കേരളം ഏറ്റെടുത്ത ജിമിക്കി കമ്മൽ പാട്ടിനൊപ്പം സ്റ്റേജ് ഷോയിൽ ചുവടുവക്കുന്ന പ്രിയതാരം മോഹൻലാലിന്റെ മാസ് ഡാൻസ് വീണ്ടും വൈറലാകുന്നു. കഴിഞ്ഞയാഴ്ച മസ്‌ക്കറ്റിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെയാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്‌ത്തിയ സൂപ്പർ താരത്തിന്റെ നൃത്തം അരങ്ങേറിയത് .

വിദേശ മലയാളികൾ പങ്കെടുത്ത ഒരു സ്വകാര്യ സ്റ്റേജ് ഷോയിൽ കേരളത്തിൽ തരംഗമായി മാറിയ ജിമിക്കി കമ്മൽ എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യാൻ തയാറായി കുറച്ച് പെൺകുട്ടികൾ എത്തി. എന്നാൽ വേദിയിലെത്തിയ പെൺകുട്ടികൾ ലാലേട്ടൻ തങ്ങൾക്കൊപ്പം ഡാൻസ് കളിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചു. പരിപാടിയുടെ അവതാരകയും പെൺകുട്ടികളും ചേർന്ന് മോഹൻലാലിനെ സ്റ്റേജിലേക്കു ക്ഷണിച്ചു. ആദ്യം അദ്ദേഹം വരാൻ മടിച്ചെങ്കിലും പെൺകുട്ടികൾ 'നെഞ്ചിനകത്ത് ലാലേട്ടൻ' എന്ന ക്വീൻ സിനിമയിലെ പാട്ട് ആവർത്തിച്ച് ഒന്നിച്ചു പാടി. ശേഷം സദസ്സിലേക്കിറങ്ങി താരത്തെ കൈ പിടിച്ച് സ്റ്റേജിലേക്കെത്തിച്ചു.

സ്റ്റേജിലെത്തിയ മോഹൻലാൽ ജിമിക്കി കമ്മലിനൊപ്പം തകർപ്പൻ സ്റ്റെപ്പുകളിട്ട് നൃത്തം ചെയ്തു. അതോടെ വേദിയും സദസ്സും ആവേശത്തിൽ മുങ്ങി. പിന്നീടു വേദി വിട്ട അദ്ദേഹം സദസ്സിലേക്കു തന്നെ മടങ്ങുകയും പെൺകുട്ടികൾ നൃത്തം പൂർത്തിയാക്കുകയും ചെയ്തു

മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്‌തകം എന്ന ചിത്രത്തിലെ ഈ അടി പൊളി പാട്ട് ബി.ബി.സി ചാനലിൽ പോലും ചർച്ചയായിരുന്നു.ഒരു പക്ഷേ ഒരു ഗാനത്തെ ആസ്പദമാക്കി ഏറ്റവും കൂടുതൽ ഡാൻസ് വെർഷനുകൾ ഇറങ്ങി എന്ന റെക്കാഡ് ജിമിക്കി കമ്മലിനായിരിക്കാം സ്വന്തം.