തിരുവനന്തപുരം: ഡി.ജി.പി എന്ന അധികാരത്തിന്റെ ഗർവിൽ തലസ്ഥാനത്തെ പ്രമുഖ ജൂവലറിയിൽ നിന്ന് 95 ശതമാനം ഡിസ്‌കൗണ്ട് ഭീഷണിപ്പെടുത്തി നേടിയെടുത്ത് മകൾക്കായി ഏഴുപവന്റെ നെക്ലേസ് വാങ്ങിയെടുത്ത ജയിൽ മേധാവി സുധേഷ് കുമാറിനെതിരെ ക്രിമിനൽ കേസെടുക്കാൻ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ശുപാർശ നൽകി. തിരുവനന്തപുരം എം.ജി റോഡിലെ ജൂവലറിയിൽ നിന്നാണ് ഡി.ജി.പി ഉടമയെ ഭീഷണിപ്പെടുത്തി കേട്ടുകേൾവിയില്ലാത്ത ഡിസ്‌കൗണ്ട് സംഘടിപ്പിച്ചെടുത്തത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ജൂവലറിയുടമയെ വിളിച്ചുവരുത്തുകയും ചീഫ്‌സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ചേർന്ന് തെളിവുകൾ പരിശോധിച്ച ശേഷമാണ് ക്രിമിനൽ കേസെടുക്കാൻ ശുപാർശ ചെയ്തത്. ഒക്ടോബറിൽ വിരമിക്കുന്നതിനാൽ തനിക്കെതിരെ ഇനി നടപടിയെടുക്കരുതെന്ന് ഡിജിപി കാലുപിടിച്ച് അപേക്ഷിച്ചതിനാൽ ഗുരുതര സ്വഭാവത്തിലുള്ള ശുപാർശ സർക്കാർ നടപടിയെടുക്കാതെ ഒതുക്കിയിരിക്കുകയാണ്.

ശക്തമായ തെളിവുകളാണ് ജൂവലറി അധികൃതർ ഹാജരാക്കിയത്. ഡി.ജി.പി ജൂവലറിയിലെത്തുന്ന സി.സി.ടി.വി ദൃശ്യങ്ങളടക്കം അദ്ദേഹത്തിനെതിരായ തെളിവുകളായി മാറി. വിജിലൻസ് ഡയറക്ടറായിരിക്കേ തിരുവനന്തപുരം എം.ജി റോഡിലെ ജൂവലറിയിൽ
നിന്നാണ് മകൾക്കായി ആന്റിക് ശ്രേണിയിൽപെട്ട ഏഴ് പവന്റെ നെക്ലേസ് ഡിജിപി തിരഞ്ഞെടുത്തത്.

സാധാരണ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ജൂവലറിക്കാർ ഡിസ്‌കൗണ്ട് നൽകുന്ന പതിവുണ്ട്. ആരോ പറഞ്ഞ് ഇക്കാര്യമറിഞ്ഞ ഡി.ജി.പി ഗൺമാനെ ജൂവലറിയിൽ വിട്ട് ഡിസ്‌കൗണ്ട് ആവശ്യപ്പെട്ടു. അഞ്ച് ശതമാനം ഡിസ്‌കൗണ്ട് നൽകാമെന്ന് മാനേജർ അറിയിച്ചപ്പോൾ ഡി.ജി.പി കുപിതനായി. ജൂവലറിയുടമയുടെ മകനെ കാണണമെന്ന് ഗൺമാൻ വഴി ഡിജിപി അറിയിച്ചു. ആന്റിക് ആഭരണമായതിനാൽ 30 ശതമാനം പണിക്കൂലിയുണ്ടെന്നും സ്വർണവില മൂന്ന് ലക്ഷവും പണിക്കൂലി ഒരു ലക്ഷവുമാകുമെന്നും പരമാവധി 10 ശതമാനം ഡിസ്‌കൗണ്ട് നൽകാമെന്നും ജൂവലറിയുടമയുടെ മകൻ ഡി.ജി.പിയെ അറിയിച്ചു. ഇതോടെ ഡി.ജി.പി അടങ്ങിയെന്നാണ് ജൂവലറിക്കാർ കരുതിയത്.

എന്നാൽ സംഭവിച്ചത് മറ്റൊന്നാണ് രണ്ടുദിവസത്തിനു ശേഷം ഡിജിപി ജൂവലറിയിലെത്തി ഏഴു പവന്റെ നെക്ലേസ് ഫുൾ ഡിസ്‌കൗണ്ടിൽ നൽകണമെന്നാവശ്യപ്പെട്ടു. ഡി.ജി.പിയുടെ സ്വരം കടുത്തതോടെ വിരണ്ട ജൂവലറിയുടമ, സാറിന് അത്ര നിർബന്ധമാണെങ്കിൽ 50ശതമാനം ഡിസ്‌കൗണ്ട് നൽകാമെന്ന് അറിയിച്ചു. ഇതോടെ ഡി.ജി.പിയുടെ ഭാവം മാറി. ജൂവലറിയിൽ നിങ്ങൾ കാട്ടിക്കൂട്ടുന്നതെല്ലാം എനിക്ക് അറിയാമെന്നും യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തിൽ കുടുക്കി അകത്താക്കുമെന്നും ഡി.ജി.പി ഭീഷണിപ്പെടുത്തി. ഒന്നും പ്രതികരിക്കാനാവാതെ ജൂവലറി ഉടമയും മകനും ഇരിക്കവേ, അഞ്ച് ശതമാനം പണവും നൽകി ഡി.ജി.പി നെക്ലേസുമെടുത്ത് പോയി.

ജൂവലറിയുടമ കാണിച്ച ബുദ്ധിയാണ് ഡി.ജി.പിയെ കുടുക്കിയത്. ഡിജിപിക്ക് ആകെ വിലയുടെ 95 ശതമാനം ഡിസ്‌കൗണ്ടിൽ നെക്ലേസ് നൽകിയതായി അവർ ഇൻവോയ്‌സിൽ രേഖപ്പെടുത്തി. ഡി.ജി.പി ജൂവലറിയിലെത്തുന്നതും ഭീഷണിപ്പെടുത്തിയതും നെക്ലേസുമായി പോയതുമെല്ലാം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളും ഡി.ജി.പിക്കെതിരായ ശക്തമായ തെളിവുകളായി മാറി. ജൂവലറി അധികൃതർ മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും ഡി.ജി.പി ഇടപെട്ട് ഒതുക്കിത്തീർത്തു.

പി.ടി.സി പ്രിൻസിപ്പാളായിരുന്ന യോഗേഷ് അഗർവാളിനെക്കൊണ്ട് ആദ്യം അന്വേഷിപ്പിച്ചെങ്കിലും ഇങ്ങനെയാന്നും നടന്നിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്. വീണ്ടും അവർ പരാതി നൽകിയപ്പോഴാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വിശദമായി അന്വേഷിച്ചതും പരാതി സത്യമാണെന്ന് കണ്ടെത്തിയതും. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് സുധേഷിനെ മാറ്റി ജയിൽ ഡി.ജി.പിയായി നിയമിച്ചത്.

നേരത്തേ സുധേഷ്‌കുമാർ ക്യാമ്പ് ഫോളോവർമാരെ വീട്ടിൽ ദാസ്യപ്പണിക്ക് നിയോഗിച്ചതും, ഡ്രൈവറായ പൊലീസുകാരനെ മകൾ മർദ്ദിച്ചതും വിവാദമായിരുന്നു. ഈ കേസിൽ മകൾക്കെതിരെ കുറ്റപത്രം നൽകിയ ക്രൈംബ്രാഞ്ച് എസ്‌പി പ്രശാന്തൻ കാണിയെയും മേൽനോട്ട ചുമതല വഹിച്ച എ.ഡി.ജി.പി എസ്.ശ്രീജിത്തിനെയും വിജിലൻസ് കേസിൽ കുടുക്കാൻ സുധേഷ് കുമാർ ശ്രമിച്ചിരുന്നു. ഊമക്കത്ത് പരാതിയായി സ്വീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും, ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്.