റ്റൊരു മഹാ ദുരന്തത്തിൽ നിന്നും കൂടി യുകെയിലെ മലയാളികൾ അടങ്ങുന്ന അനേകം ഇന്ത്യാക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹീത്രോ വിമാനത്താളത്തിൽ നിന്നും പറന്നുയർന്ന ജെറ്റ് എയർവേസ് വിമാനത്തിലെ പൈലറ്റുമാരുടെ അശ്രദ്ധ മൂലം വിമാനം ചുറ്റുമതിലിലും പരിസരത്തെ മോട്ടോർവേയിലൂടെ ഓടിയ വാഹനങ്ങളിലും ഇടിക്കാതെ രക്ഷപ്പെട്ടത് മഹാ ഭാഗ്യം കൊണ്ടാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത പൈലറ്റുമാരുടെ നടപടി യുകെ എയർപോർട്ട് അഥോറിറ്റി ഇന്ത്യൻ അധികൃതരെ അറിയച്ചതോടെ ജെറ്റിലെ പൈലറ്റിനെയും സഹ പൈലറ്റിനെയും സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.

ഓഗസ്റ്റ് 30-നാണ് സംഭവം നടന്നത്. റൺവേയുടെ മുഴുവൻ ദൂരവും ഉപയോഗിക്കാതെ ബോയിങ് 777 വിമാനം പറത്താൻ ശ്രമിച്ചതാണ് അപകടകരമായ സാഹചര്യത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇതുമൂലം, വിമാനം വളരെ താഴ്ന്ന് പറന്നാണ് ഉയർന്നത്. ചുറ്റുമതിലിൽനിന്ന് ഏതാനും മീറ്റർ മാത്രമായിരുന്നു ഒരുഘട്ടത്തിൽ വിമാനമെന്നും റിപ്പോർട്ടുണ്ട്. പൈലറ്റുമാരെ സസ്‌പെൻഡ് ചെയ്ത സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ, സംഭവം ഇപ്പോൾ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ടേക്ക് ഓഫിനുശേഷം വിമാനത്താവളത്തിന്റെ ചുറ്റുമതിൽ കടക്കുന്നതുവരെ തീർത്തും സുരക്ഷിതമല്ലാത്ത ഉയരത്തിലാണ് വിമാനം പറന്നതെന്ന് അധികൃതർ പറയുന്നു. പേടിപ്പെടുത്തുന്ന രീതിയിൽ പറന്ന വിമാനത്തെക്കുറിച്ച് സമീപവാസികൾ പൊലീസിനോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പൊലീസ് ഇക്കാര്യം ഹീത്രൂ എയർ ട്രാഫിക് കൺട്രോളിന്റെ ശ്രദ്ധയിൽപ്പെടുത്തി. അവർ സിവിൽ ഏവിയേഷൻ വിഭാഗത്തെയും.

ടേക്ക് ഓഫ് സമയത്ത് താഴ്ന്നു പറക്കുന്നത് വളരെ അപകടകരമായ സാഹചര്യത്തിന് ഇടയാക്കുമെന്ന് അധികൃതർ പറയുന്ു. 1993-ൽ ഔറംഗബാദിൽ 84 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തം അങ്ങനെയുണ്ടായതാണ്. ടേക്ക് ഓഫ് ചെയ്ത വിമാനം ഉയരാതിരിക്കുകയും ട്രക്കിൽ ഇടിച്ച് തകരുകയുമായിരുന്നു. വിമാനത്തിന്റെ ലാൻഡിങ് ഗിയറാണ് ട്രക്കിൽ ഇടിച്ചത്.

ഇപ്പോഴത്തെ സംഭവത്തിൽ ആർക്കെങ്കിലും പരിക്കോ മറ്റെന്തിങ്കിലും തരത്തിലുള്ള നഷ്ടമോ സംഭവിച്ചിട്ടില്ലെങ്കിലും ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും പ്രധാന്യം കൽപിക്കുന്ന സ്ഥാപനമാണ് ജെറ്റ് എയർവേയ്‌സ്. അതിൽ വിട്ടുവീഴ്ചയില്ല. പൈലറ്റുമാർക്കെതിരെ നടപടിയെടുത്തത് അതിന്റെ ഭാഗമായാണെന്നും ജെറ്റ് എയർവേസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.