രാജ്യത്തെ ടെലികോം മേഖലയിലെ നിരക്കുകൾ കുത്തനെ കുറച്ച്, ഫ്രീ നൽകി വിപണി പിടിച്ചടക്കിയ റിലയൻസ് ജിയോ മറ്റു കമ്പനികൾക്ക് വൻ പ്രഹരമാണ് നൽകിയത്. വർഷങ്ങളായി ടെലികോം മേഖലയിൽ നിന്ന് കോടികളുടെ വരുമാനം സ്വന്തമാക്കിയിരുന്ന കമ്പനികൾക്കെല്ലാം കഴിഞ്ഞ രണ്ടുപാദങ്ങളും നഷ്ടങ്ങളുടേതാണ്.

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഐഡിയ സെല്ലുലാറിന്റെ നാലാം പാദ റിപ്പോർട്ടിലെ നഷ്ടങ്ങളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. വർഷങ്ങളായി വൻ ലാഭം സ്വന്തമാക്കിയിരുന്ന ഐഡിയയുടെ മൂന്നാം, നാലാം പാദങ്ങളിലെ വരുമാനത്തിലും ലാഭത്തിലും വൻ ഇടിവാണ് നേരിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ (ജനുവരിമാർച്ച്) കമ്പനിയുടെ നഷ്ടം 325.6 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ കമ്പനിയുടെ ലാഭം 449.2 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിൽ ഐഡിയയുടെ നഷ്ടം 383.87 കോടി രൂപയായിരുന്നു. തുടർച്ചയായ രണ്ടാം പാദമാണ് കമ്പനി നഷ്ടത്തിലാകുന്നത്. നാലാം പാദത്തിലെ വരുമാനം 6.2 ശതമാനം ഇടിഞ്ഞ് 8,126 കോടി രൂപയിലെത്തി. 2007 നു ശേഷം ഇത് ആദ്യമായാണ് ഐഡിയ ഇത്രയും വലിയ നഷ്ടം നേരിടുന്നത്.

കഴിഞ്ഞ രണ്ടു പാദങ്ങളിലും റിലയൻസ് ജിയോ ഫ്രീ സർവീസ് നൽകാൻ തുടങ്ങിയതോടെ വരുമാനം കുത്തനെ കുറഞ്ഞു. റീചാർജ് വരുമാനം കുറഞ്ഞു, നിരക്കുകൾ കുറയ്‌ക്കേണ്ടിയും വരുന്നു. ഇതാണ് ഐഡിയയ്ക്ക് വൻ തിരിച്ചടിയായത്. ടെലികോം മേഖലയിലെ മറ്റു കമ്പനികളും നഷ്ടത്തിലാണ്. പ്രതിസന്ധി തരണം ചെയ്യാൻ എയർടെല്ലും വോഡഫോണും വൻ ഓഫറുകളാണ് പ്രഖ്യാപിച്ചത്.