ജെറ്റ് എയർവേയ്സ് ഗൾഫ് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിന്റെ പതിനഞ്ചു ശതമാനം ഇളവ് പ്രഖ്യാപിച്ചു. ജെറ്റ് എയർവെയ്സ് വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഓൺലൈനിലൂടെ ടിക്കറ്റ് ബുക്കു ചെയ്യുന്നവർക്കു മാത്രമാണ് ആനുകൂല്യം ലഭിക്കുക. ഈ മാസം 25 മുതൽ 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് അടിസ്ഥാന നിരക്കിന്റെ പതിനഞ്ചു ശതമാനം ഇളവ് ലഭിക്കുക.

പ്രത്യേക ഇളവുകളോടെ വരുന്ന ഡിസംബർ 10 വരെ യാത്ര ചെയ്യാം.പ്രീമിയർ, ഇക്കോണമി വിഭാഗത്തിൽ ഖത്വറിനു പുറമെ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, സഊദി അറേബ്യ, യു എ ഇ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രത്യേക ഓൺലൈൻ ആനുകൂല്യം ലഭിക്കുമെന്ന് ജെറ്റ് എയർവേയ്സ് ഗൾഫ്, മെന വൈസ് പ്രസിഡന്റ് ശാകിർ കന്ദവാല അറിയിച്ചു.

ലക്ക് ഇ ടിക്കറ്റ്, വെബ് പ്രമോഷന്റെ ഭാഗമായാണ് യാത്രക്കാർക്ക് ആനുകൂല്യം നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ നഗരങ്ങൾക്കു പുറമെ സിംഗപ്പൂർ, ധാക്ക, കൊളംബോ, കാഠ്മണ്ഡു, ഹോംകോങ് തുടങ്ങിയ ആസിയാൻ, സാർക്ക് രാജ്യങ്ങളിലേക്കും നിരക്കിളവ് ലഭിക്കും. ജെറ്റിന്റെ നേരിട്ടുള്ള സർവിസുകളിൽ മാത്രമേ ആനുകൂല്യമുണ്ടാകൂ. ലക്കി ടിക്കറ്റ് ഓഫറിന് v www.jetairways.com വെബ്സൈറ്റ് സന്ദർശിക്കാം.