2013ൽ ജൂണിൽ മുംബൈയിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ബോളിവുഡ്‌നടി ജിയാഹ് ഖാന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നടിയുടെ അമ്മയും സഹോദരിയും വീണ്ടും രംഗത്തെത്തി. ന്യൂയോർക്കിൽ ജനിച്ച് ലണ്ടനിൽ വളർന്ന് ബോളിവുഡിൽ ചുവടുറപ്പിച്ച ജിയാഹ്ഖാനെ ആദിത്യ പച്ചോളിയുടെയും സെറീനവഹാബിന്റെയും മകൻ സൂരജ് പച്ചോളി കൊന്നതാണെന്ന സംശയമാണ് നടിയുടെ കുടുംബക്കാർ വീണ്ടും ഉയർത്തുന്നത്. ജിയായുടെ ബോയ്ഫ്രണ്ടായിരുന്നു സൂരജ്. കൊലപാതകമാണെന്ന് തെളിവുണ്ടായിട്ടും ജിയായുടെ മരണം ആത്മഹത്യയാണെന്ന് കോടതി വിധിയുണ്ടായിട്ടും നിയമനടപടികൾ തുടരാൻ തന്നെയാണ് കുടുംബക്കാരുടെ തീരുമാനം. എന്നാൽ സൂരജിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതിനെതിരെ കോടികളുട നഷ്ടപരിഹാരം ചോദിച്ച് നടന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.

ജിയായുടെ മരണത്തിന് പിന്നിലെ യഥാർത്ഥ സത്യം കണ്ടെത്തുന്നത് വരെ നിയമപോരാട്ടം തുടരുമെന്നാണ് അവരുടെ അമ്മ റാബിയ്യയും സഹോദരി കവിതയും വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ സഹോദരിക്ക് ഒരിക്കലും ആത്മഹത്യ ചെയ്യാനാവില്ലെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നാണ് ലണ്ടനിൽ ജീവിക്കുന്ന കവിത ദി ഗാർഡിയനോട് പറഞ്ഞിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തങ്ങൾ പൊലീസിനെ വിശ്വസിച്ചിരുന്നുവെന്നും മരണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ട് വരുമെന്ന് വിശ്വസിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതില്ലാതായെന്നും കവിത പറയുന്നു.

സൂരജിന് ജിയായുടെ മരണത്തിൽ പങ്കില്ലെന്ന് മരണം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം കോടതി ഉത്തരവുണ്ടായിരുന്നു. അതിന് ശേഷം ജിയായുടെ മരണത്തിന് ഉത്തരവാദി താനാണെന്ന് അവരുടെ കുടുംബം വീണ്ടും ആരോപിക്കാൻ തുടങ്ങിയിരിക്കുന്നതിനാൽ തനിക്ക് 12 മില്യൺ പൗണ്ട് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മാനനഷ്ടക്കേസ് കൊടുത്തിരിക്കുകയാണ് സൂരജ്. ജിയാ വൈകാരിക സ്ഥിരത ഇല്ലാത്ത ആളായിരുന്നുവെന്നും ഇതിന് മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്നുമാണ് സൂരജ് അഭിപ്രായപ്പെടുന്നത്.

തന്റെ മകളുടെ മരണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഒഫീഷ്യലുകൾ മനഃപൂർവം വളച്ചൊടിച്ചുവെന്ന് ആരോപിച്ച് റാബിയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്. ഫോറസിൻസിക് തെളിവുകളെല്ലാം ജിയായുടെ കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും ഇതൊരു ആത്മഹത്യയാക്കിത്തീർക്കുകയായിരുന്നുവെന്നും റാബിയ്യ ആരോപിക്കുന്നു. എന്നാൽ സത്യം പുറത്തുകൊണ്ട് വരുന്നത് വരെ തനിക്ക് വിശ്രമമില്ലെന്നും ഇവർ തറപ്പിച്ച് പറയുന്നു. മരിക്കുന്നതിന് 30 മിനുറ്റ് മുമ്പ് ജിയാ ധരിച്ചിരുന്ന ട്രാക്ക് സ്യൂട്ട് കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല.

സംഭവസ്ഥലത്ത് നിന്നും വിരലടയാളങ്ങളൊന്നും കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. കഴുത്തിൽ കുരുങ്ങിയ നിലയിൽ കാണപ്പെട്ടിരുന്ന ദുപ്പട്ടയും കാണാതായിരുന്നു. ഇത്തരത്തിൽ സംശയകരമായ നിരവധി കാര്യങ്ങളുണ്ടായിട്ടും നടിയുടെ മരണം കൊലപാതകമല്ലെന്നും മറിച്ച് ആത്മഹത്യയായിരുന്നുവെന്നും കോടതി വിധിക്കുകയായിരുന്നു. അമേരിക്കൻ ഇന്ത്യക്കാരനായിരുന്നു ജിയായുടെ പിതാവ് അലി റിസ് വി ഖാനിൽ നിന്നും റാബിയ്യ വിവാഹ മോചനം നേടിയതിന് ശേഷം ജിയായും ഇളയസഹോദരിമാരും ചെൽസിയയിൽ ആയിരുന്നു വളർന്നിരുന്നത്. 17ാം വയസിൽ ന്യൂയോർക്കിലെ ലീ സ്ട്രാസ്‌ബെർഗ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡ്രാമ കോഴ്‌സിന് ചേർന്നതാണ് ജിയായുടെ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് 18ാം വയസിൽ രാംഗോപാൽ വർമയുടെ നിശബ്ദിലൂടെ ജിയാ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു.