- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെസ്നയെ മതമൗലികവാദികൾ രാജ്യം കടത്തിയോ? ഇക്കാര്യം ന്യായമായി സംശയിക്കുന്നതായി തലസ്ഥാനത്തെ കോടതിയിൽ സിബിഐ എഫ്ഐആർ; ഗൗരവമേറിയ വിഷയമെന്നും അന്തർ സംസ്ഥാന കണ്ണികൾ പ്രവർത്തിച്ചതായും സംശയം; നിർണായക വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ ആകില്ലെന്നും സിബിഐ
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി സെന്റ്. ഡൊമിനിക്സ് കോളേജ് രണ്ടാം വർഷ ബികോം ഡിഗ്രി വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിനെ മതമൗലിക തീവ്രവാദികൾ വ്യാജ പാസ്പോർട്ടിൽ രാജ്യം കടത്തി? ഇക്കാര്യം ന്യായമായും സംശയിക്കുന്നതായി തലസ്ഥാനത്തെ സി ബി ഐ കോടതിയിൽ തിരുവനന്തപുരം സിബിഐ യൂണിറ്റ് സമർപ്പിച്ച എഫ് ഐ ആറിൽ പറയുന്നു. ഇതിന് പിന്നിൽ ഗൗരവമേറിയ വിഷയമുണ്ടെന്നും അന്തർ സംസ്ഥാന കണ്ണികൾ പ്രവർത്തിച്ചതായും എഫ് ഐആറിൽ പറയുന്നു.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ മാത്രമുള്ളതിനാൽ തെളിവുകളുടെ ചങ്ങലക്കണ്ണികൾ മാലപോലെ കോർത്തിണക്കേണ്ടതിനാലും അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലും തെളിവുകൾ ചോർന്നു പോകാതിരിക്കാൻ അഡീഷണൽ റിപ്പോർട്ടായി മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിക്കും. എഫ് ഐ ആറിലെ വിവരങ്ങൾ ചോരാൻ സാധ്യതയുള്ളതിനാൽ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ട നിർണ്ണായക വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല. വെളിപ്പെടുത്തിയാൽ സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. സംശയിക്കപ്പെടുന്ന വ്യക്തികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ട്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ കസ്റ്റഡിയിലാകുമെന്നുമുള്ള സൂചനയും എഫ് ഐ ആറിലുണ്ട്.
2018 മാർച്ച് 20 നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടു തറയിലെ വീട്ടിൽ നിന്നും പിതൃ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു പോയ ജെസ്ന പിന്നെ മടങ്ങിയെത്തിയിട്ടില്ല. 2018 മുതൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് തുമ്പുണ്ടാക്കാൻ സാധിക്കാത്ത കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് 2021 ഫെബ്രുവരി 19 ന് ഹൈക്കോടതിയിൽ സിബിഐ ബോധിപ്പിക്കുകയായിരുന്നു.
കേസന്വേഷണത്തിൽ പൊലീസും ക്രൈംബ്രാഞ്ചും നിഷ്ക്രിയത്വം പാലിക്കുന്നതിനാൽ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് ജെസ്നയുടെ സഹോദരൻ ജെയിസ് ജോൺ ജെയിംസും മറ്റും സമർപ്പിച്ച റിട്ട് ഹർജിയിൽ ഹൈക്കോടതി സിബിഐയോട് നിലപാടറിയിക്കാൻ ഉത്തരവിട്ടിരുന്നു. അപ്രകാരം സി ബി ഐ അതീവ രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സങ്കീർണ്ണമായ പ്രാഥമിക തെളിവുകൾ ശേഖരിച്ച് കേസെടുക്കാൻ തയ്യാറാണെന്ന് ഹൈക്കോടതിയിൽ നിലപാടറിയിച്ചത്.