പെരുമ്പാവൂർ: സഹായനിധി സംബന്ധിച്ച് ജില്ലാഭരണ കേന്ദ്രം വെളിപ്പെടുത്തിയ കണക്കുവിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നാണ് കരുതുന്നതെന്നും പാസ്സ് ബുക്ക് വിശദമായി പരിശോധിച്ച്, ഇനം തിരിച്ച് പിൻവിച്ച തുക തിട്ടപ്പെടുത്തിയാലെ കൃത്യമായി എന്തെങ്കിലും പറയാൻ കഴിയു എന്നും കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി.

2016 ഏപ്രിൽ 28നാണ്് പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടത്. തുടർന്നാണ് ജിഷയുടെ കുടുംബത്തെ സഹായിക്കാനായി സഹായനിധി രൂപീകരിച്ചത്. ഇതിനായി ജില്ലാ കലക്ടറുടേയും ജിഷയുടെ അമ്മ മുടക്കുഴ കുറ്റിക്കാട്ടുപറമ്പിൽ കെ.കെ രാജേശ്വരിയുടേയും പേരിൽ എസ്.ബി.ഐയുടെ പെരുമ്പാവൂർ ബ്രാഞ്ചിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിരുന്നു.

ഈ അക്കൗണ്ടിൽ എത്തിയ പണം പൂർണ്ണമായും കുടുംബത്തിന് കൈമാറിയതായിട്ടാണ് ജില്ലാ ഭരണ കേന്ദ്രം ഇന്നലെ വെളിപ്പെടുത്തിയിട്ടുള്ളത്. സർക്കാർ അനുവദിച്ച 20 ലക്ഷം രൂപയും പൊതുജനങ്ങൾ സംഭാവന നൽകിയ തുകയും ചേർത്ത് 40,18,909 രൂപ് സഹായ നിധിയിൽ എത്തിയതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 12 തവണകളായിട്ടാണ് ഈ അക്കൗണ്ടിലെ തുക പിൻവലിച്ച് കെ.കെ.രാജേശ്വരിക്ക് നൽകിതെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

2016 ജൂൺ 3- 25,000,2016 ജൂൺ 4 - 5 ലക്ഷം,2016 ജൂൺ 23- 3 ലക്ഷം, 2016 ജൂലൈ 18 - 3,36,309,2016 ജൂലൈ 18 - 1,345, 2016 ഓഗസ്റ്റ് 16- 1,12,000 2016 ഓഗസ്റ്റ് 16- 16 ലക്ഷം,2019 ഏപ്രിൽ 12-2.5 ലക്ഷം,2019 ഏപ്രിൽ 29- 1 ലക്ഷം, 2019 ജൂലൈ 26 - 2.5 ലക്ഷം, 2019 ഓഗസ്റ്റ് 6- 1.5 ലക്ഷം, 2019 സെപ്റ്റംബർ - 3,94,255 എന്നിങ്ങനെയാണ് പണം പിൻവലിച്ചത് എന്നും അറിയിപ്പിൽ പറയുന്നു.

ഇതെക്കുറിച്ച് ഇന്ന് രാവിലെ പ്രതികരണമാരാഞ്ഞപ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നാണ് രാജേശ്വരി ആദ്യം പറഞ്ഞത്. കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്നാണ്് നാട്ടുകാരാകെ പറഞ്ഞുനടന്നത്. ഇത്രയും തുകയെ അക്കൗണ്ടിലെത്തിയിട്ടുള്ളു എന്നുപറഞ്ഞാൽ ആരും വിശ്വസിക്കില്ല-അവർ കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ കിടന്ന് ചികത്സിച്ച വകയിൽ നല്ലൊരുതുക ചെലവായിട്ടുണ്ട്. വീട്ടിൽ കിണർ താഴ്‌ത്താനും സി സി ടിവി ക്യാമറ സ്ഥാപിക്കാനും കുറച്ചു സ്വർണം വാങ്ങാനും വഴിപാട് കഴിക്കാൻ പഴനിക്ക് പോകാനുമാണ് ഇതിന് പുറമെ പ്രധാനമായും ബാങ്കിൽ നിന്നും പണമെടുത്തത്. പ്രളയകാലത്ത് ദുരിതമനുഭവിച്ചവരെ സഹായിക്കാനും കുറച്ചുതുക ചെലവാക്കിയിട്ടുണ്ട്.

എസ് സി എസ് റ്റി വകുപ്പ് നൽകിയ 8.25 ലക്ഷരൂപയുടെയും നടി മീരാ ജാസ്മിൻ നൽകിയ രണ്ട് ലക്ഷം രൂപയുടെയും ചെക്കുകൾ സഹായനിധി അക്കൗണ്ടുള്ള പെരുമ്പാവൂരിലെ എസ് ബി ഐ ബ്രാഞ്ചിലാണ് ഏൽപ്പിച്ചത്. ഈ 10.25 ലക്ഷരൂപയിൽ നിന്നാണ് കൂടുതൽ പണവും ചിലവഴിച്ചതെന്നാണ് വിശ്വസിക്കുന്നത്. ബാങ്കിൽ നിന്നും പണം പിൻവലിക്കുമ്പോഴെല്ലാം പാസ്സ്ബുക്കിൽ പതിക്കുന്നുണ്ട്. എന്നാൽ ഇത് പൊതുജനങ്ങൾ നൽകിയ പണത്തിൽ നിന്നാണോ ചെക്കുകൾ മാറവന്ന പണത്തിൽ നിന്നാണോ നൽകിയതെന്ന കാര്യം അറിയില്ല. അറിയാവുന്നവരെക്കൊണ്ട് ഇക്കാര്യം പരിശോധിക്കുന്നതിനായി ശ്രമം നടത്തിവരികയാണ്-അവർ വ്യക്തമാക്കി.

താൻ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലാണെന്നും ഗുരുതരമായ അസുഖങ്ങളുടെ പിടിയിലാണെന്നും ചികത്സിക്കാൻ പോലും പണം ഇല്ലന്നും 2019 മാർച്ച് 20-ന് രാജേശ്വരി ഈ ലേഖകനോട് വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ അഭിനയിക്കാൻ പോകുന്നതായുള്ള പ്രചാരണത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു അവർ ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. ഇന്നലെ ജില്ലാ ഭരണകേന്ദ്രം പുറത്തുവിട്ട കണക്കിൽ ഇതിന് ശേഷം 11.5 ലക്ഷത്തോളം രൂപ രാജേശ്വരി കൈപ്പറ്റിയതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

2019 ഏപ്രിൽ 12-2.5 ലക്ഷം,2019 ഏപ്രിൽ 29- 1 ലക്ഷം,2019 ജൂലൈ 26 - 2.5 ലക്ഷം, 2019 ഓഗസ്റ്റ് 6- 1.5 ലക്ഷം, 2019 സെപ്റ്റംബർ - 3,94,255 എന്നിങ്ങനെയാണ് പണം പിൻവലിച്ചത് എന്നും അറിയിപ്പിൽ പറയുന്നു.ഇതെക്കുറിച്ച് ചോദിച്ചപ്പോൾ കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം മറുപിടി നൽകാമെന്നായിരുന്നും ഇവരുടെ മറുപടി. മുമ്പ് സിനിമയിൽ അഭിനയിക്കാൻ പോകുന്നതായുള്ള പ്രചാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയുടെ ആദ്യപ്രതികരണം ഇതായിരുന്നു.

ഇപ്പോൾ എപ്പോഴും അസുഖങ്ങളാ..102 ഡിഗ്രി പനിയും 600 ഷുഗറമൊക്കെയാ..ചികത്സിക്കാൻ നല്ല പൈസവേണം.അതിനെങ്കിലും പ്രയോജനപ്പെട്ടാൽ അത്രയുമായല്ലോ എന്നുകരുതിയ ആ പിള്ളേര് പറഞ്ഞപ്പം ഞാൻ സമ്മതിച്ചത്. നാട്ടുകാർ നൽകിയ പണം പലവഴിക്ക് ചെലവായി.വീട്ടിൽ പൈപ്പ് വെള്ളമായിരുന്നു കിട്ടിയിരുന്നത്.അതും ചോരക്കളറിൽ.അതുകൊണ്ട് ഒരു കിണർകുഴിച്ചു.അതിൽ വെള്ളം കിട്ടിയില്ല.രണ്ടാമത് ഒരു കിണർകൂടി കൂഴിച്ചു.ഇപ്പോൾ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗയിക്കുന്നത്.ഇതിന് ഒരുകൊച്ചിനെ കെട്ടച്ചുവിടാനുള്ള പണം അവർ വാങ്ങി.

വീട്ടിൽ വളർത്തിയിരുന്ന മുയലുകളെയും പ്രാവുകളെയും ആരോ വിഷം വച്ച് കൊന്നു.ഇതിന് ശേഷം കൊച്ചിനെ കൊന്നപോലെ എന്നേയും കൊല്ലാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് സംശയമായി.അതുകൊണ്ട് വീടിന് ചുറ്റും സി സി ടി വി കാമറ സ്ഥാപിച്ചു. ജിഷയുടെ വലിയ ആഗ്രഹമായിരുന്നു ചെറിയൊരു ജിമുക്കി കമ്മൽ വാങ്ങിക്കണമെന്ന്.അതുകൊണ്ട് പൈസ്സ ഉണ്ടായപ്പോൾ ഞാനത് വാങ്ങി.ദീപമോൾക്കും കൊച്ചിനും എനിക്കും കുറച്ച് സ്വർണം വാങ്ങി.പണം ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ ചെലവാക്കാവു എന്ന് സാറന്മാർ പറഞ്ഞിരുന്നു.അതുകൊണ്ടാണ് ഇതൊക്കെ വാങ്ങിയത്.

രാജമാണിക്യം സാർ എസ് ബി ഐ യിൽ നിക്ഷേപിച്ച ,നാട്ടുകാർ നൽകിയ പണത്തിൽ നിന്നാണ് ഇതൊക്കെ ചെയ്തത്.ആശുപത്രിയിൽ കിടന്നപ്പോഴും ഒരുപാട് കാശ് ചെലവായി.കുറച്ചു പണം കൂടി വേണമെന്ന് പറഞ്ഞപ്പോൾ ബാങ്കിലെ മേഡം പറഞ്ഞു പണംമൊക്കെ തീരാറായി എന്ന്. ഇതിലെന്തോ തിരിമറയുണ്ടെന്നാണ് എനിക്ക് തോന്നത്.ആക്കൗണ്ടിൽ നിന്നും 250000 രൂപ ( ഇരുപത്തിയഞ്ച് ലക്ഷം രൂപ )തീരിമറി നടന്നെന്നും പറഞ്ഞ് ഞാൻ കാറിൽ പഴനിയക്ക് പോകുമ്പോൾ മൂവാറ്റുപുഴ ഭാഗത്ത് വച്ച് പൊലീസുകാർ തടഞ്ഞു നിർത്തി ചോദിച്ചു.എനിയ്‌ക്കൊന്നുമറിയില്ലെന്നും പറഞ്ഞു.

ഉമ്മൻ ചാണ്ടി സാർ മുഖ്യ മന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ്സുകാർ കൊണ്ടുതന്ന 15 ലക്ഷം 10 വർഷം കഴിഞ്ഞിട്ടേ കിട്ടു എന്നാണ് അർബൻ ബാങ്കുകാർ പറയുന്നെ .അതീന്ന കുറച്ച് കാശെങ്കിലും തരാമോന്ന് എൽദോസ്സ് കുന്നപ്പിള്ളി എം എൽ എയെ കണ്ട് ചോദിച്ചു.അപേക്ഷ എഴുതി താട്ടേ നോക്കാമെന്ന പറഞ്ഞു.എഴുതിക്കൊടുക്കുകയും ചെയ്തു. മകളുടെ മരണത്തിന് ശേഷം കൂറച്ചുകാലം ജോലിക്കുപോയി.അസുഖങ്ങൾ മൂലം ഇത് തുടരാൻ പറ്റാതായിയ.ഉറക്കം നിൽക്കാൻ വയ്യ.സമയത്ത് ഉറങ്ങിയില്ലങ്കിൽ നെഞ്ചെരിച്ചിലും മേലുവേദനയും തുടങ്ങും.പിന്നെ ശരീരം നീരുവയ്ക്കും.പനിയും തുടങ്ങും.പിന്നെ ആശുപതിയിൽ അഡ്‌മിറ്റാവാതെ രക്ഷയില്ല.

ഇതുകൊണ്ട് ഇപ്പോൾ പണിയ്‌ക്കൊന്നും പോകുന്നില്ല.ചികത്സയ്‌ക്കോ സ്വന്തം ആവശ്യത്തിലോ കൈയിൽ പണമില്ല.സർക്കാർ നൽകിവരുന്ന മാസം 5000 രൂപ വീതമുള്ള പെൻഷൻ രണ്ട് മാസംകൂടുമ്പോഴൊക്കെയാണ് കിട്ടുന്നത്.ഇത് കടം തീർക്കാൻ പോലും തികയുന്നില്ല. ഏറെ കഷ്ടപ്പെട്ടാണ് ഇപ്പോൾ കഴിയുന്നത്.വിശക്കുമ്പോൾ എന്തെങ്കിലും വാങ്ങിക്കഴിക്കാൻ പോലും ചിലസമയങ്ങളിൽ പണമില്ലാത്ത സ്ഥിതിയാണ്.സിനിമയിൽ ഒരു വയസ്സായ സ്ത്രീയുടെ വേഷമാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു.അഡ്വാൻസ് ഒന്നും തന്നിട്ടില്ല-എന്നും രാജേശ്വരി നേരത്തെ പ്രതികരിച്ചിരുന്നു.