കൊച്ചി: വൈക്കം സ്വദേശിനി ഹാദിയ എന്ന അഖിലക്ക് ഇന്ന് ഷഹീം ജഹാനൊപ്പം പോകാൻ കഴിയുമോ? രാജ്യത്തെ ഞെട്ടിച്ച ജിഷകൊലക്കേസ് വാദത്തിൽ അഡ്വ.ആളൂർ പ്രൊസിക്യൂഷനെ തളക്കുമോ? ഇന്ന് നിയമ വൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുക ഈ രണ്ട് വിഷയങ്ങൾ തന്നെ.

രാജ്യം കണ്ട അതിക്രൂരമായ കൊലപാകതങ്ങളിലൊന്നാണ് കുറുപ്പംപയിലെ ജിഷയുടേത്.നിയമവിദ്യാർത്ഥിനി ആയിരുന്ന ജിഷയെ പ്രതി ലൈംഗികമായി പീഡിപ്പിക്കണമെന്ന ലക്ഷ്യത്തോടെ സമീപിച്ചെന്നും ഇത് നടക്കാതെ വന്നതോടെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രൊസിക്യൂഷൻ വാദം. ഈ വാദം തെളിയിക്കുന്നതിനുള്ള സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.കേസിൽ പ്രൊസിക്യൂഷൻ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

ഇന്ന് പ്രതിഭാഗം വാദം ആരംഭിക്കുകയാണ്.പ്രതി അമിറുളിന രക്ഷിക്കാൻ അഡ്വ.ആളൂർ കരുതിവച്ചിട്ടുള്ള വജ്രായുധം എന്തായിരിക്കുമെന്ന ആകാംക്ഷയാണിപ്പോൾ നിയമവൃത്തങ്ങളിൽ ചർച്ചയായിട്ടുള്ളത്. തന്റെ വാദം കേൾക്കാൻ ആളൂർ വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങളെ കോടതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സൗമ്യകേസിൽ ഗോവിന്ദചാമിയെ കൊലക്കയറിൽ നിന്നും രക്ഷിച്ച തന്റെ കരിയറിലെ സുവർണ്ണനേട്ടം ഒരിക്കൽ കൂടി ആവർത്തിക്കുമെന്ന ഉത്തമവിശ്വാസിത്തിലാണ് ഇന്ന് ആളൂർ കോടതിയിലേക്ക് യാത്രയാവുന്നത്.

കേരളം ഞെട്ടിത്തരിച്ചുപോയ 2011ലെ സൗമ്യയെന്ന പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകത്തിൽ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ആളൂർ വക്കീൽ ആദ്യമായി ഹാജരാകുമ്പോൾ കേരളം ഞെട്ടലോടെ ചിന്തിച്ചുപോയിരുന്നു. വിചാരണക്കോടതിയിൽ ആളൂർ വക്കീൽ തിരിച്ചുംമറിച്ചും വാദിച്ചെങ്കിലും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു. പിന്നീട് സുപ്രീംകോടതിയിൽ വാദം കൊലക്കയറിൽ നിന്ന് ഗോവിന്ദചാമിയെ രക്ഷിച്ചു.

ജീവിക്കാൻപോലും കാശില്ലാതെ തെണ്ടിനടക്കുന്ന ഒരു ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിക്കാൻ ആരെയും കിട്ടില്ലെന്നാണ് ആദ്യഘട്ടത്തിൽ എല്ലാവരും കരുതിയത്. കേരളത്തിലെ അഭിഭാഷകരാരും ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകില്ലെന്ന് ഏതാണ്ടുറപ്പാകുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് അഡ്വ. ആളൂർ ഈ കൊടുംകുറ്റവാളിക്കുവേണ്ടി ഹാജരാകുമെന്ന വാർത്തകൾ വരുന്നത്. അതോടെ ആരാണീ ആളൂരെന്നും ഇയാൾ എന്തിനാണ് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകുന്നതെന്നും കേരളം അന്വേഷിച്ചുതുടങ്ങുകയായിരുന്നു.

ഈ കേസിന്റെ വിജയത്തോടെ ജിഷാ കൊലക്കേസിൽ താരാമാകാൻ ആളൂരെത്തി. അമീർ ഉൾ ഇസ്ലാമിന്റെ വക്കീലിന്റെ കോട്ടുമിട്ടു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയും ചെയ്തു. സാധാരണഗതിയിൽ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുകൾ അങ്ങോട്ടുചെന്ന് ഏറ്റെടുക്കുന്നതിലൂടെ നേടിയ കുപ്രസിദ്ധി മാത്രമാണ് ആളൂരിന്റെ കൈമുതലെന്നും ജാമ്യമെടുക്കുന്നതിനുപോലും സാധാരണഗതിയിൽ അറിയാവുന്നവരാരും ഇയാളെ സമീപിക്കാറില്ലെന്നുംവരെ സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു. പിന്നെ ഇതെല്ലാം ഏല്ലാവരും മറുന്നു. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടേയും അഭിഭാഷകനായി ആളൂർ മാറി.

ജിഷാ കേസിൽ നിലവിൽ റിമാന്റിലുള്ള പ്രധാന പ്രതി അമിറുൾ ഇസ്ളാമിന് ഒപ്പം ഉണ്ണിരാജയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്ത അനാറുൾ ഇസ്ലാം പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മർദ്ധനമേറ്റ് മരണപ്പെടുകയായിരുന്നെന്നായിരുന്നു അഡ്വ.ആളൂർ ഈയിടെ പുറത്ത് വിട്ട വിവരം. ഇത് സംബന്ധിച്ച്് അമിറുൾ ഇസ്ലാം കഴിഞ്ഞ ദിവസം വിചാരണ കോടതിക്ക് വിവരങ്ങൾ കൈമാറിയിരുന്നു.തന്നെയും മറ്റ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെന്നും ഇവരിൽ ഒരാൾ രക്ഷപെട്ടെന്നും ഭീകര മർദ്ധനത്തിനിടെ ഒപ്പമുണ്ടായിരുന്ന അനാറുൾ കൊല്ലപ്പെട്ടതോടെ ഭീതിയിൽ താൻ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നുമായിരുന്നു അമിറുളിന്റെ കോടതിയിയെ ധരിപ്പിച്ചത്.

തുടർന്ന് കേസിൽ പ്രൊസിക്യൂഷൻ സാക്ഷികളായ ഉണ്ണിരാജ,ജിഷയുടെ മാതാവ് രാജേശ്വരി,സഹോദരി ദീപ തുടങ്ങിയവരും പി പി തങ്കച്ചൻ സാജുപോൾ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമടക്കം 30 പേരെ പുനർവിചാരണ ചെയ്യണമെന്ന ആവശ്യവുമായി ആളൂർ വിചാരണകോടതിയെ സമീപിച്ചു.എന്നാൽ കോടതി ഈ ആവശ്യം തള്ളി. വിചാരണകോടതി ഈ ആവശ്യം നിരാകരിച്ചതോടെ ആളൂർ ഹൈക്കോടതിയെ സമീപിക്കുകയും ലിസ്റ്റിലുൾപ്പെടുത്തിയിരുന്ന കഴിഞ്ഞ ദിവസം മരണപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ഉൾപ്പെടെ 7 പേരെ പുനർ വിചാരണചെയ്യാൻ കോടതി അനുമതി നൽകുകുകയും ചെയ്തിരുന്നു.

ഇവരിൽ ഉണ്ണിരാജ,ജിഷയുടെ സഹോദരി ദീപ,ആലുവ സി ഐ വിശാൽ ജോൺസൺ, കുറുപ്പംപടി എസ് ഐ സുനിൽ തോമസ്, സി പി ഒ ഹബീബ് എന്നിവരെ ഇന്നെ ആളുർ വിസ്തരിച്ചു. പൊലീസ് മർദ്ധനത്തെക്കുറിച്ചും തുടർന്നുള്ള മരണത്തെക്കുറിച്ചും ആളൂർ ചോദിച്ചപ്പോൾ അങ്ങിനൊന്ന് നടന്നിട്ടില്ലന്നും അജ്ഞാത മൃതദ്ദേഹം കണ്ടെത്തിയത് സംബന്ധിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്നുമായിരുന്നു ഉണ്ണിരാജ മറുപിടി നൽകിയതെന്നാണ് ലഭ്യമായ വിവരം. അധികാര പരിധിയിലെ തെളിയിക്കപ്പെടാത്ത കൊലപാതങ്ങളുടെ എണ്ണത്തെക്കുറിച്ചാരഞ്ഞപ്പോഴും ഓർമ്മക്കുറവ് ചൂണ്ടിക്കാട്ടിയാണെത്രേ ഉണ്ണരാജ രക്ഷപെട്ടത്.

വിചാരണ പൂർത്തിയായി കേസ് വാദത്തിലേക്ക് നീങ്ങിയിരുന്ന ഘട്ടത്തിൽ പ്രതിഭഗം ഉയർത്തിയ പൊലീസ് മർദ്ധനവും തുടർന്നുള്ള കൊലയും മറ്റും കേസിൽ നിർണ്ണായ വഴിത്തിരിവകുമെന്നായിരുന്നു സൂചന. ഈ വാദം ക്ലച്ച് പിടിക്കാതെ പോയതൊന്നും ആളൂർ വിഷയമാക്കുന്നില്ല. വാദത്തിനിടെ തന്റെ കക്ഷിയെ രക്ഷിക്കുന്നതിനുള്ള വക വീണുകിട്ടുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് ആളൂർ പറയുന്നു.