മൂവാറ്റുപുഴ:ദുരിതക്കടൽ താണ്ടി കളിക്കളത്തിൽ ഉയരങ്ങൾ കീഴടക്കിയ ജിനു മരിയയുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ നാട്ടുകാർ കൈകോർക്കുന്നു.കഷ്ടതകൾക്കിടയിലും മൈതാനങ്ങളിൽ പുതിയ ഉയരങ്ങൾ കീഴടക്കിയ പോത്താനിക്കാട് സ്വദേശിയായ ജിനുവിന് വീടും ജോലിയും തരപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രാഹമിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന നീക്കം വിജയിത്തിലേക്ക് കടക്കുകയാണ്.

മുവാറ്റുപുഴ പുളിന്താനം സ്വദേശിനി ജിനു മരിയ മാനുവലിന് എന്നത്തെയും വലിയ സ്വപ്‌നം സ്വന്തമായി ഒരുവീട് എന്നതായിരുന്നു.പിന്നെ കുടുമ്പത്തിന് താങ്ങാവാൻ ഒരു ജോലി.മീഡിയവൺ ചാനൽ പ്രവർത്തകർ വീട് നിർമ്മിച്ച് നൽകാമെന്ന് എം എൽ എ യെ അറിയിച്ചിട്ടുണ്ട്. ജോലിക്കാര്യത്തിൽ വേണ്ടത് ചെയ്യാമെന്ന കായിക വകുപ്പ് മന്തി എ സി മൊയ്തീനും നേരിൽ ഉറപ്പ് നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം എം എൽ എ യോടൊപ്പെം മന്ത്രിയെക്കണ്ട് ജിനു ജോലിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.സ്ഥലം വാങ്ങാനുള്ള പണം കണ്ടെത്തുകയെന്നതാണ് നിലവിൽ ഇക്കാര്യത്തിൽ നേരിടുന്ന പ്രധാന പ്രതിസന്ധി.

ഈ ദൗത്യം ഇപ്പോൾ എം എൽ എ യുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ജനകീയ കമ്മറ്റി ഏറ്റെടുത്തിരിക്കുകയാണ്.ഇതിനായി വിദേശത്ത് ജോലിചെയ്യുന്ന സുഹൃത്തുക്കളുടെ സഹായം തേടുമെന്നും അടുത്ത് തന്നെ ഗൾഫ് യാത്ര ലക്ഷ്യമിട്ടിട്ടുണ്ടെന്നും എം എൽ എ മറുനാടനോട് വ്യക്തമാക്കി.

പ്രവാസി മലയാളികളുടെ സംഘടന ഒരുക്കിയിട്ടുള്ള സ്വീകരണപരിപാടിയിൽ പങ്കെടുക്കുന്നതിനായി ഈ മാസം 22 മുതൽ 26 വരെ ഗൾഫിലുണ്ടാവുമെന്നും ഈയവസരത്തിൽ ഇവിടെ ജോലിചെയ്തുവരുന്ന സുഹൃത്തുക്കളിൽ നിന്നും സ്ഥലം വാങ്ങുന്നതിനായുള്ള പണം സ്വരൂപിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ വിശദീകരിച്ചു.

പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഹാളിലാണ് ജിനുമരിയയുടെ വീട് നിർമ്മാണത്തിൽ ജനകീയ പങ്കാളിത്ത മുറപ്പിക്കാൻ് സർവ്വസർവകക്ഷി യോഗം ചേർന്നത്.യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി കെ വർഗീസ് അധ്യഷത വഹിച്ചു. സ്ഥലം കണ്ടെത്തുന്നതിന് രൂപീകരിച്ച സമിതി ഭാരവാഹികളായി എൽദോ എബ്രഹാം എംഎൽഎ രക്ഷാധികാരിയായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സി സ്‌കറിയ ചെയർമാനും വൈസ് പ്രസിഡന്റ് സജി കെ വർഗീസ്, ജില്ല പഞ്ചായത്ത് അംഗം കെ ടി അബ്രഹാം, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിൻസൻ ഇല്ലിക്കൽ എന്നിവരെ വൈസ് ചെയർമാന്മാരായും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ-സാമൂഹ്യ സംഘടന പ്രതിനിധികൾ എന്നിവരെ 250 കായികതാരങ്ങൾക്ക് ജോലി നൽകാനുള്ള സർക്കാർ നടപടി ഏപ്രിലിൽ ആരംഭിക്കുമെന്നും ഇക്കൂട്ടത്തിൽ ജിനുവും ഉൾപ്പെട്ടേക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ദേശീയ ഓപ്പൺ അതലറ്റിക്സുകളിൽ ഹൈജമ്പ് വിഭാഗത്തിൽ തുടർച്ചയായ രണ്ടു വർഷവും കേരളത്തിന് വേണ്ടി സ്വർണം നേടിയ താരമാണ് ജിനു.ചെന്നൈയിലും, ലഖ്‌നൗവിലും നടന്ന മത്സരങ്ങളിലാണ് ജിനു ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.ഈരാറ്റുപേട്ടക്കടുത്ത് മൂന്നിലവ് പഞ്ചായത്തിൽ നിന്നും 17 വർഷം മുൻപ് ടാപ്പിങ് ജോലിക്കായി പുളിന്താനത്ത് എത്തിയതാണ് ഇവരുടെ കുടുംബം, അന്നുമുതൽ വാടക വീട്ടിലാണ് ഇവരുടെ താമസം. പനച്ചിക്കവയലിൽ മാണി-ഡോളി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് ജിനു.

ടാപ്പിങ് തൊഴിലാളിയായ മാണി തൊഴിൽ നഷ്ടത്തെത്തുടർന്ന് കിഴക്കമ്പലത്തിലെ സ്ഥാപനത്തിൽ സെക്യൂരറ്റി ജീവനക്കാരനായി പ്രവർത്തിച്ചുവരികയാണ്.മാതാവ് ഡോളി തയ്യൽ ജോലിയും ചെയ്തുവരുന്നു. മൂന്ന് കുട്ടികളുടെ പഠന ചെലവും ജിനുവിന്റെ കായിക പരിശീലനത്തിനുള്ള വൻതുകയും ഈ വരുമാനത്തിൽ നിന്നും ഇവർ കണ്ടെത്തണമെന്നതാണ് നിലവിലെ സ്ഥിതി.ഇതിന് പുറമേ വീടിന്റെ വാടകയ്ക്കുള്ള പണം കൂടി തരപ്പെടുത്തണം.

മൂത്ത മകൻ ജിത്തു എൻജിനീയറിങ് പാസായെങ്കിലും തൊഴിലൊന്നുമായിട്ടില്ല.ഇളയ മകൻ ജിതിൻ പോളിടെക്നിക് വിദ്യാർത്ഥിയാണ്.മക്കളിൽ രണ്ടാമതായ ജിനു പാലാ അൽഫോൻസ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ പാസായ ശേഷം ജോലിക്കായി അന്വേഷണം തുടങ്ങിയിട്ട് മാസങ്ങളായി. പുളിന്താനം ഗവ.യു പി സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോളാണ് കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി ജിനുവിന്റെ കായിക ജീവിതം ആരംഭിക്കുന്നത്.

ഹൈസ്‌കൂൾ പഠനം തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്‌കൂളിലും പ്ലസ് ടു പഠനം തൃശൂർ സായി സ്പോർട്സ് സ്‌കൂളിലുമായത് നേട്ടങ്ങൾക്ക് കരുത്തായി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ദേശീയ സ്‌കൂൾ മീറ്റിൽ രണ്ടാം സ്ഥാനം നേടിയ ജിനു പിന്നീട് ദേശീയ ജൂനിയർ അതലറ്റിക്സുകളിൽ ഹൈജമ്പ് വിഭാഗത്തിൽ തുടർച്ചയായ അഞ്ചു വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2016 സെപ്റ്റംബറിൽ ലക്നൗവിൽ നടന്ന ദേശീയ ഓപ്പൺ അതലറ്റിക്സിൽ ഹൈജമ്പിൽ കേരളത്തിന് വേണ്ടി 1.82 മീറ്റർ ചാടി സ്വർണം കൊയ്ത ജിനു,ഈ വർഷം സെപ്റ്റംബറിൽ ചെന്നൈയിൽ നടന്ന മത്സരത്തിൽ 1.78 മീറ്റർ നേട്ടം ആവർത്തിച്ച് വീണ്ടും പൊൻ താരമായി.ബോബി അലോഷ്യസിന് ശേഷം ഹൈജമ്പിൽ 1.80 മീറ്ററിന് മുകളിൽ ചാടുന്ന കേരളത്തിലെ ഏക വനിതകായികതാരവും കഴിഞ്ഞ വർഷം ചൈനയിലും തായ്പേയിലുമായി നടന്ന ഏഷ്യൻ ഗ്രാൻപ്രീയിൽ ഇന്ത്യയിൽ നിന്നും പങ്കെടുത്ത ഏക ഹൈജമ്പ് താരവും ജിനുവാണ്.