തിരുവനന്തപുരം: മതവിശ്വാസം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നം തന്നെയാണ്. കമ്മ്യൂണിസ്റ്റ് ആശയത്തിൽ ജീവിക്കുന്നവർ മതവിശ്വാസം പിന്തുടരുന്ന കാര്യത്തിൽ മുമ്പ് കടുത്ത നിലപാടുകൾ സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ അത്രയ്ക്ക് കടുംപിടുത്തം സിപിഎമ്മിലില്ല. അതുകൊണ്ട് തന്നെയാണ് ശ്രീകൃഷ്ണ ജയന്തി നടത്താനും കണ്ണൂരിൽ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടത്താനും സിപിഎം മുന്നിൽ നിൽക്കുന്നത്. യേശുക്രിസുതുവിനെയും സഖാവ് എന്നു വിശേഷിപ്പിക്കാൻ കേരളത്തിലെ സിപിഎം അനുഭാവികൾ മടിച്ചിരുന്നില്ല. എന്തായാലും ഇപ്പോൾ ക്രിസ്തുമാർഗത്തിലാണ് താൻ സഞ്ചരിക്കുന്നതെന്ന് വ്യക്തമാക്കി രംഗത്തുവന്നത് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ്.

നീതിക്കായുള്ള പോരാട്ടത്തിൽ രക്തസാക്ഷിയായ ക്രിസ്തുവാണു വഴികാട്ടിയെന്നാണ് പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കിയത്. ക്രിസ്തുവിന്റെ ത്യാഗത്തിന്റെ ആധുനിക മാതൃകയാണു ചെഗുവേര. അതിനാൽ ക്രിസ്തുവിനെപ്പോലെ ചെഗുവേരയും മാർഗദീപമാണെന്ന് അദ്ദേഹം പറയുന്നു. ദുഃഖവെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ ബേബി തന്റെ ക്രൈസ്തവ ദർശനം വ്യക്തമാക്കിയതു ചർച്ചയായിരുന്നു. ഇത് സംബന്ധിച്ചു ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയത്.

ഒരു കാലത്ത് താൻ അടിയുറച്ച ക്രൈസ്തവ വിശ്വാസി ആയിരുന്നു എന്നു പറയാനു ബേബി മടിച്ചില്ല. കടുത്ത ക്രൈസ്തവവിശ്വാസത്തിൽ വളർത്തപ്പെട്ട താൻ, കൗമാരം വരെ പള്ളിയിലെ അൾത്താര ബാലനായിരുന്നുവെന്നും ബേബി പറഞ്ഞു. ഗ്രീക്ക് ഇതിഹാസത്തിലെ പ്രോമിത്യൂസിനെ ഐതിഹ്യത്തിലെ രക്തസാക്ഷിയായി കാറൽ മാർക്സ് വിലയിരുത്തിയിട്ടുള്ളത് അനുസ്മരിച്ചുകൊണ്ടാണ് ക്രിസ്തു എന്ന രക്തസാക്ഷിയിൽ താൻ എത്തിച്ചേരുന്നതെന്നും ബേബി ഓർമ്മിപ്പിച്ചു.

ധനവാനു സ്വർഗം നിഷേധിച്ച ക്രിസ്തു എന്നും പ്രചോദനമാണ്. ക്രിസ്തു ഇന്നു ജീവിച്ചിരുന്നെങ്കിൽ പറയുമായിരുന്ന കാര്യങ്ങളാണ് ഫ്രാൻസിസ് മാർപാപ്പ പറയുന്നത്. ക്രൈസ്തവദർശനത്തിന്റെ അടിസ്ഥാനമായ സ്വർഗ-നരകാവസ്ഥകളിലെ നരകം സത്യമല്ലെന്ന മാർപാപ്പയുടെ വെളിപ്പെടുത്തൽ പുതിയ ആധ്യാത്മികദർശനമാണ്. മതവിശ്വാസം സംബന്ധിച്ച കാറൽ മാർക്സിന്റെ കാഴ്ചപ്പാട് ഭാഗികമായേ വിലയിരുത്തപ്പെട്ടിട്ടുള്ളൂ. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പറഞ്ഞ മാർക്സ് ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ് മതമെന്നും നിരീക്ഷിച്ചിട്ടുണ്ട്. മാർക്സിന്റെ കാലത്ത്, വേദനയനുഭവിക്കുന്ന രോഗികൾക്ക്, വേദനസംഹാരിയായിരുന്നു കറുപ്പ്.

രോഗദുരിതങ്ങളിൽനിന്നു മനുഷ്യർ കറുപ്പിലൂടെ ആശ്വാസം നേടിയിരുന്ന ചികിത്സാമാതൃക മുൻനിർത്തിയാണ് മതവിശ്വാസം താൽക്കാലിക ശാന്തി നൽകുന്നുവെന്ന അർഥത്തിൽ മാർക്സ് നിരീക്ഷിച്ചത്. മതവിശ്വാസവും പാർട്ടി അംഗത്വവും വൈരുദ്ധ്യമല്ലെന്നും ബേബി നിരീക്ഷിച്ചു.
മതങ്ങൾ മരണാനന്തരസ്വർഗം വാഗ്ദാനം ചെയ്യുമ്പോൾ കമ്യൂണിസ്റ്റുകാർ അതു ഭൂമിയിൽ യാഥാർഥ്യമാക്കാൻ നോക്കുന്നു. വ്യത്യാസം ഇതാവുമെന്നും അദ്ദേഹം പറഞ്ഞു.

യേശു ക്രിസ്തുവും മാർക്‌സിസവുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും കുറേക്കാലങ്ങളായി നടന്നു വരുന്നതാണ്. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന വേളയിൽ സമ്മേളന നഗരിയിൽ മാർക്സിസ്റ്റ് ചിന്തകർക്കൊപ്പം യേശു ക്രിസ്തുവിന്റെ ചിത്രം സ്ഥാപിച്ചതും അന്ന് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സംസ്ഥാന സമ്മേളന ഭാഗമായിപുത്തരിക്കണ്ടം മൈതാനിയിൽ 'മാർക്സാണു ശരി എന്ന പേരിൽ നടക്കുന്ന ചരിത്ര-ചിത്ര പ്രദർശനത്തിൽ ക്രിസ്തുവിന്റെ ക്രൂശിതരൂപത്തെയും സ്ഥാപിച്ചിരുന്നു. വിപ്ലവകാരിയും സാമൂഹിക പരിഷ്‌കർത്താവും ഭരണകൂടത്തിന്റെ ക്രൂരതക്കെതിരെ ശബ്ദിക്കുകയും ഒടുവിൽ ക്രൂശിക്കപ്പെടുകയും ചെയ്ത യേശുവിനെയാണ് സിപിഐ.എം അവതരിപ്പിക്കുന്നതെന്നാണ് അന്ന് ബേബി അടക്കമുള്ളർ പറഞ്ഞത്.

എന്നാൽ സിപിഐ.എം നടപടി പ്രതിഷേധാർഹമാണെന്ന് ഫാ. പോൾ തേലക്കാട്ട് പറഞ്ഞതോടെ സംഭവം വിവാദങ്ങൾക്കും ഇടയാക്കി. ക്രിസ്തുമതം എന്നാൽ കമ്യൂണിസമാണെന്നും യേശു ക്രിസ്തു പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്നും സിപിഎം നേതാവ് എം.വി ജയരാജൻ പറഞ്ഞ സംഭവം പോലുമുണ്ടായിരുന്നു.