തിരുവനന്തപുരം: ജിമിക്കി കമ്മൽ പാട്ടുകേൾക്കുമ്പോൾ മുഖം ചുളിക്കുന്നവരുണ്ട് ഇപ്പോൾ. ഓ..കേട്ടുകേട്ടുമടുത്തു എന്നൊക്കെ പറയും,. ഓണത്തിന് വന്ന വെളിപാടിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിലെ ഈ ഗാനം ക്രിസ്മസായിട്ടും ആളുകളുടെ ഹിറ്റ് ലിസ്്റ്റിൽ നിന്ന് പോകുന്നില്ല എന്നതാണ് സത്യം.

ജിമ്മിക്കി കമ്മൽ ഇതുവരെ യുട്യൂബിൽ കണ്ടവരുടെ എണ്ണം അഞ്ചു കോടി പിന്നിട്ടു. യുട്യൂബിൽ ഏറ്റവുമധികം പ്രാവശ്യം പ്രേക്ഷകർ കണ്ട മലയാള സിനിമാഗാനവും ഇതുതന്നെയാണ്. ഷാൻ റഹ്മാൻ ഈണമിട്ട പാട്ട് വൻ ഹിറ്റ് ആയിരുന്നു. ലാൽ ജോസും മോഹൻലാലും ആദ്യമായി ഒന്നിച്ച വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ പാട്ട്, സിനിമയേക്കാൾ ഹിറ്റ് ആയി എന്നതാണ് സത്യം.

അനിൽ പനച്ചൂരാനാണ് ഗാനരചന നിർവ്വഹിച്ചത്. വിനീത് ശ്രീനിവാസനും സംഘവും പാടിയ പാട്ടാണ് ജിമ്മിക്കി കമ്മൽ. അപ്പാനി ശരതും സംഘവും ചടുലമായ നൃത്തച്ചുവടുകളുമായി കോളജ് ക്യാംപസിൽ ആടിപ്പാടുന്നതാണ് പാട്ടിന്റെ ദൃശ്യങ്ങളിലുള്ളത്. പാട്ടും ഡാൻസും ഒരുപോലെ പ്രേക്ഷകർ ഏറ്റെടുത്തു.

ഈ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന നിരവധി വീഡിയോകളാണ് പുറത്തിറങ്ങിയത്. അവയിൽ മിക്കതും ഏറെ പ്രേക്ഷക ശ്രദ്ധ നേടി. ജിമ്മിക്കി കമ്മൽ ഡാൻസ് കളിച്ച ഹിറ്റ് ആയ ഷെറിൽ.ജി.കടവൻ, അന്നാ മാത്യു എന്നിവർക്ക് തമിഴ് താരം സൂര്യയുടെ ചിത്രത്തിൽ ഡാൻസ് ചെയ്യാനുള്ള അവസരവും കിട്ടി. ഒടുവിൽ പാട്ട് ഹിറ്റാക്കിയതിന് നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ ചുവട് വച്ച ജിമിക്കി കമ്മൽ ഗാനവും വൈറലായിരുന്നു.