- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിനിമ കണ്ടവർ നിർമ്മാതാവിന്റെ അക്കൗണ്ടിലേക്ക് 140 രൂപ ഇട്ടുകൊടുക്കുന്നു'; ഈ അനുഭവം ആവേശവും ഒപ്പം അതിശയവും; പ്രതികരണവുമായി സംവിധായകൻ ജിയോബേബി
തിരുവനന്തപുരം: മലയാളികളുടെ സിനിമാക്കാഴ്ച ശീലങ്ങളെ മാറ്റിമറിച്ച് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ രണ്ടാം വാരത്തിലേക്ക് കുതിക്കുമ്പോൾ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ ജിയോ ബേബി.സിനിമ കണ്ടവർ ചിത്രത്തിന്റെ ടിക്കറ്റിന്റെ വിലയായ 140 രൂപ സംവിധായകന്റെ അക്കൗണ്ടിലേക്ക് ഇട്ടു കൊടുക്കുന്നു. ഏതു സിനിമയും റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം അതിന്റെ പൈറേറ്റഡ് കോപ്പി നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഈ കാലത്താണ് സിനിമാചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ഈ അനുഭവമെന്ന് സംവിധായകൻ പറയുന്നു.
'പ്രേക്ഷകരുടെ ഇത്തരത്തിലുള്ള പ്രതികരണത്തിൽ ഞങ്ങളും ആവേശത്തിലാണ്. അവരുടെ സ്നേഹം കൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ആ സിനിമ അവരെ അത്രയധികം ഫീൽ ചെയ്യിപ്പിച്ചതുകൊണ്ടാണ് അവർ അങ്ങനെ പെരുമാറുന്നത്. എന്നാൽ, ഇത്തരത്തിൽ പണം അയയ്ക്കുന്നതിനെ ഞങ്ങൾ ഒരിക്കലും പ്രമോട്ട് ചെയ്യുന്നില്ല. എങ്കിലും, ആളുകളുടെ പ്രതികരണത്തിൽ സന്തോഷം തോന്നി. അതുകൊണ്ടാണ് അക്കാര്യം എല്ലാവരുമായി പങ്കുവച്ചത്. ഞാനൊരു സന്തോഷത്തിന്റെ പേരിൽ ഈ കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചപ്പോൾ അതിനു താഴെ പലരും കമന്റുകളിലൂടെയും ചാറ്റിലൂടെയും അക്കൗണ്ട് നമ്പർ ആവശ്യപ്പെട്ടു. കുറച്ചു പേർ പൈസ ഇടുകയും ചെയ്തു. സിനിമയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. സിനിമയ്ക്ക് പല ബിസിനസ് സാധ്യതകളുമുണ്ട്. അതിനാൽ ഇത്തരത്തിൽ പണമിടുന്നതിന് ഞാനൊരു തരത്തിലും പ്രമോട്ട് ചെയ്യുന്നില്ല. ഈ തരത്തിൽ പണം വാങ്ങാൻ ഉദ്ദേശിക്കുന്നുമില്ല,' സംവിധായകൻ പറയുന്നു
'ഒടിടി പ്ലാറ്റ്ഫോമിലെ സാങ്കേതിപ്രശ്നങ്ങൾ ഒരു പരിധി വരെ ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ഒരുപാട് പേർ ഒരുമിച്ചു കാണാൻ ശ്രമിക്കുമ്പോഴാണ് സാങ്കേതികപ്രശ്നങ്ങൾ ഉടലെടുത്തത്. ഒരു ലക്ഷം പേർക്കാണ് ആ പ്ലാറ്റ്ഫോമിൽ ഒരേ സമയത്ത് കാണാൻ കഴിയുന്നത്. അതിൽക്കൂടുതൽ പേർ കാണാനെത്തിയപ്പോഴാണ് തകരാർ സംഭവിച്ചത്. വാരാന്ത്യങ്ങളിലാണ് കൂടുതൽ പ്രശ്നം നേരിട്ടത്. ഈ സിനിമ വേറൊരു പ്ലാറ്റ്ഫോമിലും എടുക്കാനില്ലായിരുന്നു. ഇവർ മാത്രമാണ് സിനിമ എടുക്കാൻ തയ്യാറായത്. മറ്റുള്ളവർ എടുക്കാതിരുന്നതിന്റെ കാരണമൊന്നും അറിയില്ലെന്നും ജിയോ ബേബി പറഞ്ഞു.