 23 കാരി.ജെനിയുടെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകിയതാകട്ടെ അച്ഛൻ ജെറോം തന്നെ.

ഇന്ന് രാത്രി 10. 50 ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനത്തിലെ സഹപൈലറ്റായാണ് ജെനി തന്റെ എട്ടാംക്ലാസ് മുതൽ കണ്ട സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നത്.കന്നിപറക്കൽ തന്നെ സ്വന്തം നാട്ടിലേക്കായതിന്റെ സന്തോഷവും ജെനിക്കുണ്ട്. ജീവിത സാഹചര്യങ്ങളെ പടിക്കുപുറത്തു നിർത്തി ജീവിതസ്വപ്നം കൈപ്പിടിയിലൊതുക്കിയ പെണ്ണ്. സ്വപ്നങ്ങളുടെ വിഹായസിലേക്ക് വിമാനം പറത്തി നാടിനു തന്നെ അഭിമാനമാകുകയാണ് ജെനി ജെറോം.