തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നിർഭയ മോഡൽ കൊലപാതകമായിരുന്നു ജിഷ കേസ്. തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയമായും ഉപയോഗിക്കപ്പെട്ട കേസിൽ പ്രതി അമീറുൾ ഇസ്ലാമിന് വധശിക്ഷ ലഭിച്ചത് പൊലീസിലും നിയമസംവിധാനത്തിലും വിശ്വാസ്യത വർദ്ധിപ്പിക്കുന്നതാണ്. എറണാകുളം ജില്ലയിലെ ഇടതു കോട്ടയായി അറിയപ്പെടുന്ന പെരുമ്പാവൂരിൽ സിപിഎം സ്ഥാനാർത്ഥി തോറ്റതും മുൻ ഡിജിപി സെൻകുമാറിന്റെ തൊപ്പി തെറിച്ചതും ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു. യുഡിഎഫ് കൺവീനർക്ക് മേൽ ജിഷയുടെ പിതൃത്വ ആരോപണം കൂടി വന്നതോടെയാണ് കേസ് പല വ്യാഖ്യാനങ്ങളിലേക്കും പോയി. ഒടുവിൽ കൊലപാതകം നടന്ന 50ാം ദിവസം പ്രതി അമീറുൽ ഇസ്ലാം പിടിയിലായി. ഒന്നര വർഷത്തിന് ശേഷം കുറ്റവാളിക്ക് വധശിക്ഷ ലഭിക്കുകയും ചെയത്ു.

മുഖ്യധാരാ മാധ്യമങ്ങളിൽ തുടക്കത്തിൽ അവഗണിച്ച കൊലപാതകം സോഷ്യൽ മീഡിയയുടെ ഇടപെടലോടെയാണ് മാധ്യമ ശ്രദ്ധ നേടിയതും കോളിളക്കം സൃഷ്ടിക്കുന്ന വിധത്തിലേക്ക് മാറ്റിയതും. ജിഷയുടെ കൊലപാതകം ഡൽഹി മോഡൽ കൊലപാതകമാണെന്ന വിധത്തിലാണ് ആദ്യം വിലയിരുത്തിയത്. വിഷയം സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്നതോടെയാണ് രാഷ്ട്രീയ വിഷയമായി മാറിയതും. സ്ത്രീ സുരക്ഷയെന്ന വിധത്തിലാണ് ഈ വിഷയം ശ്രദ്ധിക്കപ്പെട്ടത്. പൊലീസ് വിഷയം മൂടിവെക്കാൻ ശ്രമിച്ചതാണ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയത്. ജിഷ കൊല ചെയ്യപ്പെട്ട ഉടനെ കുറുപ്പുംപടി എസ്ഐ ആത്മഹത്യയാണെന്നാണ് പറഞ്ഞത്. ഇതു കൂടാതെ മൃതദേഹം ദഹിപ്പിച്ചതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കി.

കേസ് ഒതുക്കാൻ വേണ്ടി പല കോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടായെങ്കിലും ജിഷയുടെ കൂട്ടുകാരികളുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് വിഷയം മാധ്യമശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. അതിക്രൂരമായ കൊലപാതകത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ സോഷ്യൽ മീഡിയ ആഞ്ഞടിക്കുകയായിരുന്നു. ഇതിന് ഉപോൽഭലകമായത് ജിഷയുടെ കൂട്ടുകാരികളുടെ ഫേസ്‌ബുക്ക് പോസ്റ്റായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി നിന്ന കേരളത്തിൽ നടന്ന സംഭവം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും വിഷയം ഏറ്റു പിടിച്ചു. ഇതോടെ യുഡിഎഫ് പ്രതിരോധത്തിലായി മാറുകയും ചെയ്തു. ഇതിനിടെ കേസിൽ പി പി തങ്കച്ചനെതിരെ ആരോപണം ഉന്നയിച്ച് പൊതുപ്രവർത്തകൻ ജോമോൻ പു്ത്തൻപുരയ്ക്കൽ എത്തിയതും വിവാദങ്ങൾക്ക് ഇടയാക്കി.

കേസ് നടപടികളിലെ അലംഭാവം,തെളിവ് നശിപ്പിക്കൽ,കുറ്റവാളിക്ക് രക്ഷപെടാൻ അവസരമരുക്കി തുടങ്ങി നിരവധി ആക്ഷേപങ്ങൾ ഈ കേസുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉയർന്നിരുന്നു.എൽ ഡി എഫ് അധികാരത്തിലെത്തി ഏറെ താമസിയാതെ ആദ്യ അന്വേഷണ സംഘത്തിലെ ഡി വൈ എസ് പി ഉൾപ്പെടെ ഉള്ളവരെ മറ്റിടങ്ങളിലേക്ക് പറിച്ചു നട്ടു. ഇത് സാധാരണ നടപടി മാത്രമെന്ന് പൊലീസ് വിശദീകരണമുണ്ടായെങ്കിലും ഇക്കൂട്ടരുടെ വീഴ്ചകളുടെ പേരിൽ ഉണ്ടായ വകുപ്പ് തലനടപടിയായിരുന്നു ഇതെന്നായിരുന്നു പൊതുവെ വ്യാഖ്യാനിക്കപ്പെട്ടത്. സംഭവസ്ഥലത്ത് റിബൺ കെട്ടിയില്ല, എഫ് ഐ ആർ ഓൺലൈനിൽ തയ്യാറാക്കിയില്ല തുടങ്ങിയവയായിരുന്നു പ്രധാനമായും എസ് ഐ സോണി മത്തായിക്കെതിരെ നടപടിക്ക് പറഞ്ഞുകേട്ട കാരണങ്ങൾ. പൊലീസ് റിബൺ ലഭ്യമല്ലാത്ത സാഹചര്യത്തിൽ രാത്രി അയൽവീട്ടിൽ നിന്നും തപ്പിപ്പിടിച്ച് കൊണ്ടുവന്ന കയർ സംഭവം നടന്ന വീടിന്റെ പ്രവേശന കവാടത്തിൽ തങ്ങൾ വലിച്ചുകെട്ടിയിരുന്നെന്ന എസ് ഐ യുടെയും കൂട്ടരുടെയും വാദം വിലപ്പോയില്ല.

'റിബണാവില്ലല്ലോ കയർ' എന്ന വാദഗതിപരക്കെ ഉയർന്നപ്പോൾ ഉന്നതരും ഇതിനേ അനകൂലിക്കുകയായിരുന്നു. നെറ്റ് തകരാറിലായ സാഹചര്യത്തിൽ ഓഫ്‌ളൈനിൽ എഫ് ഐ ആർ തയ്യാറാക്കാൻ ശ്രമിച്ചെന്നും ഇത് പരാജയപ്പെട്ടുകയായിരുന്നെന്നുമാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവരുടെ വിശദീകരണം. കുഴപ്പക്കാരെന്ന് പഴികേട്ട ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കണ്ടെടുത്ത തെളിവുകൾക്ക് പിന്നാലെ സഞ്ചരിച്ചാണ് പ്രത്യേക അന്വേഷക സംഘം പ്രതിയെ കണ്ടെത്തിയതെന്ന സത്യം സേനക്കുള്ളിൽ പരസ്യമായ രഹസ്യമായിക്കഴിഞ്ഞു. ഇതിന്റെ ക്രഡിറ്റ് ഏ ഡി ജി പി സന്ധ്യയുടെ പേരിലായി എന്നുമാത്രം.

സംഭവം നടക്കുമ്പോൾ കുറുപ്പംപടി സി ഐ ആയിരുന്ന എൻ രാജേഷ്, എസ് ഐ ആയിരുന്ന സോണി മത്തായി എന്നിവർ കണ്ടെത്തിയ തെളിവുകൾക്കപ്പുറം എന്തെങ്കിലും കണ്ടെത്താൻ സന്ധ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്വേഷണ സംഘത്തിനും സാധിച്ചില്ല എന്നാണ് ഇതുവരെ പുറത്ത് വന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്. ഒരു ജോഡി ചെരുപ്പ്, കത്തിയിലും മുറിയിലെ കതകിന്റെ ബോൾട്ടിലും കണ്ട രക്തക്കറ,കൊല്ലപ്പെട്ട ജിഷയുടേതല്ലാത്ത തലമുടി ,വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരുന്ന ഉമിനീർ. ജിഷയുടെ നഖങ്ങൾക്കിടിൽ നിന്നും ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങൾ എന്നിവയാണ് ആദ്യ ആന്വേഷക സംഘത്തിന് ലഭിച്ച തെളിവുകൾ. ഇവയിൽ നിന്നും ലഭിച്ച ഡി എൻ എ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമിറുൾ ഇസ്ലാം തന്നെയെന്ന പൊലീസ് സ്ഥരീകരിച്ചത്.

കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നേ ദിവസം പൊലീസ് സ്ഥലത്തെത്തിയെങ്കിലും മാധ്യമങ്ങളോട് ആദ്യം പറഞ്ഞത് ആത്മഹത്യയെന്നാണ്. ഇതോടെ പിറ്റേദിവസം മാധ്യമങ്ങളിൽ വന്നത് യുവതി കൊല്ലപ്പെട്ടു എന്ന് മാത്രം. പിന്നീട് ചിത്രം മാറി. കേരളം ചർച്ച ചെയ്യുന്ന രാഷ്ട്രീയ കൊലപാതകമായി ഇത് മാറി

ജിഷ വധക്കേസിലെ സുപ്രധാന സംഭവങ്ങളുടെ നാൾവഴികൾ ഇങ്ങനെയാണ്

2016 ഏപ്രിൽ 28: ജിഷ കൊല്ലപ്പെട്ട നിലയിൽ

കേരളത്തെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത് ഏപ്രിൽ 28ന് രാത്രി എട്ട് മണിയോടെയാണ്. പെരുമ്പാവൂരിലെ വീടിനുള്ളിലാണ് ജിഷ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നേ ദിവസം പൊലീസ് സ്ഥലത്തെത്തിയെങ്കിസലും മാധ്യമങ്ങളോട് ആദ്യം പറഞ്ഞത് ആത്മഹത്യയെന്നാണ്. ഇതോടെ പിറ്റേദിവസം മാധ്യമങ്ങളിൽ വന്നത് യുവതി കൊല്ലപ്പെട്ടു എന്ന് മാത്രം.

2016 ഏപ്രിൽ 30: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

ജിഷയുടെ മരണം മാധ്യമങ്ങളിൽ സജീവ ചർച്ചയായതോടെയാണ് വിഷയം രാഷ്ട്രീയ നേതാക്കളും ഏറ്റെടുത്തത്. ഇതോടെ കേസ് അന്വേഷണത്തിന് പെരുമ്പാവൂർ ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയതായി ആരോപണം. സമീപവാസികളുടെ മൊഴികൾ പ്രകാരം പൊലീസ് പ്രതിയുടേതെന്ന സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പുറത്ത് വിടുന്നു.

2016 മെയ് 4: മൃതദേഹത്തിൽ 38 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ജിഷയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം നടന്നു എന്നും ശരീരത്തിൽ 38 മുറിവുകളുണ്ടായിരുന്നു എന്നും ക്രൂരമായി കൊലപ്പെടുത്തിയെന്നും റിപ്പോർട്ട് പറയുന്നു. ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു എന്നും റിപ്പോർട്ട്. ഇതോടെ കോളിളക്കം സൃഷ്ടിക്കുന്ന കേസായി ഇത് മാറി. കേസ് അന്വേഷിക്കുന്ന സംഘത്തിൽ നിന്ന് പെരുമ്പാവൂർ ഡിവൈ.എസ്‌പി അനിൽ കുമാറിനെ ഒഴിവാക്കി. പകരം ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈ.എസ്‌പി എ.ബി ജിജിമോന് ചുമതല നൽകി. രേഖാചിത്രത്തിലെ സാമ്യത്തിന്റെ പേരിൽ ജിഷയുടെ അയൽക്കാരനെ പൊലീസ് കണ്ണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

2016 മെയ് 8: ജിഷയുടെ സഹോദരിയുടെ സുഹൃത്തിലേക്ക് അന്വേഷണം

ജിഷയുടെ സഹോദരിയുടെ സുഹൃത്തിനേ ചുറ്റിപ്പറ്റി അന്വേഷണം. കൊലപാതകി ഇതരസംസ്ഥാന തൊഴിലാളിയെണെന്ന സൂചനകൾ ലഭിക്കുന്നു. മൃതദേഹത്തിലെ മുറിവുകൾ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കേസിലേതിന് സമാനം. നിർമ്മാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരിപ്പ് പൊലീസ് ജിഷയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തുന്നു. ഈ ചെരുപ്പാണ് പിന്നീട് കേസ് അന്വേഷണത്തിൽ നിർണ്ണായകമായത്.

2016 മെയ് 10: കൊലയാളി പല്ലിന് വിടവുള്ളയാൾ

ജിഷയെ കൊലപ്പെടുത്തിയത് മുൻനിരയിലെ പല്ലിന് വിടവുള്ളയാളെന്ന നിർണായക വിവരം പുറത്ത് വന്നു. ജിഷയുടെ മൃതദേഹത്തിൽകണ്ട മുറിവിൽനിന്നാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. മുൻനിരയിൽ മുകളിലും താഴെയുമുള്ള നാല് പല്ലുകളാണ് ജിഷയുടെ മൃതദേഹത്തിൽ പതിഞ്ഞിട്ടുള്ളത്.

2016 മെയ് 14: ജിഷ വധക്കേസിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് കൊലയാളിയുടെ ഡി.എൻ.എ വിവരങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളവരുടേതുമായി ഈ ഡി.എൻ.എ ചേരാത്തത് പൊലീസിന്റെ വഴി മുട്ടിച്ചു.

2016 മെയ് 16: ജിഷയുടെ ഘാതകരേത്തേടി പൊലീസ് ബംഗാളിലെ മൂർഷിദാബാദിലേക്ക് പോകുന്നു. കൊലപാതകം നടന്ന സ്ഥലത്തെ മെബൈൽ ഫോൺ രേഖകൾ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് ബംഗാളിലേക്ക് പോകുന്നത്. പ്രതി നിർമ്മാണ തൊഴിലാളിയാണെന്ന് പൊലീസ് ഉറപ്പിക്കുന്നു.

2016 മെയ് 19: കേസുമായ് ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു. ഡി.എൻ.എ പരിശോധന പരാജയപ്പെട്ടതോടെ പൊലീസ് വീണ്ടും ആശയക്കുഴപ്പത്തിൽ.

2016 മെയ് 28: നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിൽ എട്ടംഗം സംഘത്തെ ജിഷ വധക്കേസ് ഏൽപ്പിക്കുന്നു.

2016 മെയ് 31: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഡി.എൻ.എ പരിശോധനയിൽ കൂടുതൽ വ്യക്തത. ജിഷയുടെ കൈവിരലിൽനിന്ന് ലഭിച്ച രക്തക്കറയിലെ ഡി.എൻ.എയും വസ്ത്രത്തിൽനിന്ന് ലഭിച്ച ഉമിനീരിലെ ഡി.എൻ.എയും തമ്മിൽ ഘടനയിൽ സാമ്യമുണ്ടെന്നാണ് പരിശോധനാ ഫലം.

2016 ജൂൺ 2: ജിഷ കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ഏകദേശം 5 അടി 7 ഇഞ്ച് ഉയരവും വെളുത്ത നിറവും മെലിഞ്ഞ ശരീരവും ചീകാത്ത മുടിയുമുള്ള ആളുടെ രേഖാചിത്രമാണ് പുറത്തു വിട്ടത്. രണ്ടാമത്തെ രേഖാചിത്രവും പുറത്തുവന്നതോടെ സംശയം തോന്നുന്ന ഇതരസംസ്ഥാനതൊഴിലാളികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുന്ന പ്രവണത വർധിക്കുന്നു.

2016 ജൂൺ 10: ജിഷ വധക്കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കൊല നടത്തിയ പ്രതി എന്ന് കരുതുന്ന ആളിന്റെ വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചു. ജിഷയ്ക്ക് തൊട്ടുപിന്നിലായി പ്രതിയെന്ന് കരുതുന്ന മഞ്ഞഷർട്ടിട്ട ഒരു യുവാവും നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജിഷയുടെ വീടിന് സമീപത്തെ വളം വിൽപന കേന്ദ്രത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങളുള്ളത്.

2016 ജൂൺ 13: ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് വീടിന് പരിസരത്തുള്ള അന്യ സംസ്ഥാനക്കാരെ പൊലീസ് ചോദ്യം ചെയ്തു. 25-ഓളം പേരെ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ജിഷയുടെ വീടിനു പരിസരത്ത്, സംഭവ ദിവസം ജോലി ചെയ്തിരുന്ന അന്യ സംസ്ഥാനക്കാരെയാണ് പരിശോധിച്ചത്. വീടിനടുത്ത സ്‌കൂളിലും ഈ ദിവസം നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ടായിരുന്നു. പ്രതിയേക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നു.

2016 ജൂൺ 14: വിവരങ്ങൾ പ്രകാരം പ്രതിയെ പാലക്കാട് തമിഴ്‌നാട് - കേരള അതിർത്തിയിൽ നിന്ന് പ്രത്യേക സംഘം അറസ്റ്റ് ചെയ്യുന്നു. അസം സ്വദേശിയായ അമിയൂറിനെയാണ് പിടികൂടിയത്. അന്ന് തന്നെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയ്ക്കുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുന്നു.

2016 ജൂൺ16: പ്രതിയെ പിടികൂടിയ വിവരം പുറത്തുവരുന്നു. പത്തു മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതി പിടിയിലായ വിവരം ശരിവെക്കുന്നു. തൊട്ടുപിന്നാലെ ഡി.എൻ.എ. പരിശോധനാഫലം പുറത്തു വന്നു. ഇതിൽ പ്രതി അമിറൂൾ ഇസ്ലാം തന്നെയാണെന്നു സ്ഥിരീകരിച്ചു.

2016 സെപ്റ്റംബർ 16: കുറ്റപത്രം സമർപ്പിച്ചു.

2017 മാർച്ച് 13: ജിഷ വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി.

2017 ഡിസംബർ 12: പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നു

2017 ഡിസംബർ 14: ജിഷയുടെ ഘാതകൻ അമീറുൽ ഇസ്ലാമിനെ വധശിക്ഷക്ക് വിധിക്കുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി.