കോട്ടയം: ആറുമാസം മുമ്പ് കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് രണ്ടാം വർഷ വിദ്യാർത്ഥിനി ജെസ്‌ന മരിയയെക്കുറിച്ച അന്വേഷണം പൊലീസ് അവസാനിപ്പിച്ചുവെന്ന് സൂചന. പ്രളയമെത്തിയതോടെയാണ് അന്വേഷണം പ്രതിസന്ധിയിലായത്. പൊലീസുകാരെല്ലാം പ്രളയ ദുരിതാശ്വാസത്തിന് പോയി. പ്രളയം കഴിഞ്ഞ ശേഷവും അന്വേഷണം കാര്യമായി മുന്നോട്ട് പോകുന്നില്ല. വീട്ടുകാരും അന്വേഷിച്ച് തളർന്നു കഴിഞ്ഞു. അങ്ങനെ ആറുമാസമായി നടക്കുന്ന അന്വേഷണങ്ങൾ എങ്ങുമെത്താതെ അവസാനിക്കുകയാണ്.

ഫോൺകാളുകൾക്കും അഭ്യൂഹങ്ങൾക്കും പിന്നാലെ അന്വേഷണസംഘം പോയതല്ലാതെ കാര്യമായ ഒരു നേട്ടവും ഉണ്ടായില്ല. രണ്ടുലക്ഷം ഫോൺ കാളുകൾ ശേഖരിച്ചതിൽനിന്ന് തെരഞ്ഞെടുത്ത മുന്നൂറോളം കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ജെസ്‌നയെ കണ്ടെത്തിയെന്ന് പോലും പ്രചരണമെത്തി. ഹൈക്കോടതിയേയും ഇത്തരത്തിൽ അറിയിച്ചു. എന്നാൽ മുണ്ടക്കയത്തെ സി.സി ടി.വിയിൽ ജസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടിയുടെ ദൃശ്യം ലഭിച്ചത് മാത്രമാണ് എടുത്തു പറയനാകുന്ന ഏക കാര്യം. എ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

ജെസ്‌നയെ പലയിടത്തും കണ്ടുവെന്ന് വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് പരിശോധന നടത്തി. ഇത്തരത്തിൽ ബംഗളൂരുവിൽ മാത്രം പലതവണ പോയിട്ടുണ്ട്. ആൺസുഹൃത്തിനെയും കുടുംബാംഗങ്ങളെയും മണിക്കൂറുകൾ ചോദ്യംചെയ്‌തെങ്കിലും കാര്യമായ വിവരങ്ങൾ ലഭ്യമായില്ല. ജെസ്‌നയെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. മാർച്ച് 22ന് രാവിലെ 10.30ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് പോയ ജെസ്‌നയെക്കുറിച്ച് പിന്നീട് വിവരമില്ല. കാലമിത്രയുമായതു കൊണ്ട് തന്നെ ജെസ്‌നയെ കണ്ടെത്തുക പ്രയാസകരമാണെന്ന നിലപാടിലാണ് ഇപ്പോൾ അന്വേഷണ സംഘം.

രാജ്യം മുഴുവൻ അരിച്ചുപെറുക്കുന്ന രീതിയിലെ അന്വേഷണമാണ് കേരളാ പൊലീസ് നടത്തിയത്. ജെസ്നയെ തേടി തേടി പുണെയിലും ഗോവയിലും പോയ പൊലീസ് സംഘവും വെറുംകയ്യോടെ മടങ്ങി. ചെന്നൈയിലുൾപ്പെടെ കണ്ട പെൺകുട്ടി ജെസ്നയല്ലെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.. ജെസ്നയെക്കുറിച്ച് വിവര ശേഖരണത്തിനായി പൊലീസ് പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയിൽ പ്രതീക്ഷ നൽകുന്ന ചില വിവരങ്ങൾ കിട്ടി. ഇതൊന്നും സഹായിച്ചതുമില്ല. 12 സ്ഥലങ്ങളിലായി 12 പെട്ടികളാണ് പൊലീസ് സ്ഥാപിച്ചത്. ഇതിൽ നിന്ന് 50 കത്തുകളാണ് ലഭിച്ചത്. ഇതിൽ എല്ലാം വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെ കഥകളാണ്. ഇതിൽ അടിസ്ഥാനമുണ്ടെന്ന് വിശ്വസിക്കാൻ പൊലീസിനും കഴിയുന്നില്ല. ഇതോടെ പെട്ടി വച്ചതും വെറുതെയായി എന്ന് പൊലീസ് തിരിച്ചറിഞ്ഞു.

കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടിൽ ജെയിംസിന്റെ മകൾ ജെസ്‌നയെ മാർച്ച് 22-നാണ് കാണാതായത്. വീട്ടിൽനിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോയ െജസ്‌നയെ പിന്നീട് കണ്ടിട്ടില്ല. ഇപ്പോൾ ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ജെസ്‌നയെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സാധ്യതയുള്ള എല്ലാം പൊലീസ് പരിശോധിച്ചു. വനമേഖലകൾ, അപകടസാധ്യതയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഹൈറേഞ്ച് മേഖലയിൽ നിർമ്മാണം മുടങ്ങികിടക്കുന്ന വീടുകൾ, എന്നിവയെല്ലാം ഇത്തരത്തിൽ പരിശോധിച്ചവയിൽ പെടുന്നു. ചെന്നൈയിൽ ജെസ്‌നയെ കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടേയും പോയി, ബംഗളുരുവിൽ പല തവണ എത്തി അന്വേഷണം നടത്തി. എന്നാൽ ജെസ്‌നെയെ കുറിച്ച് നിർണ്ണായക വിവരമൊന്നും പൊലീസിന് ലഭിച്ചില്ല.

ജെസ്‌ന അവസാനമായി സന്ദേശമയച്ച സഹപാഠിയുടെ കൂട്ടുകാരെ പത്തനംതിട്ടയിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. ജെസ്‌നയുടെ സുഹൃത്തിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ നിലവിൽ വൈരുദ്ധ്യം കണ്ടെത്താനായിട്ടില്ല. ജെസ്‌ന നിരന്തരം ഒരു സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും, ഏകദേശം ആയിരത്തോളം തവണ ജെസ്‌ന ഈ നമ്പറുമായി വിളിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. ആൺ സുഹൃത്തിനെ സംശയിച്ചതും വെറുതെയായി. അങ്ങനെ ജെസ്‌നയുടെ പിറകെ പോയിട്ട് കാര്യമില്ലെന്ന് പൊലീസും തിരിച്ചറിയുകയാണ്.