റാഞ്ചി: ജാർഖണ്ഡ് ജില്ലാ ജഡ്ജിയായിരുന്ന ഉത്തം ആനന്ദിന്റെ മരണം കൊലപാതകമാണെന്ന് സിബിഐ. ജഡ്ജിയെ വാഹനം പിന്നിൽ നിന്നും വന്നിടിച്ചത് യാദൃച്ഛികമല്ലെന്നും, ബോധപൂർവം ഇടിപ്പിച്ചതാണെന്നും സിബിഐ പറയുന്നു. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് ജാർഖണ്ഡ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സിബിഐ. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജൂലായിലാണ് പ്രഭാത സവാരിക്ക് ഇറങ്ങിയ ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചത്. സംഭവം പുനഃരാവിഷ്‌കരിച്ചതിൽനിന്നും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും ഫോറൻസിക് തെളിവുകളിൽനിന്നും ഉത്തം ആനന്ദിനെ മനഃപൂർവം കൊലപ്പെടുത്തുക ആയിരുന്നെന്ന് വ്യക്തമായതായി സിബിഐ. വൃത്തങ്ങൾ പ്രതികരിച്ചു. തെളിവുകൾ വിശകലനം ചെയ്യാൻ ഗാന്ധിനഗർ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള നാല് ഫോറൻസിക് സംഘങ്ങളുടെ സേവനം സിബിഐ. പ്രയോജനപ്പെടുത്തിയിരുന്നു. ഉത്തംകുമാറിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന സംശയം ശരിവെക്കുന്നതാണ് ഇവരുടെ റിപ്പോർട്ടുകളെന്നും സിബിഐ. വ്യക്തമാക്കുന്നു.

 

ഉത്തം ആനന്ദ് കൊലപാതക കേസ് അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. കേസിൽ അറസ്റ്റിലായ ഡ്രൈവർ ലഖൻ വർമയുടെയും സഹായി രാഹുൽ വർമയുടെയും ബ്രെയിൻ മാപ്പിങ്, നാർക്കോ അനാലിസിസ് പരിശോധനാഫലങ്ങൾ സിബിഐ. പഠിച്ചുകൊണ്ടിരിക്കുകയാണ്. സംഭവം നടന്നതിന്റെ പിറ്റേന്നു തന്നെ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്തിൽവച്ചാണ് ഇവരുടെ ബ്രെയിൻ മാപ്പിങ്, നാർക്കോ അനാലിസിസ് പരിശോധനകൾ നടത്തിയത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി.

48-കാരനായ ഉത്തം ആനന്ദ് ജൂലൈ 28-നാണ് കൊല്ലപ്പെടുന്നത്. ഓട്ടോറിക്ഷ ഇടിച്ചുവീഴ്‌ത്തിയതിന് പിന്നാലെ രക്തത്തിൽ കുളിച്ചു കിടന്ന ഉത്തമിനെ പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപേ അദ്ദേഹം മരിച്ചിരുന്നെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അപകടത്തിന് കാരണമായ ഓട്ടോറിക്ഷ ഒരു സ്ത്രീയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.

പൊലീസിന്റെ അന്വേഷണത്തിനെതിരെ ജഡ്ജിയുടെ കുടുംബം രംഗത്തു വന്നതിനെ തുടർന്ന് റാഞ്ചി ഹൈക്കോടതിയാണ് കേസ് അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്. കേസ് അന്വേഷണം ഇപ്പോൾ സുപ്രീംകോടതി മേൽനോട്ടത്തിലാണ് നടക്കുന്നത്.