കൊച്ചി: സോളാർ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരെ താൻ മൂന്നു തവണ കണ്ടിട്ടുള്ളതായി മുഖ്യമന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം ജിക്കുമോൻ. സോളാർ കമ്മീഷന് മുന്നിൽ നൽകിയ മൊഴിയിലാണ് ജിക്കുമോൻ ഇക്കാര്യം വ്യക്തമാക്കിയത്. ടീം സോളാറിന്റെ മാനേജിങ് ഡയറക്ടർ എന്ന രീതിയിലാണ് സരിതയുമായി സംസാരിച്ചു തുടങ്ങിയത്. സരിതയുമായി ബിസിനസ് കാര്യങ്ങളും കുടുംബകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പരിപാടി അറിയുന്നതിന് വേണ്ടിയാണ് ആദ്യം വിളിച്ചത്. രണ്ടു തവണ സെക്രട്ടറിയേറ്റിൽ വച്ച് സംസാരിച്ചിട്ടുണ്ട്. ഒരു തവണ ഭക്ഷണം കഴിക്കാൻ പോയപ്പോൾ കണ്ടു. പിന്നീട് വിളിച്ച് സരിതയെ വിളിച്ച് സൗഹൃദപരമായി സംസാരിച്ചു തുടങ്ങി. സരിതയുടെ ഭർത്താവ് വിദേശത്താണെന്നും ഉടൻ വിവാഹമോചനം നേടും എന്നും പറഞ്ഞിരുന്നു.

സരിതയെ രാത്രികാലങ്ങളിൽ ഫോൺ വിളിക്കാറുണ്ടായിരുന്നു. സരിതയോട് ലൈംഗികകാര്യങ്ങൾ പറയുമ്പോൾ സ്വാഭാവികമായ മറുപടിയാണ് ലഭിച്ചിരുന്നത്. ഫോൺ വിളിക്കുമ്പോൾ സരിത സ്വയം ശരീര വർണന നടത്താറുണ്ടായിരുന്നു. താൻ പുറത്തിറങ്ങുമ്പോൾ എല്ലാവരും നോട്ടമാണ് തട്ടാതെയും മുട്ടാതെയും നടക്കാൻ ബുദ്ധിമുട്ടാണെന്ന് സരിത പറഞ്ഞു.' ഈ സൗന്ദര്യം കണ്ടാൽ ആരു തട്ടാതിരിക്കും' എന്ന് മറുപടി നൽകിയതായും ജിക്കുമോൻ നൽകിയ മൊഴിയിൽ പറയുന്നു.

സരിതയുമായുള്ള സംസാരത്തിൽ നിന്നും പല ഉന്നതരുമായും സരിതക്ക് ബന്ധമുണ്ടായിരുന്നുവെന്ന് മനസിലായിട്ടുണ്ട്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തി തീർക്കുന്നതിനായി മറ്റുള്ളവരുടെ മുന്നിൽ വച്ച് വിളിച്ചിരുന്നതായി തോന്നുന്നുവെന്ന് ജിക്കുമോൻ പറയുന്നു.

അതേസമയം സോളാർ കമ്മീഷൻ കേസുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളിൽ നാളെ ഉത്തരവ് പുറപ്പെടുവിക്കും. ഇടക്കാല റിപ്പോർട്ട്, മുഖ്യമന്ത്രിയുടെ വിസ്താരം സരിതയ്ക്ക് ശേഷമാക്കണം, ഹാജരാകാത്ത സാക്ഷികൾക്ക് വാറണ്ട് നൽകണം എന്നാകാര്യങ്ങളിലാണ് നാളെ തീരുമാനം ഉണ്ടാകുക. മുഖ്യമന്ത്രിയുടെ വിസ്താരം സരിതയ്ക്ക് ശേഷമാക്കണം, ഹാജരാകാത്ത സാക്ഷികൾക്ക് വാറണ്ട് നൽകണം എന്നീ കാര്യങ്ങളിലാണ് നാളെ കമ്മീഷൻ തീരുമാനമുണ്ടാകുക.

സരിത എസ് നായർ ഈ മാസം 26ന് ശേഷം സോളാർ കമ്മീഷന് മുമ്പാകെ ഹാജരാകുമെന്ന് അഭിഭാഷകൻ അറിയിച്ചിരുന്നു. മറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിന് സമയപരിധി കേസിൽ കക്ഷിചേർന്ന മറ്റ് അഭിഭാഷകരും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മൊഴി എടുക്കുന്നത് സരിതയുടെ സാന്നിധ്യത്തിൽ വേണം. സരിതയുടെ കത്തും ബിജു രാധാകൃഷ്ണന്റെ സിഡിയും ഹാജരാക്കണം. ഇല്ലെങ്കിൽ ഒരുലക്ഷം രൂപ ഫൈൻ ഈടാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

അതിനിടെ സ്ഥിരമായി ഒഴിവു കഴിവുകൾ പറഞ്ഞ് കമ്മീഷനിൽ മൊഴി നൽകാതിരുന്നാൽ ടെന്നി ജോപ്പനെ കമ്മീഷൻ വിമർശിച്ചു. തന്റെ കക്ഷിയെ കമ്മിഷൻ അധിക്ഷേപിക്കുകയാണെന്നു സിറ്റിങ്ങിൽ ആരോപിച്ച ടെനി ജോപ്പന്റെ അഭിഭാഷക സോണിയയെ കമ്മിഷൻ രൂക്ഷമായി വിമർശിച്ചു. ടെനി ജോപ്പന് ഒരുവട്ടം തീയതി നീട്ടി നൽകിയിരുന്നു. പനി പിടിപെട്ട് ആശുപത്രിയിലാണെന്ന് അഭിഭാഷക അറിയിച്ചതിനാലാണ് നീട്ടിനൽകിയത്.

ഇന്നലെ സിറ്റിങ്ങിൽ, ടെനി ജോപ്പന് ഇനി എന്നു ഹാജരാകാൻ കഴിയുമെന്നു കമ്മിഷൻ ചോദിച്ചു. ഡിസ്ചാർജ് ചെയ്‌തെങ്കിലും ഡോക്ടർ രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചിരിക്കുകയാണെന്ന് അഡ്വ. സോണിയ പറഞ്ഞു. എങ്കിൽ അടുത്ത ദിവസം തന്നെ ടെനി ജോപ്പനെ വീട്ടിലെത്തി വിസ്തരിക്കാമെന്നും അതിനു കമ്മിഷന് അധികാരമുണ്ടെന്നും ജസ്റ്റിസ് ശിവരാജൻ പറഞ്ഞു. വേണമെങ്കിൽ രോഗിയെ ഒന്നു തടവുകയും ചെയ്യാം എന്ന കമ്മിഷന്റെ അനുബന്ധ പരാമർശമാണ് അഭിഭാഷകയെ ചൊടിപ്പിച്ചത്.

തന്റെ കക്ഷിയെ കമ്മിഷൻ അധിക്ഷേപിക്കുകയാണെന്ന് അവർ പറഞ്ഞു. എന്നാൽ, കമ്മിഷൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും എത്രയും വേഗം അന്വേഷണം അവസാനിപ്പിക്കാൻ ആലോചിക്കുമ്പോൾ, സാക്ഷികൾ ഇങ്ങനെ ഒഴികഴിവ് പറയുന്നതു ശരിയല്ലെന്നും ജസ്റ്റിസ് ശിവരാജൻ പറഞ്ഞു. ടെനി ജോപ്പനെ വീട്ടിലെത്തി വിസ്തരിക്കുമെന്നു കമ്മിഷൻ വീണ്ടും സ്വരം കടുപ്പിച്ചതോടെ 23ന് ടെനി ജോപ്പനെ ഹാജരാക്കാമെന്ന് ഉറപ്പു നൽകിയ അഭിഭാഷക, കമ്മിഷനെതിരെ താൻ നടത്തിയ പരാമർശത്തിൽ മാപ്പപേക്ഷിക്കുകയും ചെയ്തു.