മുംബൈ: നാലം തലമുറ ടെലികോം സാങ്കേതികവിദ്യ(4ജി) റിലയൻസ് ജിയോ പിന്നിലെന്ന് റിപ്പോർട്ട്. സൗജന്യ സേവനമാണു നല്കുന്നതെങ്കിലും വേഗതയുടെ കാര്യത്തിൽ ജിയോ മറ്റു കമ്പനികളുടെ പിന്നിലാകുകയാണ്.

ടെലികോം റെഗുലേറ്ററി അഥോറിട്ടി(ട്രായ്)യുടെ ജനുവരി മാസത്തിലെ കണക്കുകൾ പുറത്തുവരുമ്പോൾ 4ജി ഡൗൺലോഡിങ് വേഗതയിൽ എയർടെൽ, ഐഡിയ, വോഡഫോൺ എന്നീ നെറ്റ്‌വർക്കുകളുടെ പിറകിലാണ് റിലയൻസ് ജിയോ. പുതിയ കണക്കുകൾ പ്രകാരം വേഗമേറിയ 4ജി നെറ്റ്‌വർക്കെന്ന അംഗീകാരം എയർടെല്ലിനാണ്.

ഡിസംബറിലെ 4.747 എംബിപിഎസ് ഡൗൺ ലോഡിങ് സ്പീഡ് ജനുവരിയിൽ 11.862 എംബിപിഎസ് ആക്കി ഉയർത്താൻ എയർടെല്ലിനു സാധിച്ചപ്പോൾ ജിയോയ്ക്ക് മുൻ മാസങ്ങളിലെ വേഗത പോലും നിലനിർത്താൻ സാധിച്ചില്ല. 18.146 എംബിപിഎസ് സ്പീഡ് വാഗ്ദാനം ചെയ്ത ജിയോയ്ക്ക് 8.455 എംബിപിഎസ് സ്പീഡ് മാത്രമേ ജനുവരിയിൽ ഉള്ളൂ.

ഐഡിയ, വോഡഫോൺ നെറ്റ്‌വർക്കുകളുടേയും ഡൗൺലോഡിങ് വേഗത വർദ്ധിപ്പിച്ചു. പുതിയ കണക്കുകൾ പ്രകാരം ഐഡിയയ്ക്ക് 10.562 എംബിപിഎസ് സ്പീഡും വോഡഫോണിന് 10.301 എംബിപിഎസ് സ്പീഡും ഉണ്ട്.

അപ്പ്‌ലോഡിങ്ങ് സ്പീഡിലും ഡൗൺ ലോഡിങ്ങ് സ്പീഡിലും ഡിസംബർ മാസത്തിൽ മറ്റ് നെറ്റ്‌വർക്കുകളേക്കാൾ മുന്നിലായിരുന്നു ജിയോ. എന്നാൽ ജനുവരിയിൽ വേഗത വേഗത നിലനിർത്താൻ ജിയോക്ക് സാധിച്ചില്ല.

ട്രായ് കണക്കുകൾ പ്രകാരം അപ്പ്ലോഡിങ് വേഗതയുടെ കാര്യത്തിൽ മറ്റ് നെറ്റ് വർക്കുകളേക്കാൾ മുന്നിൽ വോഡഫോണാണ്. 5.696 എംബിപിഎസ് ആണ് വോഡഫോണിന്റെ അപ്പ്ലോഡിങ് സ്പീഡ്. തൊട്ടുപുറകിൽ ഐഡിയ.