- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെസ്ന എങ്ങോട്ട് പോയി മറഞ്ഞെന്ന് അന്വേഷിക്കാൻ സിബിഐയ്ക്ക് സമ്മതം; കേന്ദ്ര ഏജൻസിയുടെ നിലപാട് അംഗീകരിച്ച് കേസ് കൈമാറി ഹൈക്കോടതിയും; സത്യം പുറത്തു വരുമെന്ന പ്രതീക്ഷയിൽ കുടുംബം
കൊച്ചി: ജെസ്ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു. കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ ഹൈക്കോടതിയിൽ നിലപാട് എടുത്തതിന് പിന്നാലെയാണ് ഉത്തരവ്. ജെസ്നയുടെ സഹോദരൻ ജയ്സ് ജോൺ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് കേസ് ഡയറി എത്രയും വേഗം സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സാധ്യമായ രീതിയിൽ അന്വേഷണം നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് നേരത്തെ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള പ്രതീക്ഷ അവസാനിച്ചുവെന്നും കേസ് ഏറ്റെടുക്കാൻ സിബിഐയ്ക്ക് നിർദ്ദേശം നൽകണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.
ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. ജെസ്‌ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ സാഹചര്യത്തിലാണ് പരാതിയെന്നും പിതാവ് പറഞ്ഞു. ജെസ്‌നയുടെ തിരോധാനത്തിനു പിന്നിലെ കാരണം കണ്ടെത്തിയതായി പൊലീസ് കഴിഞ്ഞിടയ്ക്ക് സൂചന നൽകിയിരുന്നു. ജെസ്‌ന തമിഴ്‌നാട്ടിലേക്കാണ് പോയതെന്നും ജീവിച്ചിരിപ്പുണ്ടെന്നുമുള്ള അനൗദ്യോഗിക വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ വർഷം മാർച്ചവസാനം ജെസ്‌നയെ സംബന്ധിച്ച് ചില വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനമായതിനാൽ അന്വേഷണത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നു.
തുടർന്ന് വിവരങ്ങൾ എത്രയും പെട്ടെന്ന് പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കേസ് അന്വേഷിച്ച എസ്‌പി കെ.ജി. സൈമൺ വിരമിച്ചത്. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന ജെസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയെങ്കിലും സാങ്കേതിക പിഴവുകളെ തുടർന്ന് പിൻവലിച്ചിരുന്നു. ഇതിനിടെ ജസ്റ്റിസ് വി.ഷെർസിയുടെ കാറിൽ ജെസ്‌നയുടെ നാട്ടുകാരൻ കരിഓയിൽ ഒഴിച്ചു. പ്ലക്കാർഡും ഉയർത്തി. ഹൈക്കോടതിയുടെ പ്രധാന കവാടത്തിനു മുന്നിലായിരുന്നു ഈ സംഭവം. കോട്ടയം എരുമേലി സ്വദേശി ആർ.രഘുനാഥൻ നായരുടെ പ്രതിഷേധവും വിവാദമായി.
പത്തനംതിട്ടയിൽനിന്നും കാണാതായ ജെസ്നയുടെ തിരോധനം കൊലപാതകം ആണെന്നും ഇതിനെകുറിച്ച് നൽകിയ പരാതികൾ പൊലീസ് അവഗണിച്ചു എന്നും ആരോപിച്ചാണ് കരി ഓയിൽ ഒഴിച്ചത് എന്നാണ് ഇയാൾ അറിയിച്ചിട്ടുള്ളത്. ഒരു ഓൺലൈൻ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ച ആളാണ് പ്രതിയെന്ന് ജെസ്‌നയുടെ പിതാവ് ജയിംസ് പ്രതികരിച്ചു. ഈ മാധ്യമത്തിന്റെ പ്രതിനിധിയെന്ന നിലയ്ക്ക് രഘുനാഥൻ നായർ കാണാൻ വന്നിരുന്നുവെന്നും ജെസ്‌നയുടെ പിതാവ് പറഞ്ഞിരുന്നു.
2018 മാർച്ച് 22നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടിൽ ജെസ്‌നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടിൽനിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്‌നയെ ആരും കണ്ടിട്ടില്ല.
ജെസ്‌നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നൽകി. വീട്ടിൽനിന്ന് പോകുമ്പോൾ ജെസ്‌ന മൊബൈൽ ഫോൺ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവു ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്. എന്നിട്ടും ഫലം ഉണ്ടായില്ല. ഈ കേസ് അന്വേഷിക്കാനാണ് സിബിഐ എത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ