ജിദ്ദ: പ്രവാസികളെ വീണ്ടും ദുരിതത്തിലാക്കി സൗദിയിൽ നിന്നുള്ള എയർ ഇന്ത്യയുടെയും ജെറ്റ് എയർവേയ്സിന്റെയും സർവീസുകൾ വെട്ടിക്കുറച്ചു.കോഴിക്കോട്ടെക്കും കൊച്ചിയിലെക്കുമുള്ള സർവീസുകൾ ആണ് റദ്ദാക്കിയത്.ജിദ്ദ, റിയാദ് എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള പല സർവീസുകളും എയർ ഇന്ത്യ വെട്ടിക്കുറച്ചിട്ടുണ്ട്.

ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് വെള്ളി ഞായർ എന്നീ ദിവസങ്ങളിൽ നടത്തിയിരുന്ന സർവീസുകളും തിരിച്ചു തിങ്കൾ, ശനി എന്നീ ദിവസങ്ങളിൽ നടത്തിയിരുന്ന സർവീസുകളും റദ്ദാക്കി. ഹൈദരാബാദ് വഴി മുംബെയിലെക്കും തിരിച്ചുമുള്ള രണ്ട് സർവീസുകൾ വീതം റദ്ദാക്കി. റിയാദിൽ നിന്ന് കൊച്ചിയിലേക്ക് ചൊവ്വാഴ്ചയും തിരിച്ചു ബുധനാഴ്ചയും ഉണ്ടായിരുന്ന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. കൂടാതെ റിയാദ് മുംബെ റൂട്ടിൽ രണ്ടും, റിയാദ് ഡൽഹി റൂട്ടിൽ ഒന്നും സർവീസുകൾ റദ്ദാക്കി. ഓപ്പറേഷൻ സംബന്ധമായ കാരണങ്ങളാൽ ഒക്ടോബർ മുപ്പത്തിയൊന്നു മുതൽ സർവീസ് നടത്തില്ല എന്നാണു എയർ ഇന്ത്യ സർക്കുലറിൽ പറയുന്നത്. യഥാർത്ഥ പ്രശ്നം എന്താണെന്ന് ഇനിയും വ്യക്തമല്ല.

ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്തവർ ഉടൻ ബന്ധപ്പെട്ട ട്രാവൽ ഏജൻസികളുമായി ബന്ധപ്പെടണം എന്ന് എയർ ഇന്ത്യ ആവശ്യപ്പെട്ടു. എയർ ഇന്ത്യക്ക് പുറമേ ജെറ്റ് എയർവേയ്സും സർവീസുകൾ വെട്ടിക്കുറച്ചു. ദമാമിൽ നിന്നും കോഴിക്കോട്ടേക്കുള്ള സർവീസുകൾ റദ്ദാക്കിയവയിൽ പെടും.