ദോഹ-ഡൽഹി സർവീസ് പ്രതിദിനം രണ്ടാക്കി ഉയർത്തുവാൻ ജെറ്റ് എയർവേയ്‌സ് തീരുമാനിച്ചു. പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന ആ തീരുമാനം ജൂലൈ ഒന്നു മുതലാണ് നടപ്പിൽ വരിക. ജെറ്റ് എയർവേയ്സിന്റെ 9 ഡബ്ല്യു 201 വിമാനമാണ് സർവ്വീസ് നടത്തുന്നത്. ദോഹയിൽ നിന്ന് പുലർച്ചെ 2.35ന് പുറപ്പെടുന്ന വിമാനം 8.50ന് ഡെൽഹിയിൽ എത്തും. തിരികെ സർവ്വീസ് നടത്തുന്ന 9 ഡബ്ല്യു 202 വിമാനം 12.05ന് പുറപ്പെട്ട് ഖത്വർ സമയം 01. 35ന് ദോഹയിൽ എത്തിച്ചേരും.

നിലവിൽ ജെറ്റ് എയർവേയ്‌സിന് ന്യൂ ഡെൽഹിയിലേക്ക് പ്രതിദിനം ഒരു സർവ്വീസ് മാത്രമാണുള്ളത്. ഇതു കൂടാതെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മുംബൈ എന്നിവടങ്ങളിലേക്കും പ്രതിദിനം സർവ്വീസ് നടത്തുന്നുണ്ട്.

ഖത്തറിൽ ഇന്ത്യക്കാരായ പ്രവാസികൾ ഏറെയുള്ളതിനാൽ അവധിക്കാല സീസണുകളിൽ വളരെയധികം തിരക്കാണ് നിലവിൽ ഉണ്ടാവുന്നത്. ഇതിനൊരു ആശ്വാസമെന്ന നിലയ്ക്കാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. ഈ സമയങ്ങളിൽ കണക്ഷൻ വിമാനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും.