പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്നുള്ള കോളജ് വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാനം നേരെ ചൊവ്വേ അന്വേഷിക്കാൻ പൊലീസിനെ സമ്മതിക്കാതെ നുണക്കഥകളുടെ പ്രചാരണം. കാള പെറ്റെന്ന് കേട്ട് കയർ എടുത്ത് ചാടിപ്പുറപ്പെട്ട മുഖ്യധാരാ മാധ്യമങ്ങൾ അടക്കം തങ്ങൾക്ക് പറ്റിയ അബദ്ധം മറയ്ക്കാൻ മറ്റു പെരും നുണകളുമായി രംഗത്ത് വരികയാണെന്ന് പൊലീസ്. ഇത്തരം കഥകൾക്ക് പിന്നാലെ പായാൻ മാത്രമാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് നേരം. ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം പൊലീസ് ശക്തമാക്കിയതോടെ നിരവധി കഥകളാണ് പ്രചരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെസ്നയെ കണ്ടുവെന്ന തരത്തിൽ പൊലീസിന് സന്ദേശം ലഭിക്കുന്നുണ്ട്. പ്രമാദമായ കേസായതിനാൽ എല്ലാ സൂചനകളും പൊലീസ് അന്വേഷിക്കുകയാണ്. പൊലീസിന്റെ ഭാഗത്തു നിന്നുള്ള ജാഗ്രത വർധിച്ചതോടെ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കമായിട്ടാണ് ഇത്തരം തെറ്റായ വിവരങ്ങളെ ഉന്നത ഉദ്യോഗസ്ഥർ കാണുന്നത്. സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് അവകാശപ്പെട്ടതു പോലെയാണ് ജെസ്നയുടെ കാര്യത്തിലും പലരും വിവരം നൽകുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇത്തരം പ്രചാരണങ്ങൾ ഏറെയും നടക്കുന്നത്. ജെസ്നയുമായി വിദൂര സാമ്യമുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ സഹിതമാണ് പലയിടത്തും കണ്ടതായി കഥകൾ പ്രചരിക്കുന്നത്. ഇവയ്ക്കെല്ലാം പിന്നാലെ പോകുന്ന പൊലീസ് സംഘം പലപ്പോഴും ഇളിഭ്യരായി മടങ്ങുകയാണ്. അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ഇത്തരം കഥകൾ പ്രചരിക്കുന്നത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം കഥകൾ മാധ്യമങ്ങളെ വിളിച്ച് അറിയിക്കുന്നത് ജെസ്നയുടെ അടുത്ത ചില ബന്ധുക്കളാണ്.

ബംഗളൂരു മടിവാളയിലെ ആശ്വാസഭവൻ, നിംഹാൻസ് ആശുപത്രി എന്നിവിടങ്ങിൽ ജെസ്നയും പുരുഷ സുഹൃത്തും ചെന്നുവെന്ന കഥയായിരുന്നു അത്. സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് ഈ കഥ മെനഞ്ഞത് എന്നാണ് പൊലീസ് പറയുന്നത്. രണ്ടായിരം രൂപയുടെ രണ്ടു കെട്ടുമായി ബൈക്കിൽ വരുന്ന വഴി ജെസ്നയും സുഹൃത്തും ഓട്ടോറിക്ഷയിൽ ഇടിച്ചു വീണെന്നും ആ പണം മുഴുവൻ ഓട്ടോറിക്ഷക്കാരൻ കൈവശപ്പെടുത്തിയെന്നും സുഹൃത്തിന് പരുക്കേറ്റുവെന്നുമായിരുന്നു കഥ.

ഈ കഥ കൊണ്ടാടിയ മാധ്യമങ്ങൾക്ക് മുന്നിലാണ് നിംഹാൻസിലെയും മടിവാള ആശ്വാസഭവനിലെയും സിസിടിവി ദൃശ്യങ്ങൾ നിരത്തി അങ്ങനെ ഒരു സംഭവം ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ജെസ്ന പുഞ്ചവയലിലേക്കുള്ള സ്വകാര്യ ബസിന്റെ വശത്തെ സീറ്റിൽ ഇരിക്കുന്നത് സിസിടിവിയിൽ പതിഞ്ഞുവെന്നായിരുന്നു മറ്റൊരു പ്രചാരണം. അതും തെറ്റാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.

കഥകൾ മെനയുന്നതിന് പിന്നിൽ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കമാണുള്ളതെന്നും പൊലീസ് സംശയിക്കുന്നു. തിരുവനന്തപുരം ടെക്നോപാർക്കിന് മുന്നിൽ നിന്ന് താൻ ലിഫ്ട് നൽകിയ പെൺകുട്ടി ജെസ്നയാണെന്ന് പറഞ്ഞ് ഒരു യുവാവ് പൊലീസിനെ സമീപിച്ചിരുന്നു. അന്വേഷണത്തിൽ ആ പെൺകുട്ടിക്ക് ജെസ്നയുടെ മുഖഛായയുണ്ടെന്ന് കണ്ടെത്തി പൊലീസ് മടങ്ങി. തിരുവല്ലയിലെ കല്യാണസ്ഥലത്ത് ഇരുന്ന് ഒരു ചെറുപ്പക്കാരനൊപ്പം ഭക്ഷണം കഴിക്കുന്നത് ജെസ്നയാണെന്ന് ഫോട്ടോ സഹിതം ഫേസ് ബുക്കിൽ പ്രചരിപ്പിച്ചിരുന്നു. ഇതും തെറ്റാണെന്ന് പൊലീസ് അറിയിച്ചു.

നാട്ടുകാരെ മുഴുവൻ പൊലീസ് ഇതിനോടകം ചോദ്യം ചെയ്തിരുന്നു. എന്നാൽ, അടുത്ത ബന്ധുക്കളിൽ ചിലരുടെ മൊഴി എടുക്കാത്തത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരും ദിനങ്ങളിൽ പൊലീസ് ആ വഴിക്ക് നീങ്ങുമെന്നാണ് സൂചന. ഇതോടെ കേസ് തെളിയാനുമുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.