കൊച്ചി: രാജ്യത്തെ ഞെട്ടച്ച അരുംകൊലകളിലൊന്നാണ് നിയമവിദ്യാർത്ഥിനി ജിഷയുടേത്. പെരുംമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി കനാലിറമ്പിലെ താമസസ്ഥലത്ത് ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടൽമാല പുറത്ത് വന്ന നിലിയിൽ 2016 ഏപ്രിൽ 28-നാണ് ജിഷയുടെ ജഡം കാണപ്പെട്ടത്. ഈ കൊലക്കേസിൽ വിചാരണ അവസാനമായിരിക്കുന്നു. ഇനി പ്രതിയുടെ ഭാഗം കേൾക്കൽ. പിന്നെ വിധിയും. ജിഷയുടെ ഘാതകൻ അമീറുൾ ഇസ്ലാമിന് വധ ശിക്ഷ കിട്ടുമോ എ്‌നതാണ് ഈ ഘട്ടത്തിലെ പ്രധാന ചർച്ച.

ഏറെ വിവാദമാവുകയും സംസ്ഥാനത്ത് എൽ ഡി എഫിന് അധികാരത്തിൽ എത്താൻ ഒരു പരിധിവരെ സഹായകമാവുകയും ചെയ്ത കേസിന്റെ പിന്നാമ്പുറത്ത് പൊടിപിടിച്ചുകിടക്കുന്ന നിരവധി വസ്തുതകളുണ്ട്. ഇതിൽ ചിലത് കൗതുകകരവും മറ്റ് ചിലത് ആശ്ചര്യജനകവുമാണ്. ഉത്തരംകിട്ടാത്ത ചോദ്യങ്ങളും ചുരുളഴിയാത്ത രഹസ്യങ്ങളുമൊക്കെ ധാരാളം അവേശിഷിക്കുന്നുണ്ടെന്നുള്ളതും വേറെ കാര്യം. കാടടച്ചുള്ള അന്വേഷണത്തിനൊടുവിൽ 47-ാം ദിവസം കൃത്യമായിപ്പറഞ്ഞാൽ 2016 ജൂൺ 14-ന് പ്രതി അറസ്റ്റിലായി.അസാം സ്വദേശി അമിറുൾ ഇസ്ലാമാണ് കൃത്യം ചെയ്തതെന്നായിരുന്നു ഏ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ.

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർദ്ധന്യത്തിൽ,ഭരണത്തിലിരുന്ന യൂ ഡി എഫിനെ തകർക്കാൻ എൽ ഡി എഫിന് വീണുകിട്ടിയ വജ്രായുധമായി ഈ കൊലപാതകം. കൊലയാളിയെ കണ്ടെത്താൻ വൈകിയതോടെ പെരുമ്പാവൂരിൽ ഇടത് പക്ഷം സംഘടിപ്പിച്ച രാപകൽ സമരത്തിന് ലഭിച്ച പിൻതുണ പക്ഷേ ഇവിടുത്തെ സി പി എം സ്ഥാനാർത്ഥിയും സിറ്റംഗ് എം എൽ എ യുമായ സാജുപോളിന് ഗുണം ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്. കേസ് നടപടികളിലെ അലംഭാവം,തെളിവ് നശിപ്പിക്കൽ,കുറ്റവാളിക്ക് രക്ഷപെടാൻ അവസരമരുക്കി തുടങ്ങി നിരവധി ആക്ഷേപങ്ങൾ ഈ കേസുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉയർന്നിരുന്നു.എൽ ഡി എഫ് അധികാരത്തിലെത്തി ഏറെ താമസിയാതെ ആദ്യ അന്വേഷണ സംഘത്തിലെ ഡി വൈ എസ് പി ഉൾപ്പെടെ ഉള്ളവരെ മറ്റിടങ്ങളിലേക്ക് പറിച്ചു നട്ടു.

ഇത് സാധാരണ നടപടി മാത്രമെന്ന് പൊലീസ് വിശദീകരണമുണ്ടായെങ്കിലും ഇക്കൂട്ടരുടെ വീഴ്ചകളുടെ പേരിൽ ഉണ്ടായ വകുപ്പ് തലനടപടിയായിരുന്നു ഇതെന്നായിരുന്നു പൊതുവെ വ്യാഖ്യാനിക്കപ്പെട്ടത്. സംഭവസ്ഥലത്ത് റിബൺ കെട്ടിയില്ല, എഫ് ഐ ആർ ഓൺലൈനിൽ തയ്യാറാക്കിയില്ല തുടങ്ങിയവയായിരുന്നു പ്രധാനമായും എസ് ഐ സോണി മത്തായിക്കെതിരെ നടപടിക്ക് പറഞ്ഞുകേട്ട കാരണങ്ങൾ. പൊലീസ് റിബൺ ലഭ്യമല്ലാത്ത സാഹചര്യത്തിൽ രാത്രി അയൽവീട്ടിൽ നിന്നും തപ്പിപ്പിടിച്ച് കൊണ്ടുവന്ന കയർ സംഭവം നടന്ന വീടിന്റെ പ്രവേശന കവാടത്തിൽ തങ്ങൾ വലിച്ചുകെട്ടിയിരുന്നെന്ന എസ് ഐ യുടെയും കൂട്ടരുടെയും വാദം വിലപ്പോയില്ല.

'റിബണാവില്ലല്ലോ കയർ' എന്ന വാദഗതിപരക്കെ ഉയർന്നപ്പോൾ ഉന്നതരും ഇതിനേ അനകൂലിക്കുകയായിരുന്നു. നെറ്റ് തകരാറിലായ സാഹചര്യത്തിൽ ഓഫ്‌ലൈനിൽ എഫ് ഐ ആർ തയ്യാറാക്കാൻ ശ്രമിച്ചെന്നും ഇത് പരാജയപ്പെട്ടുകയായിരുന്നെന്നുമാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവരുടെ വിശദീകരണം. കുഴപ്പക്കാരെന്ന് പഴികേട്ട ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കണ്ടെടുത്ത തെളിവുകൾക്ക് പിന്നാലെ സഞ്ചരിച്ചാണ് പ്രത്യേക അന്വേഷക സംഘം പ്രതിയെ കണ്ടെത്തിയതെന്ന സത്യം സേനക്കുള്ളിൽ പരസ്യമായ രഹസ്യമായിക്കഴിഞ്ഞു. ഇതിന്റെ ക്രഡിറ്റ് ഏ ഡി ജി പി സന്ധ്യയുടെ പേരിലായി എന്നുമാത്രം.

സംഭവം നടക്കുമ്പോൾ കുറുപ്പംപടി സി ഐ ആയിരുന്ന എൻ രാജേഷ്, എസ് ഐ ആയിരുന്ന സോണി മത്തായി എന്നിവർ കണ്ടെത്തിയ തെളിവുകൾക്കപ്പുറം എന്തെങ്കിലും കണ്ടെത്താൻ സന്ധ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്വേഷണ സംഘത്തിനും സാധിച്ചില്ല എന്നാണ് ഇതുവരെ പുറത്ത് വന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്. ഒരു ജോഡി ചെരുപ്പ്, കത്തിയിലും മുറിയിലെ കതകിന്റെ ബോൾട്ടിലും കണ്ട രക്തക്കറ,കൊല്ലപ്പെട്ട ജിഷയുടേതല്ലാത്ത തലമുടി ,വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരുന്ന ഉമിനീർ. ജിഷയുടെ നഖങ്ങൾക്കിടിൽ നിന്നും ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങൾ എന്നിവയാണ് ആദ്യ ആന്വേഷക സംഘത്തിന് ലഭിച്ച തെളിവുകൾ. ഇവയിൽ നിന്നും ലഭിച്ച ഡി എൻ എ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമിറുൾ ഇസ്ലാം തന്നെയെന്ന പൊലീസ് സ്ഥരീകരിച്ചത്.

അന്വേഷണത്തിന്റെ നാൾവഴികൾ ഏറെ ആകാംക്ഷയും ആശങ്കയുമുയർത്തുന്നതായിരുന്നു.മാങ്ങ കടിപ്പിക്കുക,ചെരുപ്പണിയിക്കുക, നാട്ടുകാരുടെ മൊത്തം കൈരേഖ പതിപ്പിച്ചെടുക്കുക തുടങ്ങിയവയെല്ലാം ഈ കേസിൽ പരീക്ഷിക്കപ്പെട്ട അന്വേഷണ രീതികളിൽ ചിലത് മാത്രം.ഇത് മൂലം പെടാപ്പാട് പെടേണ്ടിവന്നവരുടെ നീണ്ട നിരതന്നെയുണ്ട്.ഇതിൽ ഒരാളാണ് ഇതേത്തുടർന്നുള്ള ശാരീരി-മാനസീക കഷ്ടതകളാൽ ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവർ സാബു.

പൊലീസ് കസ്റ്റഡിയിൽ താനനുഭിച്ച കഷ്ടപ്പാടുകളെക്കൂറിച്ച് സാബുവിന്റെ അന്നത്തെ വെളിപ്പെടുത്തൽ ഏത് കഠിനഹൃദയരുടെയും മനസ്സിളക്കുന്നതാണ്.

അതേക്കുറിച്ച് തുടരും........

(രാജ്യത്തെ നടുക്കിയ അരും കൊലകളിലൊന്നാണ് കുറുപ്പംപടിയിലെ നിയമ വിദ്യാർത്ഥിനി ജിഷയുടേത്.നവംമ്പർ അവസാനമോ ഡിസംബർ ആദ്യ മോ ഈ കേസിൽ വിധി ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.ഈ സാഹചര്യത്തിൽ ഈ സംഭവത്തിന്റെ എല്ലാവശങ്ങളെയും പരാമർശിച്ചുള്ള പരമ്പരയുടെ ആദ്യ ഭാഗമാണ് ഇത്)