മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ മാനവം സ്വതന്ത്രചിന്താവേദി ഇന്നലെ (14-01-2018) സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന ശാസ്ത്രപ്രഭാഷണ-ദിവ്യാൽഭുത അനാവരണ പരിപാടി (കൂടോത്രം-2018) എസ് ഡി പി ഐയുടെ നേതൃത്വത്തിലുള്ള മതതീവ്രവാദികൾ തടസ്സപ്പെടുത്തിയിരിക്കുന്നു.

പരിപാടിയുടെ പ്രചരണാർത്ഥം അടിച്ചിറക്കിയ ലഘുലേഖയിൽ തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടെന്ന തൊടുന്യായം ഉന്നയിച്ച് പ്രാദേശിക എസ് ഡി പി ഐ നേതൃത്വം പൊലീസിൽ പരാതി നൽകി. കാടാമ്പുഴക്കടുത്തുള്ള ബി പി അങ്ങാടിയിൽ നടക്കുന്ന നേർച്ച പരിപാടിയിൽ മൊത്തം പൊലീസും എത്തേണ്ടതു കൊണ്ട് കൂടോത്രം-2018 എന്ന പരിപാടിക്ക് സംരക്ഷണം നൽകാനാകില്ലെന്നും പരാതിയുള്ള സാഹചര്യത്തിൽ പരിപാടി നടത്താൻ നൽകിയിരുന്ന അനുമതി റദ്ദാക്കുന്നതായും പൊലീസ് അറിയിച്ചു.

പരിപാടി നടത്താൻ തയ്യാറാക്കിയിരുന്ന സ്റ്റേജിനു സമീപം കെട്ടിയിരുന്ന ബാനർ അക്രമികൾ കീറി നശിപ്പിച്ചു. ലൈറ്റ് & സൗണ്ട് ടീമിനെ വിളിച്ച് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടു. സമീപ പ്രദേശങ്ങളിൽ നിന്ന് തങ്ങളുടെ ആൾക്കാരെ ഫോൺ ചെയ്ത് വരുത്തി, പരിപാടി നടത്തിയാൽ ''നിരത്തിക്കളയും'' എന്ന് ആക്രോശിച്ചുകൊണ്ട് സംഘാടകരെ വളഞ്ഞുവെച്ച് പ്രകോപനം സൃഷ്ടിച്ചു. അവസാനം പരിപാടി ഉപേക്ഷിച്ച് കാടാമ്പുഴ പട്ടണത്തിൽ വായ്മൂടി കെട്ടി പ്രകടനം നടത്തി സംഘാടകരും കാണികളും പിരിഞ്ഞുപോയി.

അന്ധവിശ്വാസങ്ങൾക്കെതിരെ ''കൂടോത്രം -2018'' എന്ന പേരിൽ നടത്താൻ തീരുമാനിച്ചിരുന്ന പരിപാടിയുടെ ലഘുലേഖയിൽ 'ഇഷ്ടമല്ലാത്ത എന്തൊക്കയോ കണ്ടു' എന്ന് പ്രഖ്യാപിച്ച് വ്രണപെടൽ വാദവുമായി പൊലീസിൽ പരാതി കൊടുത്തത്. സ്വതന്ത്രചിന്തകരോ നിരീശ്വരവാദികളോ പൊതുപരിപാടികൾ നടത്തുന്നത് പോലും തങ്ങൾക്ക് സഹിക്കുന്നില്ല എന്നാണിവർ പറയാതെ പറയുന്നത്.

ഒരു ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഈ കടന്നാക്രമണം പ്രതിഷേധാർഹമാണ്. സംഘപരിവാർ നിലപാടുകൾക്കെതിരെ നിരന്തരമായി വാചോടാപം നടത്തിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ഈ കാടത്തം കാണിക്കുന്നതെന്നത് അവരുടെ കപടമുഖം വ്യക്തമാക്കുന്നു. സ്വതന്ത്ര ചിന്തക്കുനേരെ മതതീവ്രവാദികൾ നടത്തുന്ന കടന്നാക്രമണത്തിലും ഫാസിസ്റ്റു നടപടിയിലും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു, സംഘാടകരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.