പോർട്ട്‌സീ: വിക്‌ടോറിയ ജീസ്സസ് യൂത്തിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസമായി മെൽബണിലെ പോർട്ട്‌സീയിൽ നടന്നുവന്നിരുന്ന ഡീപ്പർ ആൻഡ് ഹയർ കോൺഫറൻസിന് പരിസമാപ്തി. വിക്‌ടോറിയായിലെ ജീസ്സസ് യൂത്തിന്റെ മുഴുവൻ സജീവാംഗങ്ങളും കുടുബങ്ങളും ഉൾപ്പെടെ അഞ്ഞൂറിലധികംപേർ മൂന്ന് ദിവസമായി കടലിരമ്പുന്ന പോർട്ട്‌സീയുടെ ചാരുതയിൽ ഭക്തിസാന്ദ്രമായി മാറി. യുവജനങ്ങളുടെ സജീവസാന്നിധ്യവും മുഴുവൻ മുൻകാല ജിസ്സസ് യൂത്ത് പ്രവർത്തകരുടെയും അനുഭവങ്ങൾ വിശ്വാസികൾക്ക് മുമ്പിൽ ഏറ്റുപറഞ്ഞപ്പോൾ ദൃഡതയുടെ ഒരു സംരംഭത്തിന്റെ കരുത്ത് വിളിച്ചോതി.

പ്രമുഖ ഗായകനും മ്യൂസിക്ക് ഡയറക്ടറും റെക്‌സ്ബാൻസിന്റെ നായകനുമായ അൽഫോൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഭക്തിഗാനങ്ങൾ സ്റ്റേജിൽ നിറഞ്ഞാടിയപ്പോൾ പ്രാർത്ഥനയുടെ മനസ്സുമായി വിശ്വാസികൾ ഏറ്റുപാടി. ക്രിസ്തീയ ഗാനങ്ങൾ കർണാട്ടിക് ഹിന്ദുസ്ഥാനി രാഗത്തിൽ ആലപിച്ച് സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങിയിട്ടുള്ള അൽഫോൻസിന്റെ ഇംഗ്ലീഷ് പാട്ടുകൾ ഏറെ മികവുറ്റതായിരുന്നു. വെള്ളിത്തിര, മഞ്ഞുപോലൊരു പെൺകുട്ടി, ജലോത്സവം, ബിഗ്‌ബി, പയ്യൻസ് എന്നീ പ്രശസ്ത സിനിമകളുടെ മ്യൂസിക്ക് ഡയറക്ടറായിരുന്ന അൽഫോൻസിന്റെ സ്റ്റേജിലെ പ്രകടനം ജീസ്സസ് യൂത്തിന്റെ ശക്തിയുടെ മുഖമുദ്ര തെളിയിക്കുന്നതായിരുന്നു.

രാവിലെ മുതൽ വിവിധ സെക്ഷൻ പാനൽ ചർച്ചകൾ വളരെ സുഗമമായി നടന്നു. ചർച്ചകളിലും വിവിധ ക്ലാസ്സുകളിലും ഫാ. തോമസ് അരിക്കുഴി, തോമസ് മൈക്കിൾ, ഫാ. ബോണി എബ്രഹാം എംജിഎൽ, സിസി ജോസഫ്, നവീൻ തോമസ് എന്നിവർ നയിച്ചു. രാവിലെ നടന്ന കുടുംബ നവീകരണത്തിൽ സുജ നവിൻ, യുവജന സെക്ഷനിൽ നീമയും ടീനേജ് സെക്ഷനിൽ സജിത്തും വിവിധ ഗ്രൂപ്പ് ചർച്ചകൾ നയിച്ചു.

വൈകിട്ട് നടന്ന സമാപന ദിവ്യബലിയിൽ മോൺസിഞ്ഞോർ റവ. ഫാ. ഗ്രീഗ് ബെന്നറ്റ് നേതൃത്വം നൽകി. വൈകിട്ട് 6 ന് പോർട്ട്‌സീ ചരിത്രപരമായ ഡീപ്പർ ഹയർ ക്യാമ്പ് സമാപിച്ചു. പപ്പുവാന്യൂഗിനിയിൽ നിന്നുള്ള അംഗങ്ങളും ക്യാമ്പിൽ സന്നിഹിതരായിരുന്നു.