കൊച്ചി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷയിൽ ഇളവു നൽകിയ സുപ്രീംകോടതി വിധിയിൽ നിരാശരാണ് മലയാളികൾ. ഇതിനിടെ കേരളം അടിത്തിടെ ഏറെ ചർച്ച ചെയ്ത് ജിഷ വധക്കേസിലെ വിധിയും തിരിച്ചടിയാകുമോ എന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. ഈ ആശങ്ക ശക്തമായിരിക്കവേ ജിഷ വധക്കേസിൽ അന്വേഷണ സംഘം നാളെ കുറ്റപത്രം സമർപ്പിക്കും.

അസം സ്വദേശിയും പെരുമ്പാവൂരിലെ തൊഴിലാളിയുമായ അമീറുൽ ഇസ്‌ലാം (23) മാത്രമാണു കേസിൽ പ്രതിസ്ഥാനത്തുള്ളത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണു കുറ്റപത്രം സമർപ്പിക്കുക. കുറുപ്പംപടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കെതിരെ കൊലപാതകം, മാനഭംഗം, ദലിത് പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം കേസ് അന്വേഷണത്തിലും തെളിവ് ശേഖരിക്കലിലും തുടക്കത്തിൽ വന്ന വീഴ്്ച്ച കേസിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. അമീറുൽ ഇസ്ലാിിന് ജാമ്യം ലഭിച്ചാൽ തന്നെ പൊലീസിന് നാണക്കേടാകും. അതുകൊണ്ട് ഉടൻ തന്നെയാണ് പൊലീസ് ഉടൻ കുറ്റപത്രം നൽകിയത്.

പീഡനശ്രമത്തെ എതിർത്തതിലുള്ള വിരോധത്തിലാണു കൊലനടത്തിയതെന്ന പൊലീസിന്റെ ആദ്യ നിഗമനം കുറ്റപത്രം സാധൂകരിക്കുന്നതായാണു സൂചന. പീഡനത്തിനു വേണ്ടി ജിഷയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ആയുധം ഉപയോഗിച്ചു കൊല നടത്തിയെന്നാണ് കേസ്. കൊലപാതകത്തിനു പ്രേരണ നൽകിയതായി പ്രതി അമീർ ആരോപിച്ച അസംകാരനായ മറ്റൊരു തൊഴിലാളി അനറുൽ ഇസ്‌ലാം സംഭവത്തിന് ആഴ്ചകൾക്കു മുൻപു തന്നെ പെരുമ്പാവൂർ വിട്ടുപോയതായാണു പൊലീസിനു ലഭിച്ച വിവരം.

പ്രതി അറസ്റ്റിലായിട്ട് ഈ മാസം 12ന് 90 ദിവസമായി. കോടതിക്ക് അവധി ദിനങ്ങളായിരുന്നതിനാൽ അടുത്ത പ്രവർത്തി ദിവസമായ 17നു കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സോപാധിക ജാമ്യത്തിനു പ്രതി നിയമപരമായി അർഹനാവും. കഴിഞ്ഞ ഏപ്രിൽ ഇരുപത്തെട്ടിനാണു കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാൽബണ്ടു പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ ജിഷ കൊല്ലപ്പെട്ടത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ ജൂൺ പതിനാറിനാണു പ്രതി തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തു പിടിക്കപ്പെട്ടത്.

ഡിഎൻഎ പരിശോധനാ ഫലം അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ കുറ്റപത്രത്തിൽ പൊലീസ് പ്രതിക്കെതിരെ നിരത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 30 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ 23 പേരുടെ ഡിഎൻഎ പരിശോധിച്ചു. തെളിവുകൾ ശേഖരിക്കാനായി 1500 പേരെ ചോദ്യം ചെയ്തു. 21 ലക്ഷം ഫോൺകോളുകൾ പരിശോധിച്ചു. 5000 പേരുടെ വിരലടയാളം ശേഖരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണിക്കൃഷ്ണൻ ഹാജരാവും.

ഡി.എൻ.എ. അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കുറ്റപത്രം പഴുതടച്ചതാകുമെന്നാണ് പൊലീസ് പറയുന്നതെങ്കിലും പൊതുസമൂഹത്തിന് ഇതിൽ ആശങ്കയുണ്ട്. കുറ്റസമ്മത മൊഴി വിശദമായി വിലയിരുത്തി സംശയങ്ങളെല്ലാം ദൂരീകരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. അസം സ്വദേശി അമീർ ഉൽ ഇസ്ലാമിനെ മാത്രം പ്രതി ചേർത്തുള്ള കുറ്റപത്രമാണ് പൊലീസ് ശനിയാഴ്ച കോടതിയിൽ സമർപ്പിക്കുന്നതെന്നാണ് സൂചനകൾ. ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോൾ രോഷാകുലനായി അമീർ ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ജിഷയോടുള്ള ലൈംഗിക താത്പര്യം മാത്രമാണ് കൊലപാതകത്തിലെത്തിയതെന്നാണ് കുറ്റപത്രത്തിലെ പ്രധാന പരാമർശം. സംഭവ ദിവസം ജിഷയുടെ വീട്ടിലെത്തി കൊലപാതകം നടത്തി തിരിച്ചുപോയതു വരെയുള്ള കാര്യങ്ങളെല്ലാം വ്യക്തമായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെടുക്കാൻ കഴിയാത്തതിനാൽ അതൊഴിവാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അമീറിന്റെ സുഹൃത്തായ അനാറിനെക്കുറിച്ചും കുറ്റപത്രത്തിൽ പരാമർശിച്ചിട്ടില്ലെന്നാണ് സൂചന.

കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിൽ കേസിൽ പാളിച്ചകളുണ്ടായെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങിയത് പൊലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കേസ് ആദ്യം അന്വേഷിച്ച സംഘവും രണ്ടാമത്തെ സംഘവും പരസ്പര വിരുദ്ധമായി പ്രവർത്തിച്ചുവെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. ജിഷയുടെ ശരീരത്തിൽ കണ്ട കടിയുടെ പാടുകളെക്കുറിച്ചാണ് വിജിലൻസ് പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കടിയേറ്റ പാടുകൾ പരിശോധിച്ച് പ്രതിയുടെ മുൻനിരയിലെ പല്ലുകൾക്കിടയിൽ വിടവുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നിരുന്നു.

പല്ലിലെ വിടവ് കണ്ടെത്താൻ പ്രദേശവാസികളായ പലരെയും പച്ചമാങ്ങയിൽ കടിപ്പിച്ച് പൊലീസ് തെളിവ് ശേഖരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിടിയിലായ പ്രതി അമീറിന്റെ പല്ലുകൾ തമ്മിൽ വിടവില്ലെന്നാണ് വിജിലൻസിന് കിട്ടിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇതിനെ കുറ്റപത്രത്തിൽ പൊലീസ് എങ്ങനെ പ്രതിരോധിക്കുമെന്നതാണ് നിയമ വിദഗ്ദ്ധർ ഉറ്റുനോക്കുന്നത്. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പെരുമ്പാവൂരിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്.

കൊലപാതകം നടത്തിയ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെടുക്കാൻ കഴിയാത്തതും ജിഷയുടെ വീട്ടിൽ കണ്ടെത്തിയ വിരലടയാളം ആരുടേതാണെന്ന് തെളിയിക്കാൻ കഴിയാത്തതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റപത്രത്തിൽ എങ്ങനെയാകും പരാമർശിക്കുന്നതെന്നതും പ്രധാനമാണ്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന അമീറിന്റെ സുഹൃത്ത് അനാറിനെ കണ്ടെത്താൻ കഴിയാത്തതും പ്രോസിക്യൂഷന് തിരിച്ചടിയായേക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.