മാഞ്ചസ്റ്റർ: മെയ് 22ന് മാഞ്ചസ്റ്റർ അരീനയിൽ ചാവേറാക്രമണം നടത്തി 22 പേരെ വധിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത ജിഹാദി ഭീകരൻ സൽമാൻ അബേദി(22) ആക്രമണത്തിന് മുമ്പ് മാഞ്ചസ്റ്ററിലെ തെരുവുകളിലൂടെ ചുറ്റിക്കറങ്ങുന്ന സിസിടിവി ചിത്രങ്ങൾ പൊലീസ് പുറത്ത് വിട്ടു. ആക്രമണത്തിന് മുമ്പുള്ള അബേദിയുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു പൊലീസ് ഇത് അന്വേഷിച്ച് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ ഉണ്ടെങ്കിൽ ഹാജരാക്കാനും പൊലീസ് ജനത്തോട് ആവശ്യപ്പെട്ടിരുന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ് ഡിറ്റെക്ടീവ് ചീഫ് സൂപ്രണ്ടായ റുസ് ജാക്ക്സൻ വെളിപ്പെടുത്തുന്നത്. നോർത്ത് വെസ്റ്റ് കൗണ്ടർ ടെററിസം യൂണിറ്റിന്റെ തലവനാണ് ഇദ്ദേഹം. അബേദി റുഷ്ഹോമിലെ ബാൻഫ് റോഡ് പ്രദേശത്തേക്ക് എന്തിനാണ് വന്നതെന്നതിനെ കുറിച്ച് പൊലീസ് ഇപ്പോഴും അന്വേഷിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അബേദിയെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചിട്ടും അയാളെ പൊലീസ് പിന്തുടർന്നില്ലെന്ന ആരോപണം ശക്തമാണ്. എന്നാൽ മെയ്‌ 22ലെ ആക്രമണത്തിന് മുമ്പ് അബേദിയെക്കുറിച്ച് അറിയിച്ച് കൊണ്ടുള്ള ഒരൊറ്റ കാൾ പോലും പൊലീസ് ആന്റി ടെററിസ്റ്റ് ഹോട്ട് ലൈനിൽ കണ്ടെത്താൻ സാധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.

ആക്രമണത്തിന് മുമ്പ് അബേദിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആരെങ്കിലും തങ്ങളെ വിളിച്ചിരുന്നുവോയെന്ന് പൊലീസ് ജനത്തോട് തിരക്കിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതിനിടെയാണ് മാഞ്ചസ്റ്ററിന്റെ വിവിധ ഭാഗങ്ങളിൽ അബേദി എത്തിയതിന്റെ വിവിധ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇതിലൊന്നിൽ അബേദി നീല ജീൻസും 150 പൗണ്ട് വിലയുള്ള നൈക്ക് എയർ ജോർദാൻ ട്രെയിനേർസും ധരിച്ചിരിക്കുന്നു. കൂടാതെ തന്റെ ജാക്കറ്റ് വലത് കൈയിൽ പിടിച്ചിരിക്കുന്നതും കാണാം. മറ്റൊരു വിഷ്വലിൽ അബേദി തന്റെ ജാക്കറ്റ് ബാക്ക്പാക്കിൽ വഹിച്ചിരിക്കുന്നതായി കാണാം.

ആക്രമണത്തിന് മുമ്പുള്ള അബേദിയുടെ ചലനങ്ങൾ ട്രാക്ക് ചെയ്യാൻ തങ്ങൾ ശ്രമിച്ച് വരുന്നുവെന്നും അതിന്റെ ഭാഗമായിട്ടാണ് പുതിയ സിസിടിവി ഇമേജുകൾ പുറത്ത് വിടുന്നതെന്നും അത് കണ്ട് ആളുകൾക്ക് അബേദിയെ എവിടെയെങ്കിലും കണ്ടതായി ഓർമിച്ചെടുക്കാൻ സാധിച്ചാൽ അത് കേസന്വേഷണത്തിന് വഴിത്തിരിവാകുമെന്നും ജാക്ക്സൻ പറയുന്നു. അബേദിയെ നേരിട്ട് കണ്ടതായി ആർക്കെങ്കിലും ഓർമിച്ചെടുക്കാൻ സാധിക്കുന്നുവെങ്കിൽ പൊലീസുമായി ബന്ധപ്പെടണമെന്നും ജാക്ക്സൻ ആവശ്യപ്പെടുന്നു.

ഇയാൾ ഏപ്രിൽ 15ന് ലിബിയയിലേക്ക് പോയെന്നും തുടർന്ന് മെയ്‌ 18ന് തിരിച്ചെത്തിയെന്നുമാണ് തങ്ങൾ മനസിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തിരിച്ചെത്തിയ ശേഷമാണ് അബേദി ബോംബുണ്ടാക്കുന്നതിനുള്ള പാർട്സുകൾ വാങ്ങിയതെന്നും പൊലീസ് കണക്ക് കൂട്ടുന്നു. രാജ്യം വിട്ട് പോകുമ്പോഴും ഇവിടേക്ക് വരുമ്പോഴും എന്തെങ്കിലും സ്ഫോടകവസ്തുക്കൾ അബേദിയുടെ കൈവശമുണ്ടോയെന്നറിയാനാണ് അയാളുടെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതെന്നും പൊലീസ് വിവരിക്കുന്നു.