കൊച്ചി:'എന്റെ മകൾക്ക് ശത്രുക്കളുണ്ട്, ഞങ്ങൾ വീട്ടിൽ ഇല്ലാത്തപ്പോൾ ആരൊക്കെയോ വീട്ടിൽ കയറുന്നു, സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നു, അതുകൊണ്ടാ ഇത് വാങ്ങുന്നേ്-ജിഷ കൊല്ലപ്പെട്ട ശേഷം വീട്ടിൽ നിന്നും കണ്ടെടുത്ത പെൻക്യാമറ വാങ്ങിനെത്തിയപ്പോൾ കടയുടമയോട് കൊല്ലപ്പെട്ട ജിഷുടെ മാതാവ് രാജേശ്വരി പറഞ്ഞത് ഇങ്ങിനെ.

ഇതേ പെൻക്യാമറയുമായി കൊല്ലപ്പെടുന്നതിന് ഒരുമാസം മുമ്പ് ജിഷ കടയുടമയേ സമീപിച്ചിരുന്നു. ക്യാമറ പ്രവർത്തിപ്പിക്കുന്നതിനേക്കുറിച്ച് ചോദിച്ചറിയുന്നതിനാണ് ജിഷ തന്റെ സ്ഥാപനത്തിൽ എത്തിയതെന്നാണ് ഇയാൾ ഇതേക്കുറിച്ച് പുറത്തുവിട്ട വിവരം. ഇതിന് ശേഷം ഒരിക്കൽകൂടി ജിഷയും മാതാവും കൂടി കടയുടമയെ സന്ദർശിച്ചതായി പരക്കെ പ്രചാരണമുണ്ടായി. ജിഷ കൊല്ലപ്പെട്ട ശേഷമാണ് ഇക്കാര്യം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്. ഇതേത്തുടർന്ന് താൻ കടയുടമയെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നെന്നും ഈ പ്രചാരണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായയി എന്നും കേസിലെ പ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പ്രാദേശിക മാധ്യമ പ്രവർത്തകരിൽ ഒരാൾ മറുനാടനോട് വ്യക്തമാക്കി.

നിലവിൽ പുറത്ത് വന്ന വിവരങ്ങൾ പ്രകാരം ഈ സന്ദർശനം ഏറെ പ്രാധാന്യമുള്ളതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ക്യാമറ ശരിയല്ലന്നും ഒന്നും കാണാൻ പറ്റുന്നില്ലന്നും ജിഷ പരാതിപ്പെട്ടെന്നും തന്നിട്ടുപോയാൽ ശരിയാക്കി വയ്ക്കാമെന്ന് താൻ അറിയിച്ചപ്പോൾ പറ്റില്ലന്നും പ്രധാന വിവരങ്ങൾ ഇതിലുണ്ടെന്നും ഇത് മറ്റാരും കാണാൻ പാടില്ലന്നും രാജേശ്വരി വ്യക്തമാക്കിയെന്നും തുടർന്ന് ക്യാമറ തിരിച്ചുവാങ്ങി ഇവർ സ്ഥലം വിടുകയായിരുന്നെന്നും കടയുടമ തന്നോട് വെളിപ്പെടുത്തിയെന്നാണ് മാധ്യമ പ്രവർത്തകൻ നൽകുന്ന വിവരം.

ജിഷ കൊല്ലപ്പെട്ട ശേഷം വീട്ടിൽ നടത്തിയ തിരച്ചിലിൽ പെൻക്യാമറ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോൾ ജിഷയുടെയും മാതാവിന്റെയും ചിത്രങ്ങൾ മാത്രമേ ലഭിച്ചുള്ളു എന്നാണ് പൊലീസ് പുറത്ത് വിട്ട വിവരം.ശത്രുക്കൾ ഉണ്ടെന്ന് വെളിപ്പെട്ട സാഹചര്യത്തിലും ജിഷ ക്യാമറ ഉപയോഗിച്ചിരുന്നില്ലന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. പൊലീസിന്റെ ഈ നിഗമനം നാട്ടുകാർ അന്നേ തള്ളിയിരുന്നു. പുറത്ത് പ്രചരിച്ചിട്ടുള്ള വിവരങ്ങൾ പ്രകാരം മൂന്നാമത്തെ സന്ദർശനത്തിൽ കടയുടമയോട് പ്രധാനപ്പെട്ടത് എന്ന് വെളിപ്പെടുത്തി, ജിഷയും മാതാവും കാണാൻ കാത്തിരുന്ന ആ ദൃശ്യം എന്തായിരുന്നു, ഇവർക്ക് മാത്രമറിയുന്ന പെൻക്യാമറിയിലെ ആ ദൃശ്യങ്ങൾ എങ്ങിനെ അപ്രത്യക്ഷമായി, പൊലീസാണോ ഇത് നശിപ്പിച്ചത് തുടങ്ങി ഇപ്പോഴും ഇത് സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്.

ജിഷ കൊല്ലപ്പെട്ട ദിവസം അവശയായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റും വഴി രാജേശ്വരി വെളിപ്പെടുത്തിയ 'അവൻ' ഏതാണെന്ന കാര്യത്തിൽ ഇപ്പോഴും നാട്ടുകാർക്ക് ഒരു എത്തും പിടിയുമില്ല.'അവനോട് അധികം ചങ്ങാത്തം വേണ്ടെന്ന് ഞാൻ അവളോട് പറഞ്ഞതാ'എന്നാണ് രാജേശ്വരി അന്ന് പറഞ്ഞ മുഴുവൻ വാചകമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കണക്കിലെടുക്കുമ്പോൾ രാജേശ്വരിക്ക് കൂടി അറിയാവുന്ന ആൺ സുഹൃത്ത് ജിഷക്ക് ഉണ്ടായിരുന്നെന്നും ഒരുപക്ഷേ ഇയാൾക്ക് കൊലയുമായി ബന്ധമുണ്ടാവാമെന്നും സംശയിക്കുന്നവരും ഏറെയാണ്.പ്രതി അമിറുൾ ഇസ്ലാമിനെ പിടികൂടിയത് അറിയിച്ചപ്പോൾ അവൻ മാത്രമല്ല ഒരുത്തൻ കൂടിയുണ്ട് എന്ന് തരത്തിൽ രാജേശ്വരി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത് നാട്ടുകാരുടെ ഈ വഴിക്കുള്ള സംശയം വർദ്ധിപ്പിച്ചു.

മുഹമ്മദ് അനാറുൾ ഇസ്ലാം എന്ന യുവാവിനെയും പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നെന്നും ഇയാളെ പിന്നീട് പുറംലോകം കണ്ടിട്ടില്ലന്നും മറ്റുമുള്ള അഭ്യൂഹങ്ങളും വ്യാപകമായിരുന്നു.രാജേശ്വരി വെളിപ്പെടുത്തിയ 'അവൻ 'ഇയാളാണോ എന്ന് സംശയവും പലരും പങ്കിട്ടിരുന്നു.എന്നാൽ പൊലീസ് ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ അടിപിടികേസിൽ പ്രതിയാണ് മുഹമ്മദ് അനാറുൾ എന്നും ഈ കേസിൽ ഇയാൾക്ക് പലവട്ടം സമൻസ് അയച്ചിട്ടും ഇതുവരെ കൈപ്പറ്റിയിട്ടില്ലന്നും അതിനാൽ ഇയാൾ ജീവനോടെ ഉണ്ടോ എന്ന കാര്യം ഉറപ്പിക്കാനാവില്ലന്നുമാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

താനല്ല, അനാറാണ് ജിഷയെ കൂടുതൽ ഉപദ്രവിച്ചതെന്ന് അമിറുൾ പൊലീസിനട് വെളിപ്പെടുത്തിയതായും മാധ്യമങ്ങളിൽ വാർത്ത പരന്നിരുന്നു.രക്തം കണ്ടാൽ കുഴഞ്ഞുവീഴുന്ന രോഗിയാണ് അമിറുൾ എന്ന് തോക്കുസ്വാമിയെന്നപ്പെടുന്ന സ്വാമി ഹിമവൽ ഭദ്രാനന്ദുടെ നേർസാക്ഷ്യവും മറ്റാരോ കൂടി കേസിൽ ഉൾപ്പെട്ടുണ്ടെന്ന പ്രചാരണത്തിന് കരുത്തേകുന്നു. തനിക്കൊപ്പം ജയിലിലുണ്ടായിരുന്ന അവസരത്തിൽ സഹതടവുകാരന്റെ കൈവിരൽ മുറിഞ്ഞ് രക്തമൊഴുകുന്നത് കണ്ടപ്പോൾ അമിറുൾ മയങ്ങി വീണെന്നാണ് ജയിൽ മോചനത്തിന് ശേഷം ഹിമൽ ഭദ്രാനന്ദ മാധ്യമങ്ങളുമായി പങ്കിട്ടവിവരം.

ജിഷകൊല്ലപ്പെട്ട മുറിയിലെ പ്ലാസ്റ്റിക് ജാറിൽ കണ്ടെത്തിയ കൈവിരൽപ്പാട് ആരുടേതാണെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലന്നാണ് ലഭ്യമായ വിവരം.ജിഷയുടെ ശരീരത്തിൽ കടിയേറ്റ പാട് കണ്ടെത്തിയിരുന്നു.പല്ലിന് വിടവുള്ളയാളാണ് ഈ കൃത്യം നടത്തിയതന്ന് എന്നാിരുന്നു അന്ന് പൊലീസിന്റെ അനുമാനം. ജിഷ തായ്‌ക്കോണ്ട പഠിച്ചതാണെന്നും ഒരാൾക്കൊന്നും അവളെ കീഴ്‌പ്പെടുത്താൻ പറ്റില്ലന്നുള്ള രാജേശ്വരിയുടെ അന്നത്തെ വിലിരുത്തലും കൂടി ഇതിനോട് കൂട്ടി വായിക്കുമ്പോൾ എവിടെയോ അല്പം 'സ്‌പെല്ലിങ് മിസ്റ്റേക്കില്ലേ 'എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?

അനാറുൾ ഹസ്സൻ വെറും സാങ്കൽപിക കഥാപാത്രമെന്നാണ് പൊലീസിന്റെ അവസാനവട്ട വെളിപ്പെടുത്തൽ.കേസിൽ കൂടിച്ചേരാത്ത കണ്ണികൾ നിരവധി അവശേഷിക്കുമ്പോൾ ഇതെങ്ങിനെ വിശ്വസിക്കുമെന്നാണ് ഇക്കൂട്ടരുടെ ചോദ്യം.ഒന്നു കളിയാക്കിച്ചിരിച്ചതിന് ആ നരുന്ത് ചെറുക്കൻ ആ പെണ്ണിനെ കൊല്ലുമോ,അതിന് അവനേക്കൊണ്ട് പറ്റുമോ തുടങ്ങി ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ നാട്ടുകാർക്ക് മുന്നിൽ ഇപ്പോഴും അവശേഷിക്കുന്നു.

ഈ അരും കൊലക്കുള്ള കാരണം .....? തുടരും......

(രാജ്യത്തെ നടുക്കിയ അരും കൊലകളിലൊന്നാണ് കുറുപ്പംപടിയിലെ നിയമ വിദ്യാർത്ഥിനി ജിഷയുടേത്. നവംബർ അവസാനമോ ഡിസംബർ ആദ്യ മോ ഈ കേസിൽ വിധി ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.ഈ സാഹചര്യത്തിൽ ഈ സംഭവത്തിന്റെ എല്ലാവശങ്ങളെയും പരാമർശിച്ചുള്ള പരമ്പരയുടെ അഞ്ചാം ഭാഗമാണ് ഇത്)