ന്യൂഡൽഹി: കോൺഗ്രസിന്റെ രാഷ്ട്രീയ വെല്ലുവിളിക്ക് അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ബിജെപി. പുതുതായി അധികാരമേറ്റ രാജസ്ഥാനിലും, മധ്യപ്രദേശിലും, ഛാത്തീഗഡിലും കോൺഗ്രസ് സർക്കാരുകൾ കാർഷിക വായ്പാ ഇളവ് പ്രഖ്യാപിച്ചതോടെ, ബിജെപി-ബിജെഡി സർക്കാരുകളും അതേ പിന്തുടരുകയാണ്. ഒഡിഷ-ജാർഖണ്ഡ് സർക്കാരുകളാണ് പുതിയ ഇളവുകളുമായി രംഗത്തെത്തിയത്.

കർഷകരുടെ ക്ഷേമത്തിനും കാർഷിക മേഖലയുടെ വികസനത്തിനുമായി ഒഡിഷ സർക്കാർ 10,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. കൃഷക് അസിസ്റ്റൻസ് ഫോർ ലിവ്ലിഹൂഡ് ആൻഡ് ഇൻകം ഓഗ്മെന്റേഷൻ (കെ.എ.എൽ.ഐ.എ) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി.

കെ.എ.എൽ.ഐ.എ ചരിത്രപരമായിരിക്കുമെന്നും സംസ്ഥാനത്തെ കാർഷിക മേഖല പുഷ്ടിപ്പെടുന്നതിനും ദാരിദ്ര്യ നിർമ്മാർജനത്തിനും സഹായകമാവുമെന്നും പട്നായിക് മാധ്യമങ്ങളോട് പ്രതികരിച്ചു. 30 ലക്ഷത്തിലേറെ വരുന്ന ചെറുകിട, ഇടത്തരം കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കാർഷിക വായ്പ എഴുതിത്ത്തള്ളുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളൊന്നുംതന്നെ പദ്ധതിയിലില്ല.

പദ്ധതി പ്രകാരം കാർഷിക ആവശ്യത്തിനായി ഖാരിഫ്, റാബി സീസണുകളിൽ 5000 രൂപ വീതം വർഷത്തിൽ 10,000 രൂപ ഓരോ കർഷകനും ധനസഹായം ലഭ്യമാക്കും. അധികാരത്തിൽ വന്നാൽ കാർഷിക വായ്പ എഴുതിത്ത്തള്ളുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ പട്നായിക് പരിഹസിച്ചു. കാർഷിക വായ്പ എഴുതിത്ത്തള്ളുന്നത് കുറച്ചുപേർക്ക് മാത്രമേ സഹായമാവുകയുള്ളുവെന്നും പുതിയ പദ്ധതി 92 ശതമാനം കർഷകർക്കും ഉപകാരപ്പെടുമെന്നും പട്നായിക് വ്യക്തമാക്കി.

അതേസമയം, ജാർഖണ്ഡ് സർക്കാർ ചെറുകിട നാമമാത്ര കർഷകർക്കായി അടുത്ത സാമ്പത്തിക വർഷം സഹായം പ്രഖ്യാപിച്ചു. 22.26 കർഷകർക്കാണ് ഏക്കറിന് 5000 രൂപ വച്ച് സഹായം നൽകുക. മുഖ്യമന്ത്രി കൃഷിയോജന പ്രകാരം 2250 കോടിയാണ് ഇതിന് വേണ്ടി ചെലവഴിക്കുക. അടിത്ത സാമ്പത്തിക വർഷം മുതൽ പദ്ധതി ആരംഭിക്കുമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർദാസ് അറിയിച്ചു.