കൊച്ചി : ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയാണ് സാങ്കേതിക പിഴവുകളെ തുടർന്ന് പിൻവലിച്ചത്. ഹർജി തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പു നൽകിയതോടെയായിരുന്നു ഇത്. ജെസ്നയെ കാണാതായിട്ടു രണ്ടു വർഷമായെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ വേണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.

പൊലീസ് മേധാവി, മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി, ജെസ്നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുൻ എസ്‌പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ.ജി.സൈമൺ തുടങ്ങിയവരെ എതിർ കക്ഷികളാക്കിയായിരുന്നു കഴിഞ്ഞ ദിവസം ഹർജി സമർപ്പിച്ചത്. ചില ഉദ്യോഗസ്ഥരുടെ പേരിൽ ജെസ്നയെ കണ്ടെത്തി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചെങ്കിലും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

രണ്ട് വർഷം മുമ്പ് കാഞ്ഞിരപ്പള്ളിക്കടുത്ത് മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്‌ന മരിയ ജെയിംസ് മംഗലാപുരത്തെ ഒരു ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ കേസ് നേരത്തേ അന്വേഷിച്ചിരുന്ന മുൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്കും അടുത്ത കാലത്ത് കേസന്വേഷണം ഏറ്റെടുത്ത പത്തനംതിട്ട എസ്‌പി കെ.ജി സൈമണും അറിയാമായിരുന്നു എന്ന സൂചനയും പുറത്തു വന്നു. ജെസ്‌നയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് തച്ചങ്കരി വ്യക്തമാക്കിയിരുന്നു. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടന്നും തനിക്ക് ഇപ്പോൾ എല്ലാം തുറന്നു പറയാൻ പറ്റില്ലെന്നും കെ.ജി സൈമണും പറഞ്ഞിരുന്നു. 2020 ഡിസംബർ 31 ന് സൈമൺ സർവ്വീസിൽ നിന്നും വിരമിക്കുകയും ചെയ്തു.

2018 മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്ന് മുണ്ടക്കയത്തേക്കു പോയ ജെസ്‌നയെയാണ് പിന്നീട് കാണാതായത്. ആദ്യം ലോക്കൽ പൊലിസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ചിലയിടങ്ങളിൽ നിന്ന് ജെസ്നയെ കണ്ടെത്തിയെന്ന് പറഞ്ഞ് വീട്ടുകാർക്കും പൊലിസിനും ഫോൺ കോളുകൾ ലഭിച്ചുവെങ്കിലും ഫലമുണ്ടായില്ല. ആന്റിയുടെ വീട്ടിൽ പോകുകയാണെന്ന് അയൽവാസിയോട് പറഞ്ഞെങ്കിലും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായില്ല. മുണ്ടക്കയത്തേക്കുള്ള ബസിൽ ജെസ്‌നയെ കണ്ടെന്ന ചിലരുടെ മൊഴിയനുസരിച്ച് ഈ വഴിക്കുള്ള കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യത്തിൽ ശിവഗംഗ എന്ന ബസിൽ ജെസ്‌ന ഇരിക്കുന്നതിന്റെ ചിത്രം ബന്ധുക്കൾ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. എന്നാൽ അതിൽ നിന്നും പിന്നീട് കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.

കാഞ്ഞിരപ്പള്ളി ഡെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്‌ന അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു. അതിനാൽ അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതായ ദിവസം ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്ന് രാവിലെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് അയൽക്കാർ കണ്ടതാണ്. രാവിലെ ഒമ്പത് മണിയോടെ പിതാവ് ജെയിംസ് ഓഫീസിലേക്കും പിന്നീട് സഹോദരി ജെഫിമോളും സഹോദരൻ ജെയ്‌സും കോളേജിലേക്കും പോയി. ഇതിനുശേഷം ആന്റിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്‌ന സ്വന്തം വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ഒരു ഓട്ടോയിൽ കയറിയാണ് ജെസ്‌ന മുക്കൂട്ടുതറ ടൗണിൽ എത്തിയത്. തുടർന്ന് ബസിൽ കയറി എരുമേലിയിൽ എത്തി.

എന്നാൽ ഇതിനുശേഷം എന്തു സംഭവിച്ചുവെന്ന കാര്യത്തിൽ പൊലീസ് സംഘത്തിന് ഒരു വ്യക്തതയുമില്ലായിരുന്നു. മൊബൈൽ ഫോണോ പണമോ ഒന്നും എടുക്കാതെയാണ് ജെസ്‌ന വീട്ടിൽ നിന്ന് പോയത്. ഇതിനിടെ ജെസ്‌നയുടെ മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനുമായിരുന്നില്ല. ലോക്കൽ പൊലിസിന്റെ അന്വേഷണം അങ്ങനെ വഴി മുട്ടി നിൽക്കുമ്പോഴാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എന്നിട്ടും കേസന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഇതിനിടെയാണ് പെൺകുട്ടി മംഗലാപുരത്തെ ഒരു ഇസ്ലാമിക മത പഠന കേന്ദ്രത്തിലുണ്ടന്ന വാർത്തകൾ പുറത്തു വരുന്നതെന്ന് അമേരിക്കയിൽ നിന്നുള്ള പത്രം പറയുന്നു.