'ധർമ്മപുരിയിൽ ശാന്തിഗ്രാമത്തിൽ പ്രജാപതിക്ക് തൂറാൻ മുട്ടി' എന്ന് തുടങ്ങുന്ന, ഒ.വി വിജയന്റെ ധർമ്മപുരാണം നോവൽ, കുട്ടിക്കാലത്ത് വായിച്ചതിന്റെ ഷോക്ക് ഇപ്പോഴും മനസ്സിലുള്ളവരാണ് ഈ ലേഖകനെപ്പോലുള്ളവർ. 'പെരുച്ചാഴിയെപ്പോലുള്ള ഒരു കണ്ടി വിട്ടുകൊണ്ട്' പ്രജാപതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും, അയാളെ തീട്ടക്കഷ്ണങ്ങൾക്കും സ്ഖലനാവശിഷ്ടങ്ങൾക്കും വേണ്ടി, ഭരണകക്ഷിയും പ്രതിപക്ഷവും ആർത്തുവിളിച്ച് നിൽക്കുന്നതുമെല്ലാം വായിച്ചപ്പോൾ ഉണ്ടായ അതേ ഞെട്ടലിന്റെ ഒരു ഭാഗം വർഷങ്ങൾക്ക് ശേഷം ഒരു മലയാള സിനിമയിൽനിന്ന് കിട്ടി. അതാണ് പ്ര തൂ മു അഥവാ 'പ്രജാപതിക്ക് തൂറാൻ മുട്ടിയെന്ന' ഫുൾഫോമിലുള്ള കൊച്ചു ചിത്രം.

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന വിഖ്യാത സിനിമയിലൂടെ മലയാളിക്ക് ശക്തമായ സാംസ്കാരിക വൈദ്യുതാഘാതം നൽകിയ ജിയോബേബിയുടെ നേതൃത്വത്തിൽ എടുത്ത 'സ്വാതന്ത്ര്യ സമരം' എന്ന ആന്തോളജി സിനിമയുടെ അവസാനത്തെ ചിത്രമാണ് പ്ര തൂ മു. അഞ്ചു സിനിമാഖണ്ഡങ്ങൾ ചേർത്തുവെച്ചുകൊണ്ടുള്ള 'സ്വാതന്ത്ര്യ സമരം' സിനിമയിൽ നാലും മികച്ചതുതന്നെയാണ്. സോണി ലിവ് എന്ന ഒടിടി പ്ലാറ്റ്ഫോമിലുള്ള ചിത്രം വെറുതെ കണ്ടുപോവാൻ മാത്രമുള്ളതല്ല.

സ്വാതന്ത്ര്യം എന്ന ഈ ഒറ്റ വാക്കിന് പിന്നിൽ മറഞ്ഞിരിക്കുന്ന ഒരുപാട് തലങ്ങളെ രണ്ടര മണിക്കൂറിൽ അനാവരണം ചെയ്യുകയാണ് ജിയോ ബേബിയും കൂട്ടരും. ഫ്രീഡം എന്ന മെയിൽ തീം അല്ലാതെ ഈ അഞ്ച് ചിത്രങ്ങളുടെ പ്രമേയങ്ങൾ തമ്മിൽ പരസ്പര സാമ്യവുമില്ല.

'ചുരളി' ഫെയിം തെറി നായിക പറയുമ്പോൾ

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ സ്ത്രീയുടെ ലൈംഗികതയും, ആർത്തവ അശുദ്ധിയുമൊക്കെ ബന്ധപ്പെടുത്തിയുള്ള ഒരുപാട് വിഷയങ്ങൾ കൈകാര്യം ചെയ്ത ജിയോ ബേബി ഇത്തവണയും അത്തരം എടുക്കാൻ മടിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.
സ്വന്തം വീട്ടുകാരിൽനിന്നും നാട്ടുകാരിൽനിന്നും സ്വതന്ത്ര്യം ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥപറയുന്ന 'ഗീതു അൺചെയിൻഡ്' എന്ന സിനിമയിലൂടെയാണ് ചിത്രം തുടങ്ങുന്നത്. രജിഷാ വിജയൻ മുഖ്യവേഷത്തിലെത്തിയ പടം സംവിധാനം ചെയ്തിരിക്കുന്നത് അഖിൽ അനിൽകുമാർ ആണ്. സറ്റയർ രൂപത്തിൽ ഒരു യുവതിയുടെ പ്രണയവും, ബ്രേക്കപ്പും, വിവാഹ ആചോചനകളുമായി ചിത്രം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്നു. കഥാന്ത്യത്തിൽ നായിക രജിഷ ചുരുളിമോഡൽ ഒറ്റത്തെറി ഡയലോഗുകൊണ്ട് സോ കോൾഡ് നായകനെ പ്ലിങ്ങാക്കുന്നുണ്ട്. ഇതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രണയം, വിവാഹം എന്നതിലൊക്കെയുള്ള പുരഷാധിപത്യത്തിനുനേർക്കുള്ള നടുവിരൽ നമസ്‌ക്കാരമാണ് ഈ ചിത്രം.

മൂത്രമൊഴിക്കാനോ, ഒന്ന് ഇരിക്കാനോ കഴിയാതെ പതിനൊന്നും, പന്ത്രണ്ടും മണിക്കൂർ ജോലിചെയ്യുന്ന സ്ത്രീകൾ, ഈ വിപ്ലവ തൊഴിലാളി വർഗ ഭരണമുള്ള കേരളത്തിലും ഉണ്ടായിരുന്നു. കോഴിക്കോട്ട് മിഠായി തെരുവിൽ വിജി പെൺകൂട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരം, ലോക ശ്രദ്ധതന്നെ പിടിച്ചുപറ്റിയിരുന്നു. ഇവിടുത്തെ ടെക്സ്റ്റെൽ ഷോപ്പുകളിൽ ടോയ്ലറ്റുകൾ ഇല്ലാത്തതിനാൽ, ഡ്രസ്സിങ്ങ് റൂമിൽപ്പോയി കുപ്പിയിൽ മൂത്രമൊഴിച്ച് അത് ബാഗിലാക്കി വീട്ടിലേക്ക് കൊണ്ടപോവേണ്ട സ്ത്രീകളുടെ അവസ്ഥ പറയുകയാണ് സ്വതന്ത്ര സമരത്തിലെ രണ്ടാമത്തെ ചിത്രം, 'അസംഘടിതർ'. കുഞ്ഞില മാസിലാമണി സംവിധാനം ചെയ്ത ചിത്രത്തിൽ നടി ശ്രിന്ദയാണ് മുഖ്യവേഷത്തിൽ എത്തുന്നത്. യഥാർഥ സംഭവത്തിലെ പോരാളി വിജി പെൺകുട്ടും ഈ ചിത്രത്തിൽ ഉടനീളം വേഷമിടന്നു. സമരത്തിൽ പ്രധാന പങ്കുവഹിച്ച അന്വേഷി നേതാവ് അജിതയും സ്‌ക്രീനിൽ വന്നുപോകുന്നു.

തൊഴിലാളികൾക്കുവേണ്ടി എന്ന് വീമ്പിളക്കുന്ന പ്രസ്ഥാനങ്ങളെയും വെള്ളാനകളാവുന്ന സർക്കാർ പദ്ധതികളേയും കണക്കറ്റ് പരിഹസിക്കുന്നുണ്ട് ചിത്രം. കെട്ടിഘോഷിച്ച് മിഠായി തെരുവിൽ തുടങ്ങിയ ആദ്യം ദിനം തന്നെ ഇ ടോയ്ലറ്റുതന്നെ ഉദാഹരണം. പക്ഷേ ഇടക്ക് കയറിവരുന്ന ഡോക്യുമെന്റി സ്വഭാവം ഈ ചിത്രത്തിന് കല്ലുകടിയാവുന്നുണ്ട്.

ജോജു ജോർജ് എന്ന അസാധ്യ നടൻ

അഞ്ചു ചിത്ര പരമ്പരയായ സ്വാതന്ത്ര്യ സമരത്തിൽ പാളിപ്പോയ ഏക ചിത്രം മൂന്നാമത്തെ ചിത്രമായ 'റേഷൻ ക്ലിപ്തവിഹിതം' എന്നതാണ്. എങ്കിലും ഇതിലും ഒരുപാട് ചിന്തിപ്പിക്കുന്ന ഘടകങ്ങളും തീഷ്ണമായ ഫ്രയിമുകളും ഉൾപ്പെടുത്താൻ സംവിധായകൻ ഫ്രാൻസിസ് ലൂയിസിന് കഴിഞ്ഞിട്ടുണ്ട്. തൊട്ട് അയൽവാസികളായ രണ്ട് കടുംബങ്ങളിലെ സാമ്പത്തിക അസമത്വങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

നെയ്മീൻപോലും ആർഭാടമായ അന്നന്നേക്കുള്ള വരുമാനം കൊണ്ട് ജീവിക്കുന്ന ഒരു കുടുംബവും, ഫ്രീസർ നിറഞ്ഞതിനാൽ തൊട്ടടുത്ത വീട്ടിലെ ഫ്രിഡ്ജിനെ ആശ്രയിക്കേണ്ടിവരുന്ന സമ്പന്നരായ അയൽവാസികളും. ഇവിടെ സ്വാതന്ത്ര്യസമരം എന്ന തീമിൽനിന്നും ചിത്രം അൽപ്പം മാറിപ്പോകുന്നുണ്ട്. കേരളത്തിലെ ഇടത്തരക്കാരുടെ ജീവിത സമരം എന്നേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ.

പക്ഷേ 'റേഷൻ' കണ്ടതിന്റെ ക്ഷീണം അടുത്ത ഗംഭീര ചിത്രം നികത്തും. അതാണ് ജിയോ ബേബി തന്നെ എഴുതി സംവിധാനം ചെയ്ത, 'ഓൾഡ് ഏജ് ഹോം' എന്ന ചിത്രം. എജ്ജാതി നടനാണ് ജോജു ജോർജ്. ഈ ചിത്രത്തിലെ പ്രകടനം ഒന്ന് കണ്ടുനോക്കണം. മറവിരോഗത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുന്ന ഷാജി എന്ന പെൻഷനറുടെ വേഷം അസാധ്യമായി ജോജു ചെയ്യുന്നുണ്ട്. അയാൾക്ക് അസുഖം വന്നതോടെ സ്വാതന്ത്ര്യം ഒന്നൊന്നായി നഷ്ടപ്പെടുകയാണ്. 'ഒരു ജിലേബി വാങ്ങിത്തരുമോ' എന്നൊക്കെ ചോദിച്ച് വേലക്കാരിയോട് കെഞ്ചുന്ന ജോജുവിന്റെ പ്രകടനം കണ്ണു നിറയിപ്പിക്കുന്നത് തന്നെയാണ്. ഷാജി ഭാര്യ ലാലിയാകട്ടെ സ്വാതന്ത്ര്യം തന്റേതായ രീതിയിൽ സ്വയം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.

ഇത്രയും കാലം ഞാൻ നിങ്ങൾക്ക്വേണ്ടി ജീവിച്ചു, ഇനിയെങ്കിലും താനിഷ്ടമുള്ളത് ചെയ്യട്ടെ എന്നാണ് അവർ പറയുന്നത്. ആ വീട്ടിലെ വേലക്കാരിയുടെ റോളിൽ, നടി രോഹിണിയും ശ്രദ്ധേയമായ പ്രകടനം കാഴചവെക്കുന്നുണ്ട്.

അധികാരം തലക്കുപിടിച്ചവരുടെ ഒരു തീട്ടക്കഥ

സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്ന തൊഴിലാളികളുടെ ജീവിത കഥ ഇന്നുവരെ ഒരു മലയാള സിനിമയിലും കണ്ടിട്ടില്ല. അതാണ് ഈ ചലച്ചിത്ര ഖണ്ഡത്തിലെ അവസാന ചിത്രമായ പ്ര തൂ മു അഥവാ പ്രജാപതിക്ക് തൂറാൻ മുട്ടി.

മന്ത്രിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനെത്തുന്ന തൊഴിലാളികളുടെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിനാധാരം. അടുത്ത നാലുമണിക്കൂർ നേരത്തേക്ക് ടോയ്ലറ്റ് ഉപയോഗിക്കരുത് എന്ന് പറഞ്ഞ് സെപ്റ്റിക്ക് ടാങ്ക് ക്ലീൻ ചെയ്യാൻ എത്തുന്ന തൊഴിലാളിയുടെ തലയിലേക്ക് തൂറുകയാണ് മന്ത്രി ചെയ്യുന്നത്. ഈ സിനിമാ പരമ്പരയിലെ ഏറ്റവും ഉജ്ജ്വലമായാ ചിത്രം എന്ന ക്രിഡിറ്റും, ജിതിൻ ഐസക്ക് സംവിധാനം ചെത്ത ഈ ചിത്രത്തിനാണ്. മന്ത്രിയായ സിദ്ധാർഥ് ശിവയും, തൊഴിലാളിയായി ഉണ്ണി ലാലുവും നന്നായി അഭിനയിച്ചിട്ടുണ്ട്. മലം എടുക്കുന്ന തൊഴിലാളികളെ നോക്കി മാതൃഭൂമിക്ക് അയക്കാമെന്ന് പറഞ്ഞ് ഒരു തീട്ടക്കവിത ചൊല്ലുന്ന സിദ്ധാർഥ് ശിവയുടെ ഭാവം മറക്കാനാവില്ല. അതുപോലെ ഉണ്ണിലാലുവിന്റെ രോഷവും. കണ്ണിൽനിന്ന് തീപാറുന്നപോലെ തോന്നും. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് എടുത്തത്ത് ചിത്രത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിനും മാറ്റുകൂട്ടുന്നു. ഇത്രയും ഷോക്കിങ്ങായ ഒരു രാഷ്ട്രീയ അനുഭവം അടുത്തകാലത്ത് ഉണ്ടായിട്ടില്ല.

രണ്ടര മണിക്കൂർ നീളുന്ന ഈ ചലച്ചിത്ര പരമ്പര പൂർത്തിയാവുമ്പോൾ ഒരു മിനി ഫിലിം ഫെസ്റ്റിവൽ അനുഭവമാണ് നമുക്ക് കിട്ടുക. ഈ ചിത്ര പരമ്പരിയിലെ വിമർശിക്കാവുന്ന ഒരു ഘടകമായി തോന്നിയത് ചിലപ്പേഴോക്കെ വരുന്ന ഡോക്യൂമെന്റി സ്വഭാവവും, ചിലയിടത്ത് വരുന്ന മന്ദതയും ബുജി സ്വഭാവവും അവഗണിക്കാവുന്നതേയുള്ളൂ. എന്ത് കുറ്റവും കുറവും ഉണ്ടെങ്കിലും ഇതുപോലെ ഒരു സാംസ്കാരിക വൈദ്യതാഘാതം നൽകിയ ജിയോബേബിയെയും കൂട്ടരെയും അഭിനന്ദിച്ചേ മതിയാവൂ. അതുപോലെ ജിയോബേബി ഒഴികെയുള്ള ഈ പടത്തിന്റെ സംവിധായകർ ആരും തന്നെ പ്രശസ്തരുമല്ല. അതുകൊണ്ടുതന്നെ ഭാവിയിൽ മലയാളത്തിന്റെ ഗതി നിർണ്ണയിക്കുന്ന ഒരുപാട് സംവിധായകരെ കൊണ്ടുവന്നു എന്ന രീതിയിൽ ഈ ചിത്രം അറിയപ്പെടുക.

വാൽക്കഷ്ണം: ഫോർ പ്ലേ എന്ന വാക്കിനുപോലും ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് വന്നത് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് ശേഷമാണത്രേ. ശ്രിന്ദയുടെ കഥാപാത്രം 'നിങ്ങൾ മൂത്രമൊഴിക്കുമ്പോൾ കഴുകാറില്ലേ' എന്ന് ഭർത്താവിനോട് ചോദിക്കുന്നതുതടക്കമുള്ള അസാധാരണമായ ചില ഡയലോഗുകളും ചിത്രത്തിലുണ്ട്. അതുപോലെ രജിഷയുടെ മാസ് ചുരുളി ഡയലോഗും ഇപ്പോൾ ഫേസബുക്കിൽ വൈറലാണ്. ജിയോ ബേബി മലയാളിയെ ഞെട്ടിച്ചുകൊണ്ടേയിരിക്കുന്നു എന്ന് ചുരുക്കം.