കൊച്ചി: ജിഷ കൊലക്കേസിൽ കോടതി നടപടികൾ അവസാനഘട്ടത്തിലേക്കെത്തുമ്പോൾ പുറം ലോകമറിയാതെ പോയ കരൾനീറ്റും വേദനകൾ പങ്കുവച്ച് ഉറ്റവർ. കൊടും ക്രൂരമാം വിധം കൊല്ലപ്പെടുകയും ഇതറിഞ്ഞ് നാട്ടുകാരും പൊതുസമൂഹവും അപ്പാടെ ഒത്തുകൂടിയിട്ടും തങ്ങൾ ആഗ്രഹിച്ച പോലെ ജിഷയുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ കഴിയാത്ത ഇവരുടെ ദുഃഖമാണ് ഇതിൽ മുഖ്യമായുള്ളത്. മൃതദ്ദേഹം മറവ് ചെയ്യാൻ ആറടി മണ്ണ് ഇരന്നപ്പോൾ കൂടപ്പിറവുകൾ തള്ളിപ്പറഞ്ഞത് പിതാവ് പാപ്പുവിന്റെ ഉള്ളിലെ കെട്ടടങ്ങാത്ത വേദനായായി ഇന്നും നിലനിൽക്കുന്നു.

ഒരു ദിവസത്തേക്ക് ഫ്രീസർ വാടക നൽകാൻ പണമില്ലാതെ കൺമുന്നിലുള്ള തുന്നിക്കെട്ടിൽ വെള്ളപുതപ്പിച്ച് കൺമുന്നിൽ കിടത്തിയിട്ടുള്ള ജിഷയുടെ ജഡത്തെ നോക്കി പിതൃസഹോദരൻ അയ്യപ്പൻകുട്ടി മനസ്സാ'മാപ്പ'പേക്ഷിക്കുന്നത് കണ്ടത് ഒപ്പമുണ്ടായിരുന്ന ചിലർ മാത്രം. ഒടുവിൽ ചീഞ്ഞുനാറുന്നതിന് മുമ്പേ സംസ്‌കാരം നടത്താൻ ഇയാളും കൂട്ടരും നടത്തിയ നെട്ടോട്ടവും കഷ്ടപ്പാടും അടുത്തുനിന്ന് കണ്ടറിഞ്ഞവരും ചുരുക്കമാണ്. ജിഷുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ തങ്ങൾക്കായില്ല എന്ന ദുഃഖം ഇന്നും ഉറ്റവരുടെ മനസ്സിലെ തീരാവേദനയാണ്. ഇതിലേക്കായി രാജേശ്വരിയെ പ്രവേശിപ്പിച്ചിരുന്ന പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ഇവരുടെ സഹോദരൻ വാങ്ങി സൂക്ഷിച്ചിരുന്ന പൂജാ സാധനങ്ങൾ എടുത്തുമാറ്റിയത് സംസ്‌കാരം നടത്തി ദിവസങ്ങൾക്ക് ശേഷമായിരുന്നെന്നാണ് ബന്ധു വ്യക്തമാക്കിയത്.

മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി ആമ്പുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോൾ അനുഗമിച്ചിരുന്ന അടുത്ത ബന്ധു പിതാവ് പാപ്പുവിന്റെ സഹോദരൻ അയ്യപ്പൻകുട്ടിയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദ്ദേഹവുമായി നാട്ടിലേക്കുള്ള യാത്രക്കിടെ തന്റെ കയ്യിൽ ഇനിയുള്ളത് ആകെ മുപ്പത് രൂപയെന്ന് ഇയാൾ വെളിപ്പെടുത്തി. മൃതദ്ദേഹം ഒരുദിവസം കൂടി സൂക്ഷിച്ചാലെ ചടങ്ങുകൾ നടത്താൻ കർമ്മിയെ ലഭിക്കു എന്നതായിരുന്നു അപ്പോഴത്തെ സാഹചര്യം. ആറുമണിക്ക് ശേഷം മരണാനന്തര ചടങ്ങുകൾക്കായി തങ്ങളുടെ മതവിഭാഗത്തിലെ കർമ്മി എത്താറില്ലന്നുള്ള അയ്യപ്പൻകുട്ടിയുടെയും കൂട്ടരുടെയും വെളിപ്പെടുത്തൽ കേട്ടപ്പോൾ ഒപ്പമുണ്ടായിരുന്നവർ ഇനിയെന്തുവേണ്ടു എന്ന ആശങ്കയിലുമായി.

തുടർന്ന് കൊണ്ടുപിടിച്ചുള്ള കൂടിയാലോചനകൾ നടന്നെങ്കിലും മൃതദ്ദേഹം ഫ്രീസറിൽ സൂക്ഷിക്കാനുള്ള പണംമുടക്കാൻ ആരും മുന്നോട്ടുവന്നില്ല. ഇതേത്തുടർന്നാണ് മൃതദ്ദേഹം ഉടൻ ദഹിപ്പിക്കാമെന്ന നിലപാടിലേക്ക് ബന്ധുക്കൾ എത്തിച്ചേർന്നത്. ഇതിനായി മൃതദ്ദേഹവുമായി അശമന്നൂർ പഞ്ചായത്തിലെ മലമുറി പൊതുശ്മശാനത്തിലെത്തിയപ്പോൾ പൊലീസിന്റെ അനുമതി പത്രം ഉണ്ടെങ്കിലെ സംസ്‌കാരം നടത്തു എന്ന നടത്തിപ്പുകാരന്റെ പിടിവാശി ബന്ധുക്കളെ വിഷമിപ്പിച്ചത് കുറച്ചൊന്നുമല്ല. എന്തുചെയ്യണമെന്ന് അറിയാതെ വാവിട്ട് നിലവിളിച്ച സമയമായിരുന്നു ഇതെന്നും നേരത്തോട് നേരം പിന്നിട്ട സഹോദരിയുടെ ജഡം സംസ്‌കരിക്കാൻ വേണ്ടത് എന്താണെന്ന് പറഞ്ഞുതരാൻ ആരും ഉണ്ടായിരുന്നില്ലന്നും ഇതിന് വേണ്ടി അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട അധികൃതരുടെ അനുമതി വാങ്ങിയത് താനായിരുന്നെന്നും ജിഷയുടെ സഹോദരി മറുനാടനോട് വിവരിച്ചു.

സഹോദരിയുടെ മരണാനന്ദര ചടങ്ങുകൾ നടത്താൻ കഴിയാത്തതിൽ തനിക്കും മാതാവിനും ഇന്നും വിഷമമുണ്ടെന്നും അന്നത്തേ ജില്ലാ കളക്ടർ രാജമാണിക്യത്തിന്റെ കൂടി ശ്രമഫലമായി ഏഴാം ദിനത്തിൽ മകനെക്കൊണ്ട് ആത്മശാന്തിക്കായി പൂജകൾ നടത്താനായത് മാത്രമാണ് അല്പമെങ്കിലും ആശ്വാസം പകരുന്നതെന്നും ദീപ അറിയിച്ചു.