കോട്ടയം: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസിന്റെ ഞെട്ടലിലാണ് കേരളീയ സമൂഹം. പെൺകുട്ടിയുടെ പിതാവ് അടക്കം ഉൾപ്പെട്ട പീഡന കേസുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ പുറത്തുവരുമ്പോൾ കോട്ടയത്തു നിന്നും മറ്റൊരു ഞെട്ടിക്കുന്ന പീഡന കേസു കൂടി പുറത്തുവരുന്നു. ഇവിടെ പെൺകുട്ടികളുടെ റോമിയോ ചമഞ്ഞ് മുപ്പതിലേറെ പേരേ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങൾ പകർത്തുകയും ചെയ്തത് ഒരു യുവാവാണ്. ഇയാളെ അറസ്റ്റു ചെയ്ത ശേഷം ചോദ്യം ചെയ്തപ്പോഴാണ് കെണിയിൽ വീണവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

സ്‌കൂൾ വിദ്യാർത്ഥിനികളെയും യുവതികളെയും പീഡിപ്പിച്ച് നഗ്നചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇരകളാക്കപ്പെട്ടവരുടെ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ രണ്ടുപേർ മാത്രമാണ് പരാതി നൽകാൻ തയ്യാറായത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിലെ പൊലീസ് അന്വേഷണവും പ്രതിസന്ധിയിലാകുകയായിരുന്നു. പീഡനത്തിന് ഇരയായവരിലേറെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഉയർന്ന കുടുംബത്തിൽപെട്ടവരാണ്. അതുകൊണ്ട് തന്നെ മാനക്കേട് ഭയന്ന് പലരും ഈ സംഭവം അറിഞ്ഞില്ലെന്ന് നടിക്കുകയാണ്.

പലരും പരാതിയിൽനിന്ന് പിന്മാറുന്നത് അന്വേഷണസംഘത്തെ ശരിക്കും കുഴയ്ക്കുന്നുണ്ട്. മൂന്നു പരാതിയിലേറെ ലഭിച്ചാൽ പ്രതിക്കെതിരേ ഗുണ്ടാ ആക്ട്, കാപ്പ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് ശക്തിപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. ഫൊറൻസിക് ലാബിൽ നടത്തുന്ന പരിശോധനയിൽ ഇരകളുടെ കൂടുതൽ വിവരങ്ങൾ പ്രതിയുടെ ഫോണിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഏതാനും ചിത്രങ്ങൾ പ്രതിയുടെ ഫോണിൽനിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.

സംഭവത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കോട്ടയം കല്ലറ മറ്റം ജിത്തുഭവനിൽ ജിൻസു(24) വിനെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഫേസ്‌ബുക്കിലൂടെയാണ് ജിൻസു പെൺകുട്ടികളെയും യുവതികളെയു വലയിലാക്കിയത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുമായി പ്രതി പ്രണയത്തിലായ ശേഷം ഓരോ ഇടങ്ങളിലേക്കും ക്ഷണിക്കുകയാണ്. ഇവിടെ വെച്ച് തന്റെ ലൈംഗിക താൽപ്പര്യം അറിയിക്കുയും പെൺകുട്ടികളെ സമർത്ഥമായി ഇതിലേക്ക് വലിച്ചിടുകയും ചെയ്യുകയായിരുന്നു. ആദ്യ ഘട്ടത്തിൽ ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിലേർപ്പെടുകയും ഈ രംഗം ഫോണിൽ പകർത്തി തുടർച്ചയായി പീഡിപ്പിക്കുകയുമായിരുന്നു ജിൻസു ചെയ്തിരുന്നത്.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തെങ്കിലേ ഇരകളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ പരാതിയിലാണ് പ്രതിക്കെതിരേ കേസെടുത്തിട്ടുള്ളത്. തുടർന്ന് മറ്റൊരു കുട്ടിയും പരാതി നൽകാൻ തയ്യാറായി. പ്രായപൂർത്തിയായ ഇരകളുടെ പരാതിപ്രകാരം മാത്രമേ കേസെടുക്കാൻ കഴിയൂവെന്നതിനാൽ ഇവരെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി. എന്നാൽ പരാതി പറഞ്ഞ പലരും പൊലീസിന് മൊഴി നൽകാൻ തയ്യറാകാത്തത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ കടുത്തുരുത്തി പൊലീസ് ഇൻസ്പെക്ടർ കെ.എസ്.ജയനാണ് അന്വേഷണചുമതല. ഒരാൾ തന്നെ ഇത്രയേറെ പേരെ വലയിലാക്കിയ സംഭവം പൊലീസിനെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

കോട്ടയത്തെ കാർ വർക്ക്‌ഷോപ്പിലെ ജീവനക്കാരനാണ് അറസ്റ്റിലായ ജിൻസു. ഫേസ്‌ബുക്കിലൂടെയുള്ള പരിചയത്തിന്റെ മറവിൽ മൊബൈൽ നമ്പർ സംഘടിപ്പിച്ചാണ് ഇയാൾ പെൺകുട്ടികളെ വലയിലാക്കിവന്നത്. മൂന്നു വർഷത്തിനിടയിലാണ് പീഡനങ്ങളെല്ലാം. സ്‌കൂൾ കുട്ടികളെയാണ് ഇയാൾ കൂടുതലായും വശത്താക്കിയത്. ചതിയിൽപെട്ട പെൺകുട്ടിയെക്കുറിച്ച് സ്‌കൂൾ പ്രിൻസിപ്പലിന് വിവരം ലഭിച്ചിരുന്നു. പ്രിൻസിപ്പൽ ഇക്കാര്യം ഓപ്പറേഷൻ ഗുരുകുലം ടീമിനു കൈമാറിയതോടെയാണ് ജിൻസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുപത്തഞ്ചിലധികം പെൺകുട്ടികളെ ഇയാൾ ചതിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒരു പ്രഥമാധ്യാപികയ്ക്ക് തന്റെ സ്‌കൂളിലെ ഒരു പെൺകുട്ടിയെ യൂണിഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ മറ്റൊരാളുടെ കൂടെ കാറിൽ കണ്ടതായി വിവരം കിട്ടി. ഈ വിവരം ജില്ലാ പൊലീസ് മേധാവിയുടെ ഓപ്പറേഷൻ ഗുരുകുലം പദ്ധതി കോ-ഓർഡിനേറ്ററെ അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ കുട്ടിയെ കാറിൽ കൊണ്ടുപോയ യുവാവിനെ പിടികൂടി. ഇയാളുടെ മൊബൈലിൽ മറ്റ് പെൺകുട്ടികളുമായുള്ള അശ്ലീല ചാറ്റുകൾ കാണിച്ചുകൊടുത്തതോടെ പെൺകുട്ടി ഈ ബന്ധത്തിൽനിന്ന് പിന്മാറി. തന്റെ ഒരു കൂട്ടുകാരി ഇത്തരത്തിൽ മറ്റൊരാളുടെ കെണിയിൽപ്പെട്ടതായി പെൺകുട്ടി പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവരുന്നത്.

യുവാവിന്റെ മൊബൈലിൽ നിന്നാണ് പീഡനപരമ്പരയുടെ ചുരുളഴിയുന്നത്. ഇരുപതിലധികം പെൺകുട്ടികളുടെയും യുവതികളുടെയും ചിത്രങ്ങളും വീഡിയോകളും പ്രത്യേക ഫോൾഡറുകളിലാക്കി ഇയാൾ മൊബൈലിൽ സൂക്ഷിച്ചിരുന്നു. ഇവയിൽ മിക്കവരും പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. മൊബൈൽ ശാസ്ത്രീയപരിശോധനകൾക്കായി പൊലീസ് ഫൊറൻസിക് ലാബിലേക്ക് അയച്ചു. ഇയാളുടെ വലയിൽപ്പെട്ട കൂടുതൽപേർ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.