മുംബൈ: പുതുവൽസര ദിനത്തിൽ ലണ്ടനിൽ നിന്നും മുംബൈയിലേക്ക് പറന്ന ജെറ്റ് എയർവേസ് വിമാനത്തിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. പൈലറ്റുമാരുടെ തമ്മിലടിയിൽ ജീവനും കൈയിൽ പിടിച്ചാണ് ഈ വിമാനത്തിലെ യാത്രക്കാർ പുതുവത്സരം തള്ളി നീക്കിയത്. ലണ്ടനിൽനിന്നു മുംബൈയിലേക്കു പറന്ന ജെറ്റ് എയർവെയ്‌സിന്റെ 9 ഡബ്ല്യു 119 എന്ന വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

തമ്മിലടിയെ തുടർന്ന് ഇരു പൈലറ്റും കോക്പീറ്റിൽ നിന്നും ഇറങ്ങി പോയതാണ് ആശങ്കയ്ക്ക് വഴിവെച്ചത്. വിമാനം പറക്കുന്നതിനിടയിലാണ് തമ്മിലടിച്ച് ഇരുവരും കോക്ക്പീറ്റിൽ നിന്നും ഇറങ്ങി പോയത്. അവസാനം വനിതാ പൈലറ്റിനെ ക്രൂ മെമ്പേഴ്‌സും യാത്രക്കാരും ചേർന്ന് അനുനയിപ്പിച്ചാണ് കോക്പീറ്റിൽ എത്തിച്ചത്.

രണ്ട് കുട്ടികളും 14 ക്രൂ അംഗങ്ങളും ഉൾപ്പെടെ 324 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുമാരുടെ വഴക്ക് എല്ലാവരിലും പരിഭ്രാന്തി പരത്തി. വിമാനം പറന്നു തുടങ്ങിയ ഉടനെയാണ് പൈലറ്റുമാർ തമ്മിൽ വഴക്ക് തുടങ്ങിയത്. തർക്കത്തിനിടെ പ്രധാന പൈലറ്റ് വനിതാ പൈലറ്റിനെ അടിച്ചതായും റിപ്പോർട്ടുണ്ട്. കോക്പിറ്റ് ക്രൂവിലെ ആശയവിനിമയത്തിൽ സംഭവിച്ച പിഴവാണ് അസ്വഭാവിക സംഭവങ്ങൾക്കു കാരണമെന്ന് ജെറ്റ് എയർവെയ്‌സ് പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം ണ്ടു പൈലറ്റുമാരെയും സസ്‌പെൻഡ് ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തീരുമാനിച്ചു. അന്വേഷണം പൂറത്തിയാകുന്നതുവരെ പൈലറ്റുമാരുടെ ലൈസൻസ് റദ്ദാക്കി. എന്നാൽ ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമെന്താണെന്ന് വ്യക്തമല്ല.

കോക്ക്പീറ്റിലെ ഴക്കിനെതുടർന്ന് വനിതാ പൈലറ്റ് കരഞ്ഞുകൊണ്ട് കോക്പിറ്റിൽനിന്നു പുറത്തേക്കു വരുന്നതാണ് മറ്റുള്ളവർ കണ്ടത്. ഇവരോടു തിരിച്ചുവരാൻ മുഖ്യ പൈലറ്റ് ഫോണിലൂടെ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ കമാൻഡർ പൈലറ്റും കോക്പിറ്റിൽനിന്ന് പുറത്തുവന്നു. ഇത് ഏവരെയും ആശങ്കയിലാക്കി.

പിന്നീട് വളരെ പണിപ്പെട്ടാണ് ക്രൂ അംഗങ്ങൾ ഇരുവരെയും കോക്പിറ്റിലേക്കു തിരിച്ചയച്ചത്. വീണ്ടും വഴക്കുണ്ടായതിനെ തുർന്ന് വനിതാ പൈലറ്റ് പുറത്തിറങ്ങി. സംഭവം അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ യാത്രക്കാർ ഭയപ്പെട്ടു. വിമാന ക്രൂവിന്റെയും യാത്രക്കാരുടെയും അപേക്ഷയെ തുടർന്ന് വനിതാ പൈലറ്റ് കോക്പിറ്റിലേക്കു തിരിച്ചുപോയപ്പോഴാണ് ഏവർക്കും സമാധാനമായത്. വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തതെന്നും യാത്രക്കാർക്കും അസ്വസ്ഥകളില്ലെന്നും ജെറ്റ് എയർവെയ്‌സ് അറിയിച്ചു.