കോട്ടയം: ഇത് 44 ാം ദിവസമാണ്. എരുമേലി മുക്കൂട്ടുതറയിൽ, ജെസ്‌ന ഒരു ഓട്ടോറിക്ഷയിൽ കയറി മറഞ്ഞിട്ട് ഇതുവരെ ഒരുതുമ്പുമില്ല.പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് വിദ്യാർത്ഥികൾ അടക്കം നാട്ടുകാർ ഒന്നാകെ ജസ്‌നയുടെ തിരോധാനത്തിൽ മുറവിളി ഉയർത്തിയെങ്കിലും ഇതുവരെ ഒരുഫലവുമില്ല. ഈ പശ്ചാത്തലത്തിൽ, ജെസ്നയെ കണ്ടെത്താൻ സഹായിക്കണം എന്നും അവളെ സ്വന്തം സഹോദരിയായി കാണണം എന്നും ഫേസബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് സഹോദരൻ ജെയ്സ് ജോണും സഹോദരിയും.അമ്മ മരിച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. ഇനി ഒരു വേർപാടു കൂടി താങ്ങാൻ കഴിയില്ല എന്ന് ഇവർ വേദനയോടെ പറയുന്നു. ജെസ്നയെ കുടംബത്തെയും പറ്റി മോശമായി പറയുന്നവർ സത്യാവസ്ഥ മനസിലാക്കണം എന്നും ജെയ്സ് പറയുന്നു. ജെയ്സിന്റെ വാക്കുകൾ ഇങ്ങനെ.

'നാൽപ്പത്തിനാലു ദിവസമായിട്ടും ജെസ്നയുടെ കാര്യത്തിൽ ഒരു തുമ്പുമില്ല. അന്നുരാവിലെ പപ്പയും താനും ജെസ്നയും കൂടിയാണ് ഭക്ഷണം ഉണ്ടാക്കിയത്. മമ്മി മരിച്ചിട്ട് എട്ടുമാസമായി. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് പപ്പ ഓഫീസിൽ പോയി. ശേഷം താൻ എട്ടരവരെ വീട്ടിലുണ്ടായിരുന്നു. തന്റെ ബികോം റിസൽട്ട് വന്നുവെന്നും 91 ശതമാനം മാർക്കുണ്ടെന്നും ജെസ്ന പറഞ്ഞിരുന്നു. വലിയ കാര്യമായിപ്പോയി എന്നു പറഞ്ഞു തമാശ പറഞ്ഞൊക്കെ ഇരിക്കുമ്പോൾ അവൾക്കൊരിക്കലും പ്ലാൻ ചെയ്തു പോവാനുള്ള മാനസികാവസ്ഥയുണ്ടെന്നൊന്നും തോന്നിയില്ല.

അവൾ ഒരിക്കും നെഗറ്റീവ് ആയി എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നില്ല. താൻ കോളജിൽ പോയി 9.15 ഒക്കെ ആയപ്പോൾ അവൾ പഠിക്കുന്നത് അടുത്തവീട്ടിലെ ചേച്ചി കണ്ടിരുന്നു. ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്നും പറഞ്ഞു. ഓട്ടോ കയറി ഒരു ബസിൽ കയറി എരുമേലിയിൽ ഇറങ്ങുന്നത് അവളുടെ ജൂനിയറായി പഠിച്ച ഒരു പയ്യൻ കണ്ടിരുന്നു. തലേദിവസം പപ്പായുടെ പെങ്ങളെ വിളിച്ച് കുറേസമയം സംസാരിച്ചിരുന്നു. ഒറ്റയ്ക്കിരുന്നു പഠിക്കാൻ പറ്റുന്നില്ല അങ്ങോട്ടു വരികയാണെന്നാണ് വിളിച്ചു പറഞ്ഞത്. തലേദിവസം അയൽപക്കത്തെ പിള്ളേരോടും പഠിക്കാൻ പോകുന്നുവെന്നാണ് പറഞ്ഞത്.

എരുമേലിയിൽ നിന്നു കയറിയ ഒരു ബസ്സിൽ ഒറ്റയ്ക്കിരുന്നു പോവുന്നതും സിസിടിവിയിൽ തിരിച്ചറിഞ്ഞതാണ്. അതുകഴിഞ്ഞിട്ട് എന്താണു സംഭവിച്ചതെന്ന് ഒരു ക്ലൂവും ഇല്ല. അവൾ എവിടെയെങ്കിലും ട്രാപ്പിലായതാവാം എന്നാണ് സൂചന. ജസ്നയെപ്പറ്റിയും കുടുംബത്തെക്കുറിച്ചുമൊക്ക മോശമായി പറയുന്നവരുണ്ട്. സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം. അവൾക്കെന്തെങ്കിലും നെഗറ്റീവ് ആയി സംഭവിക്കുകയാണെന്ന് അറിയുകയാണെങ്കിൽ പറഞ്ഞ പല കാര്യങ്ങളും തിരിച്ചെടുക്കാൻ പറ്റാത്തതായിരിക്കും. ഞങ്ങളുടെ അവസ്ഥയും മനസ്സിലാക്കണം. ഞങ്ങളുടെ സ്ഥാനത്തുനിന്ന് ചിന്തിച്ചു നോക്കണം.

ഒരുപാടുപേരു വിളിക്കുകയും അന്വേഷിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ട്. പറയുന്ന ആരോപണങ്ങളിൽ ഉറപ്പുണ്ടെങ്കിൽ അതു പൊലീസിനെ അറിയിക്കുകയാണു വേണ്ടത്. തനിക്കു പെങ്ങളെ കിട്ടണമെന്നേയുള്ളു. എല്ലാവരും സഹായിക്കണമെന്നേ പറയാനുള്ളു. മിസ്സിങ് ആയ ആദ്യ അഞ്ചു ദിവസത്തിനുള്ളിൽ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ജസ്ന മിസ് ആയതിന്റെ പിറ്റേന്നു തന്നെ അവളുടെ ഫോട്ടോ വാട്സാപ്പിൽ കൊടുക്കാമെന്ന് അച്ഛനും സഹോദരിയും പറഞ്ഞതാണ്. എന്നാൽ അതവളുടെ ഭാവിയെ തകർക്കുമെന്നു കരുതി താനാണ് വേണ്ടെന്നു പറഞ്ഞത്.

ആർക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. അമ്മ മരിച്ച് അധികമായിട്ടില്ല. അവൾ കൂടി പോയി കഴിഞ്ഞാൽ പിന്നെ താങ്ങാൻ സാധിക്കില്ല. സ്വന്തം പെങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത ഒരാങ്ങളയായി നിൽക്കുകയാണ്. നാളെ അവൾക്കെന്തെങ്കിലും മോശമായി സംഭവിച്ചതിനു ശേഷം കൂടെ നിൽക്കുന്നതിനേക്കാൾ നല്ലത് ഇപ്പോൾ ഞങ്ങളുടെ അന്വേഷണത്തിൽ കൂടെ നിൽക്കുന്നതാണ്.

മമ്മി മരിച്ച വിഷമത്തിൽ നിന്നും മുക്തമായി വരുന്നതേയുള്ളു. അതിനിടയിലാണ് ജെസ്നയുടെ മിസ്സിങ്ങും. ജെസ്നയെ നിങ്ങളുടെ പെങ്ങൾ കൂടിയായി കണ്ട് ഒന്നിച്ചു പ്രവർത്തിക്കാം. അവൾക്കൊരു റിലേഷൻ ഉണ്ടായിരുന്നെങ്കിൽ എന്നാണ് താനിപ്പോൾ പ്രാർത്ഥിക്കുന്നത്. കാരണം അവൾ സുരക്ഷിതയാണെന്ന് അറിയുമല്ലോ. തളർത്തുന്ന ആരോപണങ്ങൾ ദയവുചെയ്ത് ഉണ്ടാക്കരുത്.