കൊച്ചി: ഗോവിന്ദച്ചാമി ട്രെയിനിൽനിന്നു തള്ളിയിട്ടുകൊന്ന സൗമ്യക്കേസിന്റെ ഗതിയാകുമോ ജിഷാകേസിന്? ഇതിനുള്ള സാധ്യത ഏറെയാണ്. സൗമ്യക്കേസിൽ വിചാരണക്കോടതിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജിഷാ കേസിൽ അമീറുൾ ഇസ്ലാം ഇങ്ങനെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. അഡ്വക്കേറ്റ് ആളൂർ അപ്പീൽ കൊടുക്കാൻ നടപടികൾ തുടങ്ങി കഴിഞ്ഞു.

ജിഷാക്കേസിൽ പ്രോസിക്യൂഷനും പൊലീസും ഉയർത്തിയ വാദങ്ങളിൽ പലതും ദുരൂഹമാണെന്ന് ആരോപണമുയർന്നിരുന്നു. മറ്റൊരു പ്രതികൂടി ഉണ്ടെന്ന വാദം അന്വേഷണഘട്ടത്തിൽ പൊലീസിൽനിന്നുതന്നെ പുറത്തുവന്നു. എന്നാൽ അന്തിമകുറ്റപത്രത്തിൽ അമീർ ഉൾ ഇസ്ലാം മാത്രമാണു കുറ്റംചെയ്തതെന്ന വാദമാണു പ്രോസിക്യൂഷൻ ഉയർത്തിയത്. ഇതിനെതിരേ പ്രതിഭാഗം അഭിഭാഷകനായ ബി.എ. ആളൂർ വിചാരണവേളയിൽ രംഗത്തുവന്നു. അനാർ ഉൾ ഇസ്ലാം എന്ന മറ്റൊരു പ്രതി ചോദ്യംചയ്യലിനിടെ കൊല്ലപ്പെട്ടെന്ന വാദം ഉന്നയിച്ചു.

ഇതെല്ലാം ചൂണ്ടിക്കാട്ടി പുനരന്വേഷണം വേണമെന്നും ആളൂർ ആവശ്യപ്പെട്ടു. വധശിക്ഷാവിധിക്കെതിരേ അടുത്തമാസം ഹൈക്കോടതിയിൽ അപ്പീൽ നൽകും. സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതിയിൽ ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. ഗോവിന്ദച്ചാമിക്കു പിന്നിൽ മുംബൈ പൻവേലിലെ ഭിക്ഷാടന മാഫിയയാണെന്നും വിമർശനമുയർന്നിരുന്നു.

ജിഷ വധക്കേസ് അപൂർവത്തിൽ അപൂർവമല്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ആൾക്കൂട്ടത്തിന്റെയോ ഇരയുടെ ബന്ധുക്കളുടെയോ തൃപ്തിയല്ല പ്രോസിക്യൂഷനോ കോടതിയോ മാനദണ്ഡമാക്കേണ്ടത്. ഇതൊക്കെ ആളൂർ അപ്പീലിൽ ചർച്ചയാക്കും. ഒരാൾക്കു മാത്രമായി ഈ കൃത്യം ചെയ്യാൻ കഴിയുമോയെന്ന ക്രോസ് വിസ്താരത്തിലെ ചോദ്യത്തിന്, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകിയ മറുപടിയടക്കം അപ്പീലിൽ ചർച്ചയാക്കും.