കൊച്ചി: രാജ്യത്തെ ഞെട്ടിച്ച ജിഷകൊലക്കേസിൽ കൊലപാതകത്തിന് കാരണമായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത 'കുളിക്കടവ് സംഭവം' വെറും കെട്ട് കഥയാണെന്നാണ് പ്രദേശവാസികളിലേറെപ്പേരുടെയും വിലരുത്തൽ. കൊലപാതകത്തിന്റെ കാരണം തിരക്കിയപ്പോൾ പൊലീസ് മാധ്യമങ്ങളുമായി പങ്കിട്ട കാര്യങ്ങൾ ഇങ്ങനെയായിരുന്നു.: വീടിന് സമീപത്തെ കനാൽ റോഡിലെ സ്ഥിരം യാത്രക്കാരനായ പ്രതി അമിറുൾ ഇസ്ലാം ജിഷയോട് അടുക്കാൻ നേരത്തെ മുതൽ ശ്രമിച്ചിരുന്നു. എന്നാൽ ജിഷ വകവച്ചില്ല. ജിഷയും മാതാവും താമസസ്ഥലത്ത് നിന്നും അല്പമകലെ തോട്ടിലെ കുളിക്കടവിൽ അലക്കാനും കുളിക്കാനും മറ്റും പോയിരുന്നു.

ജിഷ കൊല്ലപ്പെടുന്നതിന് മുമ്പ് ഒരുദിവസം ഇവർ കുളിക്കടവിലുള്ളപ്പോൾ അമിറുൾ ഇസ്ലാം അവിടെ എത്തി.ഇയാൾ ജിഷയുമായി സംസാരിക്കാൻ തുനിഞ്ഞപ്പോൾ മാതാവ് രാജേശ്വരി തടഞ്ഞു. കയർത്ത് സംസാരിക്കുകുമുണ്ടായി. ഈയവസരത്തിൽ ജിഷ കളിയാക്കി ചിരിച്ചു. ഇതിൽ പരിഭവം പറയാൻ ജിഷ ഒറ്റക്കുള്ളപ്പോൾ വീട്ടിലെത്തി. സംസാരത്തിനിടെ ഇവർ തമ്മിൽ വാക്കേറ്റമായി. തുടർന്ന് ജിഷ കാലിൽക്കിടന്ന ചെരുപ്പൂരി അടിച്ചു.അടികൊണ്ട് മടങ്ങിയ അമിറുൾ മദ്യപാനത്തിനിടെ കൂട്ടുകാരോട് വിവരം പറഞ്ഞു. അവർ കളിയാക്കി.തുടർന്ന് ജിഷയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട്് ആയുധവുമായി എത്തി. അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി.

ഇത്തരത്തിലൊരു സംഭവം കുളിക്കടവിൽ ഉണ്ടായതായി തങ്ങൾക്കറിവില്ലന്നാണ് പരിസരവാസികൾ മാധ്യമങ്ങളുമായി പങ്കിട്ടവിവരം. കുറ്റകൃത്തെത്തുടർന്ന് ചാർജ്ജ് ചെയ്യപ്പെടുന്ന കേസുകളിൽ തയ്യാറാക്കുന്ന അന്വേഷണ റിപ്പോർട്ടിൽ കൃത്യം ചെയ്യാൻ പ്രതിക്ക് പ്രേരണയായ കാര്യ-കാരണങ്ങളെക്കുറിച്ചുള്ള വിവരണം അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തണം.ഇത് കോടതിക്ക് സമർപ്പിക്കുകയാണ് അടുത്ത നടപടി.

ഇത്തരത്തിൽ ജിഷ കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ള അന്വേഷണ റിപ്പോർട്ടിൽ എന്തൊക്കെയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നുള്ളത് സംമ്പന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇനിയും പുറത്തുവന്നിട്ടില്ല.ഇതുവരെ് പറഞ്ഞ് കേട്ട കാരണം മാത്രമായിരിക്കില്ല ജിഷയുടെ കൊലക്ക് കാരണമെന്നും ഇത് സംമ്പന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കാതെ പോയതിനുപിന്നിൽ ബാഹ്യ ഇടപെടലുകളുണ്ടെന്നും നാട്ടുകാരിൽ ഒരു വിഭാഗം ആരോപിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തുടർഭരണം നഷ്ടപ്പെടാൻ ഇടയാക്കിയ ഘടകങ്ങളിൽ ഒന്ന് ജിഷ കൊലക്കേസ് ആണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ പറഞ്ഞുകേട്ടത്. ഈ കേസ് രാഷ്ട്രീയമായി കൂടുതൽ ഉലച്ചത് മുൻ പെരുമ്പാവൂർ എം എൽ എ സാജുപോളിനെയായിരുന്നു. എറണാകുളം ജില്ലയിലെ ഇടതു കോട്ടയായി അറിയപ്പെടുന്ന പെരുമ്പാവൂരിൽ സി.പി.എം സ്ഥാനാർത്ഥി സാജുപോളിന്റെ പതനത്തിന് വഴിയൊരുക്കിയതുകൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയാണെന്ന് വാദിക്കുന്ന പാർട്ടിപ്രവർത്തകരും നേതാക്കളും നിരവധിയാണ്.

ജിഷയുടെ കൊലപാതകത്തിനു ശേഷം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കഴിയുന്ന അമ്മ രാജേശ്വരിയെ കാണാനെത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനോട് സാജു പോളിനെക്കുറിച്ച് അതിരൂക്ഷമായിട്ടാണ് ജിഷുടെ മാതാവ് പ്രതികരിച്ചത്. തങ്ങളുടെ ദുസ്ഥിതി അറിയാമായിരുന്നിട്ടും സാജുപോൾ തിരിഞ്ഞ് നോക്കിയില്ലെന്നായിരുന്നു ഇവരുടെ പ്രധാന ആക്ഷേപം.തെരഞ്ഞെടുപ്പു കാലമായതിനാൽ ഇതിന് ഏറെ രാഷ്ട്രീയ പ്രാധാന്യം ലഭിക്കുകയും ചെയ്തു. മൂന്നുവട്ടം എംഎൽഎയായിരുന്ന സാജുപോളിന്റെ ഇത്തവണത്തെ പരാജയത്തിന്റെ കാരണങ്ങളിൽ മുഖ്യസ്ഥാനത്തുള്ളത് ഈ സംഭാഷണമാണ് എന്നതിൽ രണ്ടു പക്ഷമില്ല.

പെരുമ്പാവൂർ മർത്തോമ കോളേജിലാണ് ജിഷ ഡിഗ്രി പഠനം പൂർത്തിയാക്കിയത്.കോളേജിൽ യൂണിവേവ്സിറ്റിക്കുള്ള പരീക്ഷ ഫീസ് ജിഷ നൽകിയിരുന്നില്ലന്നും കോളേജ് അധികൃതർ ഇത് ആവശ്യപ്പെട്ടപ്പോൾ ജിഷ മാതാവിനെയും കൂട്ടി കോളേജിൽ എത്തിയെന്നുകോളേജ് അധികൃതർ ഫീസ് അടയ്ക്കണമെന്ന് ആവർത്തിച്ച ആവശ്യപ്പെട്ടപ്പോൾ 'എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാമെന്ന് ' പറഞ്ഞ് ഇവർ കലിതുള്ളി ഇറങ്ങിപ്പോകുകയായിരുന്നെന്നും പറയപ്പെടുന്നു. ഇതിന് ശേഷം ഇവർ നേരെ എത്തിയത് സാജുപോളിന്റെ അടുത്തായിരുന്നു.താൻ കോളേജിൽ വിളിച്ച് വേണ്ടത് ചെയ്യാമെന്ന് എം എൽ എ അറിയിച്ചെന്നും ഇതു പോരാ എം എൽ എ നേരിട്ടെത്തി സർട്ടിഫിക്കറ്റ് വാങ്ങി നൽകണമെന്ന് രാജേശ്വരി ശഠിച്ചെന്നും ഇതിന് കഴിയില്ലെന്ന് ഈയവസരത്തിൽ എം എൽ എ പ്രതികരിച്ചതാണ് ഇവരുടെ കോപത്തിന് കാരണമെന്നുമാണ് പറയപ്പെടുന്നത്.

ജിഷുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങിനൽകാൻ രാജേശ്വരി പറഞ്ഞപ്രകാരം താൻ കോളേജ് മായി ബന്ധപ്പെട്ടെന്ന് സാജുപൾ പിന്നീട് വ്യക്തമാക്കിയിരുന്നു. കേസിലെ പ്രതികളെ പിടികൂടാൻ വൈകിയതോടെ ഭരണവിരുദ്ധ വികാരം ശക്തമാവുകയും എൽ ഡി എഫിന് അനായാസം ഭരണം കൈപ്പിടിയിൽ എത്തുകയുമായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ തുടക്കത്തിൽ അവഗണിച്ച അരും കൊല സോഷ്യൽ മീഡിയയുടെ ഇടപെടലോടെയാണ് കോളിളക്കം സൃഷ്ടിക്കുന്ന വിധത്തിലേക്ക് മാറ്റിമറിക്കപ്പെട്ടത്. ജിഷയുടെ കൊലപാതകം ഡൽഹി നിർഭയ മോഡൽ കൊലപാതകമാണെന്ന വിധത്തിലാണ് ആദ്യം വിലയിരുത്തിയത്.വിഷയം സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്നതോടെയാണ് രാഷ്ട്രീയമായി പരിണമിച്ചത്. സ്ത്രീ സുരക്ഷയ്ക്ക നേരെയുള്ള വെല്ലുവിളിയെന്ന നിലയ്ക്കാണ് ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടത്. പൊലീസ് വിഷയം മൂടിവെക്കാൻ ശ്രമിച്ചതാണ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയത്. ജിഷ കൊല ചെയ്യപ്പെട്ട ഉടനെ കുറുപ്പുംപടി പൊലീസ് ആത്മഹത്യയെന്ന തരത്തിലാണ് മാധ്യമങ്ങൾക്ക് വിവരം നൽകിയത്.ഇതു കൂടാതെ മൃതദേഹം ദഹിപ്പിച്ചതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കി.

കേസ് ഒതുക്കാൻ വേണ്ടി പല കോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടായെങ്കിലും ജിഷയുടെ കൂട്ടുകാരികളുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് വിഷയം മാധ്യമശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. അതിക്രൂരമായ കൊലപാതകത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ സോഷ്യൽ മീഡിയ ആഞ്ഞടിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി നിന്ന കേരളത്തിൽ നടന്ന സംഭവം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും വിഷയം ഏറ്റു പിടിച്ചു. ഇതോടെ യുഡിഎഫ് പ്രതിരോധത്തിലായി മാറുകയും ചെയ്തു. ജിഷ വധക്കേസിലെ സുപ്രധാന സംഭവങ്ങളുടെ നാൾവഴികൾ ഇങ്ങനെയാണ് 2016 ഏപ്രിൽ 28: ജിഷ കൊല്ലപ്പെട്ട നിലയിൽ
കേരളത്തെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത് ഏപ്രിൽ 28 ന് രാത്രി എട്ട് മണിയോടെയാണ്. കുറുപ്പംപടി വട്ടോളിപ്പടിയിലെ വീടിനുള്ളിലാണ് ജിഷ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്.

കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നേ ദിവസം പൊലീസ് സ്ഥലത്തെത്തിയെങ്കിലും മാധ്യമങ്ങളോട് ആദ്യം പറഞ്ഞത് ആത്മഹത്യയെന്നാണ്. ഇതോടെ പിറ്റേദിവസം മാധ്യമങ്ങളിൽ വന്നത് യുവതി കൊല്ലപ്പെട്ടു എന്ന് മാത്രം.

2016 ഏപ്രിൽ 30: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം, ജിഷയുടെ മരണം മാധ്യമങ്ങളിൽ സജീവ ചർച്ചയായതോടെയാണ് വിഷയം രാഷ്ട്രീയ നേതാക്കൾ ഏറ്റെടുത്തത്. ഇതോടെ കേസ് അന്വേഷണത്തിന് പെരുമ്പാവൂർ ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയതായി ആരോപണം ഉയർന്നു. സമീപവാസികളുടെ മൊഴികൾ പ്രകാരം പൊലീസ് പ്രതിയുടേതെന്ന സംശയിക്കുന്ന ആളിന്റെ രേഖാചിത്രം താമസിയാതെ പുറത്ത് വിട്ടു.

2016 മെയ് 4: മൃതദേഹത്തിൽ 38 മുറിവുകളെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ജിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം നടന്നു എന്നും ശരീരത്തിൽ 38 മുറിവുകളുണ്ടായിരുന്നു എന്നും ക്രൂരമായി കൊലപ്പെടുത്തിയെന്നും റിപ്പോർട്ട് പറയുന്നു. ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു എന്നും റിപ്പോർട്ട്. ഇതോടെ കോളിളക്കം സൃഷ്ടിക്കുന്ന കേസായി ഇത് മാറി. കേസ് അന്വേഷിക്കുന്ന സംഘത്തിൽ നിന്ന് പെരുമ്പാവൂർ ഡിവൈ.എസ്‌പി അനിൽ കുമാറിനെ ഒഴിവാക്കി. പകരം ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്‌പി എ.ബി ജിജിമോന് ചുമതല നൽകി. രേഖാചിത്രത്തിലെ സാമ്യത്തിന്റെ പേരിൽ ജിഷയുടെ അയൽക്കാരനെ പൊലീസ് കണ്ണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

2016 മെയ് 8: ജിഷയുടെ സഹോദരിയുടെ സുഹൃത്തിലേക്ക് അന്വേഷണം. പ്രതി അന്യസംസ്ഥാന തൊഴിലാളിയെണെന്ന സൂചനകൾ ലഭിക്കുന്നു. മൃതദേഹത്തിലെ മുറിവുകൾ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കേസിലേതിന് സമാനമെന്ന കണ്ടെത്തൽ.അന്യ്സംസ്ഥാന നിർമ്മാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരിപ്പ് പൊലീസ് ജിഷയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തു. ഈ ചെരുപ്പാണ് പിന്നീട് കേസ് അന്വേഷണത്തിൽ നിർണ്ണായകമായി.

2016 മെയ് 10: കൊലയാളി പല്ലിന് വിടവുള്ളയാൾ. ജിഷയെ കൊലപ്പെടുത്തിയത് മുൻനിരയിലെ പല്ലിന് വിടവുള്ളയാളെന്ന നിർണായക വിവരം പുറത്ത് വന്നു. ജിഷയുടെ മൃതദേഹത്തിൽ കണ്ട മുറിവിൽനിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. മുൻനിരയിൽ മുകളിലും താഴെയുമുള്ള നാല് പല്ലുകളാണ് ജിഷയുടെ

2016 മെയ് 14: ജിഷ വധക്കേസിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് കൊലയാളിയുടെ ഡി.എൻ.എ വിവരങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളവരുടേതുമായി ഈ ഡി.എൻ.എ ചേരാത്തത് പൊലീസിന്റെ വഴി മുട്ടിച്ചു.

2016 മെയ് 16: ജിഷയുടെ ഘാതകരേത്തേടി പൊലീസ് ബംഗാളിലെ മൂർഷിദാബാദിലേക്ക് പോകുന്നു. കൊലപാതകം നടന്ന സ്ഥലത്തെ മെബൈൽ ഫോൺ രേഖകൾ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് ബംഗാളിലേക്ക് പോകുന്നത്. പ്രതി നിർമ്മാണ തൊഴിലാളിയാണെന്ന് പൊലീസ് ഉറപ്പിക്കുന്നു.

2016 മെയ് 19: കേസുമായ് ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു. ഡി.എൻ.എ പരിശോധന പരാജയപ്പെട്ടതോടെ പൊലീസ് വീണ്ടും ആശയക്കുഴപ്പത്തിൽ.

2016 മെയ് 28: നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിൽ എട്ടംഗം സംഘത്തെ ജിഷ വധക്കേസ് ഏൽപ്പിക്കുന്നു.

2016 മെയ് 31: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഡി.എൻ.എ പരിശോധനയിൽ കൂടുതൽ വ്യക്തത. ജിഷ കൊല്ലപ്പെട്ട മുറിയിൽ നിന്നും ലഭിച്ച ജിഷുടേതല്ലാത്ത രക്തക്കറയിലെ ഡി.എൻ.എയും വസ്ത്രത്തിൽനിന്ന് ലഭിച്ച ഉമിനീരിലെ ഡി.എൻ.എയും തമ്മിൽ ഘടനയിൽ സാമ്യമുണ്ടെന്നായിരുന്നു പരിശോധനാ ഫലം.

2016 ജൂൺ 2: ജിഷ കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ഏകദേശം 5 അടി 7 ഇഞ്ച് ഉയരവും വെളുത്ത നിറവും മെലിഞ്ഞ ശരീരവും ചീകാത്ത മുടിയുമുള്ള ആളുടെ രേഖാചിത്രമാണ് പുറത്തു വിട്ടത്. രണ്ടാമത്തെ രേഖാചിത്രവും പുറത്തുവന്നതോടെ സംശയം തോന്നുന്ന അന്യസംസ്ഥാനതൊഴിലാളികളെ നാട്ടുകാർ പിടികൂടി

2016 ജൂൺ 10: ജിഷ വധക്കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കൊല നടത്തിയ പ്രതി എന്ന് കരുതുന്ന ആളിന്റെ വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചു. ജിഷയ്ക്ക് തൊട്ടുപിന്നിലായി പ്രതിയെന്ന് കരുതുന്ന മഞ്ഞഷർട്ടിട്ട ഒരു യുവാവും നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജിഷയുടെ വീടിന് സമീപത്തെ വളം വിൽപന കേന്ദ്രത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

2016 ജൂൺ 13: ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് വീടിന് പരിസരത്തുള്ള അന്യ സംസ്ഥാനക്കാരെ പൊലീസ് ചോദ്യം ചെയ്തു. 25-ഓളം പേരെ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ജിഷയുടെ വീടിനു പരിസരത്ത്, സംഭവ ദിവസം ജോലി ചെയ്തിരുന്ന അന്യ സംസ്ഥാനക്കാരെയാണ് പരിശോധിച്ചത്. വീടിനടുത്ത സ്‌കൂളിലും ഈ ദിവസം നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ടായിരുന്നു. പ്രതിയേക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നു.

2016 ജൂൺ 14: വിവരങ്ങൾ പ്രകാരം പ്രതിയെ പാലക്കാട് തമിഴ്‌നാട് - കേരള അതിർത്തിയിൽ നിന്ന് പ്രത്യേക സംഘം അറസ്റ്റ് ചെയ്യുന്നു. അസം സ്വദേശിയായ അമിറുളിനെയാണ് പിടികൂടിയത്. അന്ന് തന്നെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയ്ക്കുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുന്നു.

2016 ജൂൺ16: പ്രതിയെ പിടികൂടിയ വിവരം പുറത്തുവരുന്നു. പത്തു മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതി പിടിയിലായ വിവരം ശരിവെക്കുന്നു. തൊട്ടുപിന്നാലെ ഡി.എൻ.എ. പരിശോധനാഫലം പുറത്തു വന്നു. ഇതിൽ പ്രതി അമിറുൾ ഇസ്ലാം തന്നെയാണെന്ന് സ്ഥിരീകരിച്ചു.

(പരമ്പര അവസാനിച്ചു)