- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏതെങ്കിലും വ്യക്തിയെയോ മുന്നണികളെയോ തോൽപിക്കണമെന്നോ ജയിപ്പിക്കണമെന്നോ പറഞ്ഞിട്ടില്ല; സമസ്തയുടെ രാഷ്ട്രീയ നയം വ്യക്തം; മുസ്ലിം ലീഗിന്റെ റിബൽ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തണമെന്ന് പറഞ്ഞതായിട്ടുള്ള ചന്ദ്രികയിലെ വാർത്ത അടിസ്ഥാനരഹിതമെന്ന് ജിഫ്രി തങ്ങൾ
കോഴിക്കോട്; മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെ വാർത്തെക്കെതിരെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ലീഗ് വിമതരെ തോൽപ്പിക്കണമെന്ന് സമസ്ത പ്രസഡിണ്ട് പറഞ്ഞു എന്ന തരത്തിൽ ചന്ദ്രിക ദിനപത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു.
ഏതെങ്കിലും വ്യക്തികളെയോ മുന്നണികളെയോ രാഷ്ട്രീയ പാർട്ടികളെയോ വിജയിപ്പിക്കണമെന്നോ തോൽപ്പിക്കണമെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് പുളിയാവിൽ സ്വകാര്യ ആവശ്യത്തിനായി എത്തിയപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരാണെന്ന് പറഞ്ഞ് ചിലർ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ റിബൽ ശല്യത്തെക്കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ സൗഹൃദ സംഭാഷണത്തിനിടയിൽ സംസാരിച്ചിരുന്നു. അത് വാർത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യതയല്ല. ചന്ദ്രികയിൽ നിന്നും ഇത്തരം സമീപനം പ്രതീക്ഷിച്ചതല്ല. അടിസ്ഥാനരഹിതമായ വാർത്ത തിരുത്തുമെന്നാണ് കരുതുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ രാഷ്ട്രീയ നയം വ്യക്തമാണ്. ആ നയത്തില് ഒരു മാറ്റവും വരുത്തിയിട്ടില്ല. മുൻഗാമികളായ സമസ്ത നേതൃത്വത്തിന്റെ നിലപാടുകളുമായി തന്നെ മുന്നോട്ട് പോകുമെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ റിബൽ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തണമെന്ന് ജിഫ്രി കോയ തങ്ങൾ പറഞ്ഞതായിട്ടായിരുന്നു ചന്ദ്രിക വാർത്ത. നാദാപുരത്തെ സ്വകാര്യ ചടങ്ങിനിടയിൽ തന്നെ വന്നു കണ്ട മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ജിഫ്രി തങ്ങൾ ആശീർവദിച്ചെന്നും വാർത്തയിലുണ്ടായിരുന്നു. അവിടെ വെച്ച് നടത്തിയ പരാമർശമെന്ന രീതിയിലാണ് ചന്ദ്രികയിൽ വാർത്ത പ്രസിദ്ധീകരിച്ചത്. പാണക്കാട് കുടുംബം നേതൃത്വം നൽകുന്ന പാർട്ടിയാണ് മുസ്ലിം ലീഗെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും ആ പാർട്ടി നേതൃത്വം നൽകുന്ന മുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞതായി ചന്ദ്രികയിലെ വാർത്തയിലുണ്ടായിരുന്നു.
മുസ്ലിം ലീഗ് ഏറെ ആലോചിച്ച് നിർത്തിയ സ്ഥാനാർത്ഥികൾക്കെതിരെ വിമതരായി മത്സരിക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു എന്നും വാർത്തയിലുണ്ടായിരുന്നു. ഈ വാർത്തയെയാണ് ഇപ്പോൾ ജിഫ്രി തങ്ങൾ തള്ളിപ്പറഞ്ഞിരിക്കുന്നത്. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ചന്ദ്രികയിലെ വാർത്തഅടിസ്ഥാന രഹിതമാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞതോടെ മുസ്ലിം ലീഗ് വെട്ടിലായിരിക്കുകയാണ്. തോൽവി ഭയന്ന് ജിഫ്രി തങ്ങളുടെ പേരിൽ പോലും വ്യാജവാർത്തകൾ സൃഷ്ടിക്കുകയാണ് മുസ്ലിം ലീഗും ചന്ദ്രികയും എന്ന് എതിർപാർട്ടിക്കാർ ആരോപിക്കുന്നു.