തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിലാക്കി വിജിലൻസ് നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിചാരണ നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിഭാഗം രംഗത്ത്. കേസ് പരിഗണിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രതി അമീർ ഉൾ ഇസ്ലാമിന്റെ അഭിഭാഷകനായ അഡ്വ. ബി.എ. ആളൂർ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഗവർണർക്കും പരാതി നല്കുമെന്ന് അഡ്വ. ബി.എ. ആളൂർ വ്യക്തമാക്കി.

ജിഷ വധത്തിൽ അമീറുൾ ഉസ്ലാമിനെ മുഖ്യപ്രതിയാക്കി പൊലീസ് സമർപ്പിച്ച എഫ്ഐആറിനെ സംശയത്തിൽ നിർത്തുന്ന റിപ്പോർട്ടാണ് വിജിലൻസിന്റേത്. ഈ റിപ്പോർട്ട് കോടതി പരിഗണിക്കണം എന്ന ആവശ്യമാണ് പ്രതിഭാഗം ഉന്നയിച്ചിരിക്കുന്നത്. അതേസമയം കോടതി ഈ ആവശ്യം പരിഗണിക്കുമോയെന്നു വ്യക്തമല്ല. വിജിലൻസ് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പുതിയതായി എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ മാത്രമേ കോടതി പുനർവിചാരണയ്ക്ക് ഉത്തരവ് ഇടാൻ സാധ്യതയുള്ളൂ.

കേസന്വേഷണത്തിൽ സർക്കാരിനെയും പൊലീസിനെയും വെട്ടിലാക്കുന്ന റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയത്. കേസന്വേഷണം തുടക്കംമുതൽ പാളിയെന്നാണ് പതിനാറു പേജുള്ള റിപ്പോർട്ടിൽ പറയുന്നത്. അമീർ മാത്രമാണോ ജിഷ കൊലപാതകത്തിൽ പ്രതിയെന്ന് ഉറപ്പില്ല. അന്വേഷണത്തിൽ വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇത് പ്രതിഭാഗം ആയുധമാക്കാൻ സാധ്യതയുള്ളതിനാൽ രഹസ്യമായാണ് റിപ്പോർട്ട് കൈകാര്യം ചെയ്തത്. എന്നാൽ മാധ്യമങ്ങൾ ഇക്കാര്യം പുറത്തുകൊണ്ടുവരുകയായിരുന്നു.

അതേസയമം വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട് ഡിജിപി ലോക്നാഥ് ബഹ്റ തള്ളി. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് അനാവശ്യ ഇടപെടവിജിലൻസ് ഡയറക്ടർക്കെതിരെ വിമർശനവുമായി അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി. സന്ധ്യയും രംഗത്തെത്തി. വിജിലൻസ് ഡയറക്ടറുടെ നടപടി അനാവശ്യ ഇടപെടലാണെന്നാണ് ഡിജിപിയുടെ നിലപാട്. പൊലീസ് അന്വേഷിക്കുന്ന കേസിൽ മറ്റ് ഏജൻസികൾ കൈകടത്തേണ്ടെന്ന നിലപാടാണ് ഡിജിപി സ്വീകരിച്ചത്.

ജിഷവധക്കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്ന ആരോപണം നേരിടുമ്പോഴാണ് ഇടത് സർക്കാർ അധികാരത്തിലേറിയതിന് തൊട്ട് പിന്നാലെ അമീറുൾ ഇസ്ലാമിനെ പൊലീസ് പിടികൂടുന്നത്. ഇടത് സർക്കാർ അധികാരത്തിലേറി ആദ്യ നേട്ടമായും ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയത് ഘോഷിക്കപ്പെട്ടിരുന്നു. ഇതിനെല്ലാം തിരിച്ചടിയായി വിജിലൻസ് റിപ്പോർട്ട്.

സർക്കാർ ഏജൻസിയായ വിജിലൻസ് തന്നെ ജിഷ വധക്കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ഇത് പ്രതി അമീറുൾ ഇസ്ലാമിന് രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാകുമെന്ന് നേരത്തേ തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. അമീറിന്റെ അഭിഭാഷകൻ അഡ്വ. ബി ആളൂർ ഇക്കാര്യം വ്യക്തമാക്കി.

അമീറുൽ ഇസ്ലാം നിരപരാധിയാണെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ആളൂർ പറയുന്നു. അതുകൊണ്ടാണ് പ്രതിക്ക് വേണ്ടി ഹാജരാവാൻ താൻ തീരുമാനിച്ചത്. പ്രതിക്കെതിരേ യാതൊരു തെളിവും പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം ഇന്ന് രാവിലെ പറഞ്ഞു. പ്രതി അമീറിനെതിരേ ഇതുവരെ യാതൊരു ശാസ്ത്രീയ തെളിവും കോടതിയിൽ ഹാജരാക്കിയിട്ടില്ല. ഇത് പ്രതിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.