- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജെസ്നയെ ആരോ തട്ടിക്കൊണ്ടു പോയതാണ്.. അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം'; തിരോധാനത്തിന്റെ ചുരുളഴിക്കാൻ സിബിഐ അന്വേഷണത്തിന് സാധിക്കട്ടെ; കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന് മൂത്ത സഹോദരി ജെഫി ജയിംസ്; സിബിഐ അന്വേഷണം തുടരുമ്പോൾ ദുരൂഹതയുടെ ചുരുളഴിയുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം: ജെസ്ന മരിയ ജെയിംസ് എവിടെ? മൂന്ന് വർഷം പിന്നിട്ട തിരോധാന കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുമ്പോഴും പ്രതീക്ഷയിലാണ് ജസ്നയുടെകുടുംബം. ജെസ്നയെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതു കൊണ്ട് തന്നെ ജസ്ന ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന പ്രതീക്ഷയിലാണ് കുടുംബം. 'ജെസ്നയെ തട്ടിക്കൊണ്ടു പോയതാണ്. അവൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം' ജെസ്നയുടെ മൂത്ത സഹോദരി ജെഫി ജയിംസ് പറഞ്ഞു. 'മനോബലമുള്ള വ്യക്തിയാണ് ജെസ്ന. അവളെ തട്ടിക്കൊണ്ടു പോയതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു...'വെന്നും അവർ മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പിതൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്ന കൊല്ലമുളയിൽ നിന്നും രാവിലെ പുറപ്പെട്ടത്. ഇതിന് ശേഷം എരുമേലി ബസിൽ കയറി. എരുമേലി ബസ് സ്റ്റാൻഡിൽനിന്നു മുണ്ടക്കയത്തേക്കുള്ള്ള ബസിൽ കയറിയതായാണു വിവരം. മൊബൈൽ ഫോൺ വീട്ടിൽ വച്ച ശേഷമാണ് ജെസ്ന പുറത്തു പോയത്. ജെഫി ജയിംസ് പറയുന്നു. ജെസ്ന മടങ്ങിയെത്താത്തതിനെ തുടർന്ന് എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മോശം അനുഭവമാണ് ഉണ്ടയതെന്നുമാണ് അവരുടെ പരാതി. വെച്ചൂച്ചിറ സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു നിർദ്ദേശം. പരാതി ഫോർവേഡ് ചെയ്യാമെന്നു പൊലീസ് അറിയിച്ചെങ്കിലും ചെയ്തില്ല. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ വെച്ചൂച്ചിറ പൊലീസ് താൽപര്യം കാട്ടിയതുമില്ല. പെൺകുട്ടി ആരുടെയെങ്കിലും കൂടെ പോയതായിരിക്കും, കുറച്ചു ദിവസം കഴിയുമ്പോൾ തിരിച്ചു വരുമെന്നുമായിരുന്നു പൊലീസിന്റെ മറുപടി. പരാതി ലഭിച്ചിട്ടും രണ്ടാഴ്ചയോളം കാര്യമായ അന്വേഷണം നടന്നില്ല.
ജെസ്നയുടെ അഞ്ച് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും അതും എങ്ങുമെത്തിയില്ല. ജെസ്നയ്ക്ക് 5 സുഹൃത്തുക്കളാണുള്ളത്. ഇതിലൊരാൾ ആൺകുട്ടിയാണ്. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം ജെസ്ന പോയതാണെന്നുള്ള പ്രചാരണത്തെ തുടർന്നു സഹപാഠിയായ ആൺകുട്ടിയെ പല തവണ ചോദ്യം ചെയ്തെങ്കിലും സംഭവത്തിൽ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. ഇയാളുടെ എസ്എംഎസുകളും സൈബർ സെൽ പരിശോധിച്ചിരുന്നു. 5 സുഹൃത്തുക്കളും ജെസ്നയെ എല്ലാ ദിവസവും വിളിക്കുമായിരുന്നു. ജെസ്നയുടെ സഹോദരി ജെഫിക്കും ഇതേക്കുറിച്ച് അറിയാമായിരുന്നു. ഈ വിധത്തിലുള്ള അന്വേഷണങ്ങളും എങ്ങുമെത്താതെ പോകുകയായിരുന്നു.
അതിനിടെ ജെസ്ന മരിയ ജെയിംസ് തിരോധന കേസുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി കഴിഞ്ഞയാഴ്ച്ച അംഗീകരിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാർ നായർ സമർപ്പിച്ച എഫ്ഐആർ അംഗീകരിച്ചത്. പ്രതിയുടെ പേരിന്റെ സ്ഥാനത്ത് അജ്ഞാതം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷണം നടത്തിയപ്പോഴും തിരോധാനത്തിനു പിന്നിലെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 2018 മാർച്ച് 23നാണ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പൊലീസ് ജെസ്ന കേസ് രജിസ്റ്റർ ചെയ്തത്. മൂന്നു വർഷം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാത്തത് കാരണമാണ് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, ജെസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ് എന്നിവരായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതേത്തുടർന്ന് 2021 ഫെബ്രുവരി 19നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ജസ്നയുടെ തിരോധാനത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ടെന്നു കരുതുന്നു എന്ന ഹൈക്കോടതിയിൽ വാദിച്ച സിബിഐ എന്നാൽ എഫ്ഐആറിൽ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടില്ല. 2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാർത്ഥിനിയായ ജെസ്നയെ കാണാതാകുന്നത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ട എസ് പി അടക്കമുള്ളവരുടെ മൊഴി സിബിഎ എടുക്കും. ജെസ്നയെ കണ്ടെത്തുന്നതിന് തൊട്ടടുത്തു വരെ കാര്യങ്ങൾ എത്തിയന്നെ് കെജി സൈമൺ വെളിപ്പെടുത്തിയിരുന്നു. സൈമൺ വിരമിച്ച ശേഷമാണ് അന്വേഷണം സിബിഐയിൽ എത്തുന്നത്. ജെസ്നയെ 2018 മാർച്ച് 22നാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കുപോയ ജെസ്ന പിന്നീടു മടങ്ങിവന്നില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും മാറിമാറി നടത്തിയ അന്വേഷണം ഫലം കണ്ടില്ല. പെൺകുട്ടി എരുമേലി ബസിൽ കയറിപ്പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ആകെ ലഭിച്ച തെളിവ്. ബന്ധുവിന്റെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്ന വീട്ടിൽനിന്നും ഇറങ്ങിയത്. മൊബൈൽ ഫോണും സ്വർണാഭരണങ്ങളും എടുത്തിരുന്നില്ല. ബസിൽ കയറി മുണ്ടക്കയത്ത് ഇറങ്ങിയ ജെസ്ന അപ്രത്യക്ഷയായി.
അന്നുതന്നെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിരവധിപേരെ ചോദ്യംചെയ്തു. ജസ്ന പഠിച്ച കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ രണ്ടുലക്ഷത്തോളം പേരുടെ മൊബൈൽ ഫോണുകളാണ് പ്രത്യേകം നിരീക്ഷിച്ചത്. അന്വേഷണം എങ്ങുമെത്താതായപ്പോൾ ബന്ധുക്കൾ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയപ്പോൾ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. തുടർന്ന് അന്വേഷണ സംഘത്തെ വിപുലീകരിച്ച് വിവിധ സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തി. വിവരം നൽകുന്നവർക്ക് പ്രതിഫലം അഞ്ചുലക്ഷം രൂപ പ്രഖ്യാപിക്കുകയും ചെയ്തു. അതും ഫലം കണ്ടില്ല.
കോവിഡ് ലോക്ഡൗൺ കാലത്ത് ക്രൈം ബ്രാഞ്ച് ഡയറക്ടർ ആയിരുന്ന ടോമിൻ തച്ചങ്കരിയാണ് മറവിയിലേക്ക് പോയിരുന്ന ജെസ്ന കേസ് പൊടിതട്ടിയെടുത്തത്. ജെസ്ന കേസിൽ ശുഭവാർത്ത വരുന്നുവെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. കൂടത്തായി കേസ് തെളിയിച്ച് പേരെടുത്ത എസ്പി കെജി സൈമൺ പത്തനംതിട്ടയിൽ ചുമതല ഏറ്റപ്പോൾ തന്നെ ജെസ്ന കേസിന്റെ അന്വേഷണ മേൽനോട്ടം അദ്ദേഹത്തിന് കൈമാറിയിരുന്നു. ഡിസംബർ 31 ന് സൈമൺ വിരമിക്കുന്നതിന് മുന്നോടിയായി ജെസ്നയെ കണ്ടെത്തുമെന്നാണ് ഏവരും കരുതിയിരിന്നതും. എന്നാൽ അത് നടന്നില്ല. കൂടത്തായിയിൽ സത്യം പുറത്തു കൊണ്ടു വന്ന സൈമണ് അതു കഴിയുമെന്ന് വ്യാപകമായി ഏവരും പ്രതീക്ഷിക്കുകയും ചെയ്തു.
2018 മാർച്ച് 20 നാണ് മുക്കൂട്ടുതറയിൽ നിന്ന് കോളജ് വിദ്യാർത്ഥിനിയായ ജെസ്നയെ കാണാതാകുന്നത്. ലോക്കൽ പൊലീസ് അന്വേഷിച്ചു മടുത്തപ്പോഴാണ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്. ഊഹാപോഹങ്ങൾ അല്ലാതെ ശക്തമായ ഒരു തെളിവും ഇതു വരെ ലഭിച്ചിട്ടില്ല. ജെസ്നയെ കണ്ടതായി പറയുന്ന ഇടങ്ങളിലെല്ലാം സംഘം പരിശോധിച്ചു. തമിഴ്നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം വരെ പരിശോധനയ്ക്ക് വിധേയമാക്കി. ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ജെസ്നയുമായി സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടെത്തിയ സ്ഥലത്തും അന്വേഷണം നടന്നു.
കാണാതായതിന് പിന്നാലെ ജെസ്നയുടെ മൊബൈൽ ഫോൺ കാൾ ലിസ്റ്റ് പരിശോധിച്ചിട്ട് യാതൊരു അസ്വാഭാവികതയും പൊലീസിന് കണ്ടെത്താനായില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആർക്കും ജെസ്നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജസ്നയ്ക്ക് ലഭിച്ച ചില കോളുകൾ പൊലീസ് പരിശോധിച്ചിരുന്നു. ജെസ്നയെ തേടി കൂടുതൽ ഫോൺ കോളുകൾ വന്നത് കർണാടകത്തിൽ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. കുറച്ചു കോളുകൾ കുടകിൽ നിന്നും വന്നതായും കണ്ടെത്തിയിരുന്നു. കുടക്, മടിക്കേരി, സിന്ധുപുര, വിരാജ്പേട്ട എന്നീ പ്രദേശങ്ങളിൽ പത്തനംതിട്ട പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.
ജെസ്നയോട് സാദൃശ്യമുള്ള പെൺകുട്ടിയെ കർണാടകത്തിലെ ചിലയിടങ്ങളിൽ കണ്ടെതായി നേരത്തേയും സന്ദേശം ലഭിച്ചിരുന്നു. എയർപോർട്ടിൽ നേരത്തേ ജസ്നയെ ബെംഗളൂരുവിലെ എയർപോർട്ടിൽ കണ്ടതായി കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിന് സഹായിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ പൊലീസിന് ലഭിച്ചിരുന്നില്ല. സംഭവദിവസം 16 തവണ ജെസ്നയെ ഫോണിൽ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ലഭിച്ചില്ലെന്നു പൊലീസ് പറയുന്നു. പിന്നീട്, കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം സിബിഐ. ഏറ്റെടുക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ