മസ്‌കറ്റ്: ഒമാനിലെ പ്രവാസി ഇന്ത്യാക്കാർക്ക് സന്തോഷവാർത്ത. ഇന്ത്യയുടെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയർവേയ്സ് ഒമാനിൽ നിന്നുള്ള പ്രതിദിന സർവീസുകൾ വർധിപ്പിച്ചു.  ഡൽഹിയിലേക്കാണ് ഇപ്പോൾ പുതിയ സർവീസ് ആരംഭിച്ചത്. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ നിർവഹിച്ചു. ഇതോടെ ഇന്ത്യയിൽ നിന്നും ദിവസവും മസ്‌ക്കറ്റിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം നാലായി. പ്രതിവാരം 28 വിമാനങ്ങളും.

തിങ്കളാഴ്ച രാത്രി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ആദ്യ ബോർഡിങ് പാസ് ഡെൽഹി സ്വദേശിയായ യാത്രക്കാരന് റിയാസ് കുട്ടേരി കൈമാറി. മസ്‌കത്ത് വ്യോമയാന അഥോറിറ്റി ഉൾപ്പെടെ അംഗീകരിച്ചു നൽകിയിട്ടുള്ള നിലവിലെ ഷെഡ്യൂൾ തന്നെയായിരിക്കും തുടരുകയെന്ന് ജനറൽ മാനേജർ റിയാസ് കുട്ടേരി പറഞ്ഞു.

ചടങ്ങിൽ ജെറ്റ് വൈസ് പ്രസിഡന്റ് ഷാക്കിർ കണ്ടാവാല, ഒമാൻ ജനറൽ മാനേജർ റിയാസ് കുട്ടേരി, ദോഹ ജനറൽ മാനേജർ അനിൽ ശ്രീനിവാസൻ, റിസർവേഷൻ മാനേജർ ഈപ്പൻ ജോൺ തുടങ്ങി കമ്പനിയുടെ ഒമാനിലെ ടീം അംഗങ്ങൾ, സിവിൽ ഏവിയേഷൻ, ഒമാൻ എയർപോർട്ട് മാനേജ്മെന്റ്, ട്രാവൽ ഏജൻസി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.