തിരുവനന്തപുരം: എരുമേലി മുക്കൂട്ടുതറയിൽനിന്നു കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം വീണ്ടും ഊർജിതമാക്കി. അന്വേഷത്തിൽ യാതൊരു തുമ്പുമില്ലാതെ പോകുന്ന അവസ്ഥയിലാണ് പുതിയ നീക്കങ്ങളുമായി പൊലീസ് രംഗത്തെത്തിയത്. പൊതുജനങ്ങളെ കൂടുതലായി അന്വേഷണത്തിൽ ഉൾപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. ജെസ്‌നയെ കണ്ടെത്താൻ സഹായകരമായ വിവരം നൽകുന്നവർക്കു പാരിതോഷികം നൽകുമെന്നാണ് പൊലീസിന്റെ പ്രഖ്യാപനം. രണ്ടുലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വിവരം തിരുവല്ല ഡിവൈഎസ്‌പിയെയാണു അറിയിക്കേണ്ടത്. ഫോൺ: 9497990035.

അതിനിടെ ജസ്‌നയെ അന്വേഷിച്ച് ബെംഗളൂരുവിലേക്കും അവിടെ നിന്നു മൈസൂരുവിലേക്കും പോയ കേരള പൊലീസ് സംഘം വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്നു മടങ്ങിപ്പോന്നു. ധർമാരാമിലെ ആശ്വാസഭവനിലും നിംഹാൻസ് ആശുപത്രിയിലും ജെസ്‌നയോടു സാമ്യമുള്ള പെൺകുട്ടിയെയും മുടി നീട്ടിവളർത്തിയ യുവാവിനെയും കണ്ടുവെന്ന സൂചനയെ തുടർന്നു ബെംഗളൂരുവിലെത്തിയ പൊലീസ് രണ്ടിടത്തെയും സിസി ക്യാമറകൾ പരിശോധിച്ചു. എന്നാൽ, ഇവയിലൊന്നും ജെസ്‌നയുടെ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വടശേരിക്കര സിഐ എം.ഐ.ഷാജി പറഞ്ഞു.

ജെസ്‌നയുടെ ചിത്രം കാണിച്ച് നിംഹാൻസിലെ ജീവനക്കാരോടും വിവരങ്ങൾ തേടി. അവർക്കും ജെസ്‌നയെ കണ്ടതായി ഓർമയില്ല. അതേസമയം ആശ്രമത്തിൽ ജെസ്‌നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശി മൊഴിയിൽ ഉറച്ചു നിൽക്കുകയാണെന്നും സിഐ പറഞ്ഞു. എഎസ്‌ഐ നാസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു മാത്യു, റെജി എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് ബെംഗളൂരുവിൽ തങ്ങിയിരുന്നത്.

ജെസ്‌നയ്‌ക്കൊപ്പം തൃശൂർ സ്വദേശിയായ യുവാവും ഉണ്ടായിരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിൽ മറ്റൊരു സംഘം തൃശൂരിലും അന്വേഷണം നടത്തുന്നുണ്ട്. ഇയാൾ മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതെന്നാണ് വിവരം. ടവർ ലൊക്കേഷൻ ഉപയോഗിച്ച് ഇയാളെ കണ്ടെത്താമെന്ന പ്രതീക്ഷയാണ് പൊലീസിന്. ഇവർ മൈസൂരുവിലേക്കു കടന്നതായുള്ള മൊഴിയെത്തുടർന്ന് അവിടെയും പരിശോധന നടത്തി. ജെസ്‌ന കേസ് അന്വേഷിക്കുന്ന സംഘം മൂന്നായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.

ഇതിനിടെ ജെസ്‌നയുടെ സഹോദരി ജെസിയുടെ ഫോണിലേക്ക് ബെംഗളൂരുവിൽ നിന്നെത്തിയ മിസ്ഡ് കോളുകളുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. കാഞ്ഞിരപ്പള്ളി കോളജ് വിദ്യാർത്ഥിനി ജെസ്‌നയെ കാണാതായി ഏതാനും ദിവസം പിന്നിട്ടപ്പോഴാണ് രണ്ടു കോളുകൾ ജെസിക്ക് വന്നത്. തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് നമ്പരുകൾ പൊലീസിനു കൈമാറിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബിഎസ്എൻഎൽ നമ്പരുകളാണിവയെന്ന് കണ്ടെത്തിയിരുന്നു. പ്രവർത്തിക്കാതിരുന്ന രണ്ടു നമ്പരുകളിലേക്കും 10 രൂപ വീതം ചാർജ് ചെയ്തപ്പോഴാണ് ബിഎസ്എൻഎൽ ആണെന്ന് ഉറപ്പിച്ചത്. ചാർജ് ചെയ്ത തുക നമ്പരുകൾ സ്വീകരിച്ചിരുന്നു. ഇതിനു ശേഷമാണ് അവയുടെ ഉറവിടം തേടി രണ്ടു പൊലീസുകാർ ബെംഗളൂരുവിലെത്തിയത്. അവർക്ക് തുമ്പൊന്നും ലഭിച്ചിരുന്നില്ല.

ജെസ്‌നയെ ബെംഗളൂരുവിൽ കണ്ടെന്ന സന്ദേശം ലഭിച്ചപ്പോൾ പെരുനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണത്തിനു പോയിട്ടുണ്ട്. അവർ സിമ്മിന്റെ ഉടമ ചലപതിയെന്ന എഴുപതുകാരനാണെന്ന് കണ്ടെത്തി. ഇയാളുടെ മേൽവിലാസത്തിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാജ മേൽവിലാസത്തിൽ സിമ്മുകളെടുത്തതാണെന്നാണ് മനസ്സിലായത്. ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ട് തുടർ അന്വേഷണം നടത്തുകയാണ് ഇനിയും വേണ്ടത്.