ദോഹ: ഖത്തറിൽ നിന്നുള്ള പ്രവാസി മലയാളികൾ നേരിടുന്ന യാത്രാ പ്രശ്‌നത്തിന് പരിഹാരമായി ജെറ്റ് എയർവേയ്‌സിന്റെ പ്രതിദിന സർവ്വീസുകൾ തുടങ്ങി. തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമാണ്പ്രതിദിന സർവീസുകൾ ആരംഭിച്ചുത്. ഇതോടെ റംസാൻ മധ്യവേനലവധി സീസൺ തുടങ്ങാനിരിക്കേ, ഖത്തറിൽ നിന്നുള്ള പ്രവാസി മലയാളികൾ നേരിടുന്ന യാത്രാ പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും.

നേരത്തെ കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് ജെറ്റ് എയർവേയ്‌സ് ദോഹയിൽ നിന്നും ദിവസവും സർവീസുകൾ നടത്തിയിരുന്നത്. ആഴ്ചയിൽ മൂന്നു ദിവസം വീതം ഇക്കഴിഞ്ഞ മാർച്ചിൽ കോഴിക്കോട്ടെക്കും തിരുവനന്തപുരത്തേക്കും ആരംഭിച്ച സർവീസുകളാണ് ഇപ്പോൾ പ്രതിദിന സർവീസുകളായി വർധിപ്പിച്ചത്. റൺവേ വികസനത്തിന്റെ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ഖത്തറിലെ മലബാർ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇതേറെ സഹായകരമാവും.

156 ഇക്കോണമി ക്ലാസ് ടിക്കറ്റുകളും 12 ബിസിനസ് ക്ലാസ് സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക. തിരക്കേറിയ സീസണിലും താരതമ്യേന കുറഞ്ഞ നിരക്കിലാണ് തങ്ങൾ സർവീസ് നടത്തുന്നതെന്നും ജൂൺ ജൂലായ് മാസങ്ങളിലേക്കുള്ള ടിക്കറ്റുകൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ദിവസവും രാവിലെ 10.35നാണ് ദോഹയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം യാത്ര തിരിക്കുക. വൈകീട്ട് 5.30നു കോഴിക്കോട്ടെത്തും. വൈകീട്ട് 6.45 ന് കോഴിക്കോട്ടു നിന്നു പുറപ്പെടുന്ന വിമാനം 8.35 ന് ദോഹയിൽ ഇറങ്ങും. രാത്രി 9.35 നാണ് ദോഹയിൽ നിന്നും തിരുവനന്തപുര ത്തേക്കുള്ള വിമാനം പുലർച്ചെ 4.40 നു തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തു നിന്നും രാവിലെ 7.15 നു പുറപ്പെടുന്ന വിമാനം രാവിലെ 9.35 നു ദോഹയിലെത്തും.