പെരുമ്പാവൂർ: ജിഷാ കൊലക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുൾ ഇസ്ലാം നിരപരാധിയാവാമെന്ന് തുറന്നടിച്ച എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ അമ്പിളി ഓമനക്കുട്ടനെതിരെ ജിഷയുടെ അടുത്ത ബന്ധുക്കൾ. വിയ്യൂർ ജയിലിൽ പ്രതിയെ സന്ദർശിച്ച് സംസാരിച്ചപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരപരാധിയാകാമെന്ന അനുമാനത്തിൽ അമ്പിളി എത്തിയത്. അന്നും ഇന്നും ദുരൂഹത നിറഞ്ഞ കേസിൽ പുനരന്വേഷണം വേണമെന്നാണ് അമ്പിളി ഓമനക്കുട്ടൻ ആവശ്യപ്പെടുന്നത്. ജിഷാ കൊലക്കേസിന്റെ ആക്ഷൻ കൗൺസിൽ കൺവീനർ കൂടിയാണ് ഇവർ. എന്നാൽ, ഈ വെളിപ്പെടുത്തൽ നടത്തിയവരുടെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷണം നടത്തണമന്ന് ജിഷയുടെ അടുത്ത ബന്ധുക്കൾ ആവശ്യപ്പെട്ടു.

പൊലീസ് നല്ലരീതയിയിൽ അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്. ഇക്കാര്യത്തിൽ പാകപ്പിഴകൾ ഉണ്ടെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. അമിറുൾ ഇസ്ലാമിന് അർഹതപ്പെട്ട ശിക്ഷതന്നെയാണ് ലഭിച്ചിട്ടുള്ളതെന്നും ഈ കേസ്സിൽ ഇനിയൊരന്വേഷണം ആവശ്യമില്ലന്നാണ് തങ്ങളുടെ നിലപാടെന്നും അവർ വ്യക്തമാക്കി.

കേസ്സുകഴിഞ്ഞ് ഇത്രയും കാലമായിട്ടും പൊലീസ് അന്വേഷണത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി ആരും രംഗത്തുവന്നിട്ടില്ല. ഇപ്പോൾ ഈ കേസ്സിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽക്കഴിയുന്ന പ്രതിക്കുവേണ്ടി കണ്ണീരൊഴുക്കുന്നവരുടെ ഉദ്ദേശ്യം പൊലീസ് തന്നെ വിശദമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും ഇവർ ആരുടെയെങ്കിലും ബിനാമിയാണോ എന്ന അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

അമ്പിളി ഓമനക്കുട്ടൻ പറഞ്ഞത്

കഴിഞ്ഞ 7 നാണ് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അമീറുൾ ഇസ്ലാമിനെ നേരിൽ കാണാനായി അമ്പിളി പോയത്. അമീറുൾ ഇസ്ലാമാണ് പ്രതിയെന്ന് വിശ്വസിക്കുന്നില്ല എന്ന നാട്ടുകാരുടെ സംശയങ്ങളും കേസിലെ ചില കണ്ടെത്തലുകളുമാണ് സംശയത്തിനിടയാക്കിയത് എന്ന് അവർ പറയുന്നു. കൂടാതെ കൊല നടത്തി എന്ന് പറയുന്ന അമീറുൾ പൊലീസ് വിളിച്ചപ്പോഴൊക്കെ കൃത്യമായി പ്രതികരിച്ചു എന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായിട്ടുമുണ്ട് എന്നും കുറ്റം ചെയ്ത ഒരാൾ ഇത്ര ധൈര്യമായി പൊലീസിന് മുന്നിൽ എത്തില്ല എന്ന സംശയവും ചോദ്യചിഹ്നമായി മുന്നിലുണ്ടായിരുന്നതായും അവർ പറയുന്നു. തുടർന്നാണ് ജയിലിൽ പോയി കാണാൻ തീരുമാനിച്ചത്

ജയിലിൽ പോയി കണ്ടപ്പോൾ സംസാരിച്ചശേഷം ഫെയ്‌സ് ബുക്കിൽ അവർ കുറിച്ച കുറച്ചു കാര്യങ്ങൾ താഴെ പറയുന്നവയാണ്.

'വീയ്യൂർ സെൻട്രൽ ജയിലിന്റെ കനത്ത ഇരുമ്പു മറയ്ക്കപ്പുറം അവൻ ഇന്നലെ(07042021) എന്റെ മുൻപിൽ വന്നു നിന്നു. പെരുമ്പാവൂർ ജിഷല കൊലപാതക കേസിലെ വധശിക്ഷയ്ക്ക വിധിച്ച പ്രതി അമീറുൾ ഇസ്ലാം. ഈ കേസിനെ കുറിച്ചു പഠിക്കും തോറും കൂടുതൽ കൂടുതൽ സങ്കീർണതകളിലേയ്ക്ക് അതെന്നെ നയിച്ചിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് എന്നും ഈ കേസിന്റെ നാൾവഴികളിൽ ഞാൻ കണ്ടിട്ടുള്ളത്. അരമണിക്കൂറിലേറെ ഞങ്ങൾ സംസാരിച്ചു.

1. പ്രതി നന്നായി മലയാളം സംസാരിക്കുന്ന ഒരാൾ ആയിരുന്നിട്ടു കൂടി, അമീറിന് മലയാളം അറിയില്ലെന്നും ഒരു ദ്വിഭാഷിയുടെ സഹായം തേടിയെന്നും പൊലീസ് കള്ളം പറഞ്ഞു.

2. ജിഷ മരിച്ച ദിവസം മൂന്നു മണിക്ക് പ്രതി തന്റെ മാതാവിന്റെ ഓപ്പറേഷൻ ആയതിനാൽ ആറുമണിയുടെ ട്രെയിനിൽ ആസാമിൽ പോകുന്നതിനായി പെരുമ്പാവൂരിൽ നിന്ന് റെയിൽവേസ്റ്റേഷനിലേയ്ക്ക് പോയിരുന്നു. ജിഷ കൊല്ലപ്പെടുന്നത് വൈകുന്നേരം അഞ്ചരക്ക് ശേഷമാണ്.

3.അവിടെ ചെന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം പ്രതിയെ അപ്പോഴത്തെ പൊലീസ് മേധാവി സെൻകുമാർ വിളിച്ചു സംസാരിക്കുകയും പ്രതി തിരിച്ചു വന്നപ്പോൾ ആലുവ സ്റ്റേഷനിൽ ഹാജരാവുകയും തന്റെ പ്രൂഫ്, ട്രെയിൻ ടിക്കറ്റ് എന്നിവ അവിടെ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഇതേ കുറിച്ചൊന്നും രേഖയിൽ വന്നില്ല. ഇതിനെ അവർ നിഷേധിച്ചപ്പോൾ അന്നത്തെ സിസിടിവി നോക്കാൻ ആവശ്യപ്പെട്ടപ്പോൾ അന്നു മാത്രം അത് കേടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.

4. വീണ്ടും ജോലി കുറവായ പ്രതി രോഗിയായ അമ്മ, ഭാര്യ, കുഞ്ഞ് എന്നിവരെ സംരക്ഷിക്കേണ്ടതിനാൽ ജോലിക്കായി തമിഴ് നാട്ടിൽ പോകുന്നു. അവിടെ ജോലി ചെയ്തു വരവേ വീണ്ടും പൊലീസ് വിളിക്കുകയും അവന്റ ഒപ്പം റൂമിൽ ഉണ്ടായിരുന്ന ഒരാളെ കഞ്ചാവ് കേസിൽ പിടിച്ചിട്ടുണ്ടെന്നും അവനും അതിൽ പങ്കുണ്ടെന്നും പറയുന്നു, എന്നാൽ അവൻ അത് നിഷേധിക്കുന്നു. എന്നാൽ പൊലീസ് കഞ്ചാവ് കേസിന്റെ പേര് പറഞ്ഞു സോജനും മറ്റു പൊലീസുകാരും ചേർന്ന് കാഞ്ചിപുരത്ത് നിന്ന് അമീറിനെ അറസ്റ്റ് ചെയ്തു കൊണ്ട് വരുന്നു. ഇവിടെ എത്തുമ്പോഴാണ് പ്രതി ജിഷയുടെ കൊലപാതക കേസിനാണ് തന്നെ പിടിച്ചതെന്ന് മനസ്സിലാക്കുന്നത്.

5. അന്നും ഇന്നും അവൻ അല്ലാഹുവിനെ ആണയിട്ട് പറയുന്നു തനിക്ക് ഈ കാര്യത്തിൽ ഒരു പങ്കും ഇല്ലെന്ന്. പൊലീസ് കൊണ്ട് വന്ന അമീറിന്റെ ചെരുപ്പുകൾ ഒൻപതു ഇഞ്ചാണ്, എന്നാൽ അവന്റെ ചെരിപ്പിന്റെ അളവ് ഏഴ് ഇഞ്ചാണ്. പിന്നെ ജിഷയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ദന്തക്ഷതങ്ങൾ പല്ലിനു വിടവുള്ള ഒരാളുടേതാണ്, പക്ഷെ അവന്റെ പല്ലുകൾ ഏറ്റവും അടുത്തിരിക്കുന്നതാണ്.

6. ഞങ്ങൾ സംസാരിക്കുന്നതിനിടയ്ക്ക് അവൻ തന്റെ ഷർട്ട് പൊക്കി ചില കരുവാളിച്ച അടയാളങ്ങൾ കാണിച്ചു തന്നു. അതൊക്കെ സന്ധ്യ ഐ.പി.എസ് കുറ്റം സമ്മതിക്കാൻ പറഞ്ഞു ചെയ്തു കൂട്ടിയതാണെന്ന് അവൻ പറഞ്ഞു കരഞ്ഞു. ലാത്തിയുടെ അടിയുടെയും കുത്തിന്റെയും പാടുകൾ, ബൂട്ടിട്ട് ചവിട്ടിയ അടയാളങ്ങൾ. കൂടാതെ കറന്റ് അടിപ്പിച്ചു.

7. അന്നും ഇന്നും അമീറുൾ ആണ് പ്രതിയെന്ന് ഞാൻ വിശ്വസിച്ചിട്ടില്ല. അവനെ പെടുത്തിയത് തന്നെയാണ് എന്ന് എന്റെ വിശ്വാസം. കാരണം ഈ ക്രൂരകൃത്യം ചെയ്തവർക്കും അവരെ സംരക്ഷിക്കേണ്ട ഉന്നതർക്കും വേണ്ടി പൊലീസിലെ കാലുനക്കി ക്രിമിനലുകൾ ചേർന്ന് അതി വിദഗ്ദമായി ഒരുക്കിയ വാരിക്കുഴിയിൽ വീണു പോയ ഒരാളാണ് അമീറുൽ. അവനെ കാണുമ്പോൾ തന്നെ നമ്മുക്കത് ബോധ്യം ആവും. അവർക്ക് ജനങ്ങൾക്ക് കാണിച്ചു കൊടുക്കാൻ ഒരു പ്രതിയെ വേണമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത, ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിലെ ഒരാളെ അവർ ഇതിനായി തെരെഞ്ഞെടുത്തു, അവന്റെ കൈയിൽ ഉണ്ടായിരുന്ന മുഴുവൻ തെളിവുകളും നശിപ്പിച്ചു.

8. പിന്നെ ഡി.എൻ.എ ടെസ്റ്റിലോ, കോടതിയിലോ വിശ്വസിക്കേണ്ടതില്ല. അതൊക്കെ പണത്തിനും അധികാരത്തിനും മുൻപിൽ മാറിമറിയും. പാവപ്പെട്ട ഒരാളെ പ്രതിയാക്കാനുള്ള എല്ലാ തെളിവുകളും ഉണ്ടാക്കാനാണോ പ്രയാസം.? ജിഷയെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത അമീറുൽ എങ്ങനെ പ്രതിയായി?'

ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് അടിസ്ഥാനമാക്കി സോഷ്യൽ മീഡിയയിൽ കൊണ്ടു പിടിച്ച ചർച്ചയാണ് നടക്കുന്നത്. എന്നാൽ ഇവരുടെ വാദങ്ങൾ തെറ്റാണെന്നും പൊലീസ് അന്വേഷമം കൃത്യമായിരുന്നെന്നും വാദമുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അമീറുൾ ഇസ്ലാമിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. അമ്പിളി ഓമനക്കുട്ടൻ കെട്ടിച്ചമച്ച കഥകളുമായെത്തി ആരുടെയോ നിർദ്ദേശ പ്രകാരം പ്രതിയെ രക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് എന്നും വിമർശനമുണ്ട്.