- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെസ്ന സ്വന്തം താത്പര്യപ്രകാരമാണു വിദേശത്തേക്കു കടന്നതെന്നും രണ്ട് കുഞ്ഞുങ്ങളുടെ മാതാവായെന്നുമുള്ള അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണമില്ല; ഇസ്ലാമിക രാജ്യത്തേക്കുള്ള യാത്ര തിരിച്ചറിഞ്ഞത് വിമാന ടിക്കറ്റ് പരിശോധനയിൽ; മുക്കൂട്ടുതറയിലെ പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലേക്ക്; ജെസ്നയുള്ളത് സിറിയയിലോ?
കൊച്ചി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസിൽ സിബിഐ. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത് നിർണ്ണായക വിവരങ്ങൾ. ഇന്നലെ കോടതി പിരിയുന്നതിനു തൊട്ടുമുമ്പാണു മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറിയത്. അന്വേഷണപുരോഗതി റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടപ്രകാരമാണു നടപടി.
ജെസ്നയെ രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണു സിബിഐയുടെ നിഗമനം. വിമാന ടിക്കറ്റുകൾ പരിശോധിച്ചതിൽനിന്നാണ് ഇതുസംബന്ധിച്ച നിർണായകവിവരങ്ങൾ ലഭിച്ചത്. സംഭവം തീവ്രവാദപ്രവർത്തനത്തിന്റെ ഭാഗമല്ലെന്നും മനുഷ്യക്കടത്താണെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇസ്ലാമിക രാജ്യത്ത് ജെസ്‌നയുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ജെസ്ന സ്വന്തം താത്പര്യപ്രകാരമാണു വിദേശത്തേക്കു കടന്നതെന്നും രണ്ട് കുഞ്ഞുങ്ങളുടെ മാതാവായെന്നുമുള്ള സ്ഥിരീകരിക്കാത്ത വിവരം ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇക്കാര്യമൊന്നും സിബിഐയുടെ റിപ്പോർട്ടിൽ ഇല്ലെന്നാണ് സൂചന. വിദേശത്തേക്കു കൊണ്ടുപോയവരെ സിബിഐ. തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിൽനിന്നു കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തിൽ ജെസ്ന എത്തിയതിന്റെ സി.സി. ടിവി ദൃശ്യങ്ങളുണ്ട്. ഇവിടെനിന്നു സ്വകാര്യ ബസിൽ കയറി. ബസിൽ തീവ്രവാദബന്ധമുള്ളവർ ഉണ്ടായിരുന്നോയെന്നു സിബിഐ. പരിശോധിച്ചിരുന്നു.
അന്ന് ബസിൽ യാത്രചെയ്ത രണ്ടുപേരെ തിരിച്ചറിഞ്ഞു. മംഗലാപുരം, ചെന്നൈ, ഗോവ, പുനെ എന്നിവിടങ്ങളിലേക്കും അന്വേഷണം നീണ്ടു. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളത്. അതീവരഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലാണ് പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചത്. തുർക്കി, സിറിയ, അഫ്ഗാൻ തുടങ്ങിയ രാജ്യങ്ങളിൽ ഒന്നിൽ ജെസ്‌നയുണ്ടെന്നാണ് സൂചന. ഇതിൽ സിറിയയിലാണ് കൂടുതൽ സാധ്യത. ഇതെല്ലാം സിബിഐ പരിശോധിക്കുന്നുണ്ട്.
2021 ഫെബ്രുവരിയിലാണ് ജെസ്‌നയുടെ സഹോദരന്റെ ഉൾപ്പടെയുള്ളവരുടെ ഹർജിയിൽ കേസന്വേഷണം ഹൈക്കോടതി സിബിഐയെ ഏൽപ്പിച്ചത്. അന്വേഷണം ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടശേഷമാണു സിബിഐയുടെ നിർണായകമായ ചുവടുവെപ്പ്. കേസിൽ അന്വേഷണപുരോഗതി അറിയിക്കാൻ തിരുവനന്തപുരം സിജെഎം കോടതി നിർദ്ദേശിച്ചിരുന്നതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരൻ നായർ കോടതിയിൽ സമർപ്പിച്ച എഫ്‌ഐആർ കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിലും ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന സൂചനകളാണ് സിബിഐ നൽകിയത്.
2018 മാർച്ച് 22 ന് രാവിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെസ്‌ന എരുമേലി ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. എരുമേലി ബസ് സ്റ്റാൻഡിൽ മിന്നലിൽ തകർന്ന സി സി ടി വി യിൽ നിന്ന് റിക്കവർ ചെയ്‌തെടുത്ത ദൃശ്യങ്ങളാണ് അത്. ഭാരമേറിയ ഷോൾഡർ ബാഗും തൂക്കി ജെസ്‌നയെന്ന് കരുതപ്പെടുന്ന പെൺകുട്ടി നടക്കുന്നതും തൊട്ടുപിന്നാലെ രണ്ടു യുവാക്കൾ ഫോളോ ചെയ്യുന്നതുമാണ് ദൃശ്യത്തിൽ നിന്ന് വ്യക്തമാകുന്നത് .
അന്ന് തൊട്ട് ഇന്നോളം ആ ദൃശ്യത്തിൽ കാണുന്ന പെൺകുട്ടി താനാണ് എന്ന് അവകാശപ്പെട്ട് മറ്റൊരു പെൺകുട്ടിയും വരാത്ത സാഹചര്യത്തിൽ ഈ ദൃശ്യങ്ങൾ ജെസ്‌നയുടേത് എന്നു തന്നെയാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. ഈ വഴിയുള്ള അന്വേഷണമാണ് സിബിഐയ്ക്ക് നിർണ്ണായക തെളിവുകൾ നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ