ലണ്ടൻ: ഇറാഖിൽ നിന്നും സിറിയയിൽ നിന്നും ബ്രിട്ടനിലേക്ക് മടങ്ങി വരാൻ നിർബന്ധിതരായിരിക്കുന്ന ജിഹാദി വിധവകൾ ഇവിടെ കടുത്ത ആക്രമണങ്ങൾക്കും തീവ്രവാദത്തിനും വഴിയൊരുക്കുമെന്ന ആശങ്ക പരക്കെ ശക്തമായി വരുന്ന അവസരമാണല്ലോ ഇത്. സഖ്യസേനയുടെ ആക്രമണത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ നിന്നും ഐസിസിന്റെ വേരറുക്കപ്പെട്ടതിനെ തുടർന്ന് തിരിച്ച് വരാൻ നിർബന്ധിതരായ ഇവർ ഭീകരവാദം ബ്രിട്ടന്റെ മണ്ണിൽ വേരോട്ടുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ മടങ്ങിയെത്തിയ ജിഹാദി വിധവകളുടെ മനസ് മാറ്റിയെടുക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയയാണ് ഇന്ത്യൻ വംശജയായ ഡോക്ടർ ഏൻജെല മിശ്ര. തന്റെ കൗൺസിലിംഗിലിലൂടെ ഐസിസ് ആശയത്തോടുള്ള ഇവരുടെ അടിമത്തം ഇല്ലാതാക്കുകയാണ് ഈ ഡോക്ടർ ചെയ്യുന്നത്. ഐസിസ് ഭീകരതയുടെ കഥകൾ വിധവകളുടെ വാക്കുകളിൽ കേട്ട് താൻ മരവിച്ച് പോയെന്നും ഏൻജെല മിശ്ര വെളിപ്പെടുത്തുന്നു.

നികുതിദായകന്റെ ചെലവിൽ മിശ്ര രഹസ്യമായി നടത്തുന്ന കൗൺസിലിംഗിലൂടെ ഒരു ഡസനിലധികം ജിഹാദി വിധവകൾ കടന്ന് പോയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഐസിസ് ആശയത്തിൽ നിന്നും ഇവരെ രക്ഷിക്കുന്നതിനുള്ള തന്റെ കൗൺസിലിംഗിനെക്കുറിച്ച് ഇതാദ്യമായിട്ടാണ് മിശ്ര പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്. ജിഹാദികളുടെ ഭാര്യമാരും വിധവകളുമായ ആയിരത്തിലധികം പേർ സിറിയയിൽ നിന്നും ഇറാഖിൽ നിന്നും യൂറോപ്പിലേക്ക് വന്ന് കൊണ്ടിരിക്കുന്നുവെന്ന് യൂറോപ്യൻയൂണിയൻ ബോർഡർ ഏജൻസിയായ ഫ്രന്റക്സ് ഇന്നലെയായിരുന്നു വെളിപ്പെടുത്തിയിരുന്നത്. അത്തരക്കാർ ബ്രിട്ടനടക്കമുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ സുരക്ഷക്ക് കടുത്ത ഭീഷണിയുയർത്തുന്നുവെന്നും ഫ്രെന്റക്സ് മുന്നറിയിപ്പേകിയിരുന്നു.

തങ്ങളെ ഓൺലൈനിലൂടെ ജിഹാദികൾ ഐസിസിലേക്ക് ആകർഷിച്ചതിനെ തുടർന്നാണ് തങ്ങൾ സിറിയയിലേക്കും ഇറാഖിലേക്കും പോകാനും ഭീകരരെ വിവാഹം ചെയ്യാനും നിർബന്ധിതരായതെന്ന് കൗൺസിലിംഗിന്റെ ഭാഗമായി നിരവധി ജിഹാദി വിധവകൾ മിശ്രയോട് വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതൈ ഐസിസ് പാളയങ്ങളിൽ തങ്ങൾ നേരിടേണ്ടി വന്ന പൈശാചിക ചൂഷണങ്ങളെക്കുറിച്ചും ദൃക്സാക്ഷികളാവേണ്ടി വന്ന ക്രൂര കൊലപാതകങ്ങളെക്കുറിച്ചും ഇവർ മിശ്രയോട് വിവരിക്കുന്നുണ്ട്. തങ്ങളെ സ്നേഹിക്കുമെന്ന വാഗ്ദാനത്തിൽ മനം മയങ്ങിയാണ് തങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് പോയതെന്നും ബ്രിട്ടീഷ് വനിതകൾ വെളിപ്പെടുത്തുന്നു.

ബ്രിട്ടനിൽ വിവാഹമോചനം സംഭവിച്ച ചില സ്ത്രീകൾ തങ്ങളുടെ കുട്ടികൾക്ക് ' അച്ഛൻ' മാരെ തേടി മിഡിൽ ഈസ്റ്റിലെ ഐസിസ് താവളങ്ങൽലേക്ക് പലായനം ചെയ്ത കഥകളും മിശ്രയോട് വെളിപ്പെടുത്തിയിരുന്നു. ജിഹാദി താവളത്തിലെത്തി സ്ത്രീകൾ ഗർഭിണികളാകുന്നതിന് തടയുന്നതിനായി അവർക്ക് ഫെർട്ടിലിറ്റി ഇഞ്ചക്ഷൻ നൽകിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. വളരെ ചെറിയ പെൺകുട്ടികളെ 50 വയസിന് മേൽ പ്രായമുള്ളവർ വിവാഹം കഴിച്ച ചരിത്രവും തിരിച്ച് വന്നവർക്ക് പറയാനുണ്ട്. ഇത്തരത്തിലുള്ള നിരവധി സ്ത്രീകളെ മിശ്രയും ഭർത്താവ് ഉസ്മാൻ രാജയും രഹസ്യ താവളത്തിൽ പുനരധിവസിപ്പിച്ചിരുന്നു.

ഐസിസിന് വേണ്ടി പ്രവർത്തിച്ചിരുന്ന 18 മുൻ പുരുഷ ജിഹാദികളും ഈ കൗൺസിലിങ് പ്രോഗ്രാമിൽ ഭാഗഭാക്കായിരുന്നു. എന്നാൽ പൊതുഖജനാവിലെ പണമെടുത്ത് ഇത്തരത്തിൽ ജിഹാദികൾക്ക് കൗൺസിലിങ് നടത്തുന്നതിനെ നിരവധി പേരാണ് വിമർശിക്കുന്നത്. തിരിച്ച് വന്നവർക്ക് മേൽ എന്തുകൊണ്ടാണ് തീവ്രവാദ കുറ്റം ചാർജ് ചെയ്യാത്തതെന്നും അവരുടെ പേര് പരസ്യപ്പെടുത്താത്തതെന്നും വിമർശകർ ചോദിക്കുന്നുണ്ട്.